പെരുമ്പാവൂർ: മാർത്തോമ ചെറിയ പള്ളിയിൽ താൻ വികാരിയായി എത്തിയാലും 1934ലെ ഭരണഘടന പ്രകാരം പള്ളി ഭരിക്കുക ഇടവകക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയായിരിക്കുമെന്ന് തോമസ്സ് പോൾ റമ്പാൻ. ആരാധന ചടങ്ങുകളിലൊഴികെ ഭൗതികമായ കാര്യങ്ങളിൽ വികാരിക്ക് ഇടപെടേണ്ട ആവശ്യമില്ലന്നും സഭാനേതൃത്വം അവിഹിതമായി എന്തെങ്കിലും ചെയ്യാനാവശ്യപ്പെട്ടാലും താൻ അതിന് വശംവദനാവുന്ന സാഹചര്യം ഉണ്ടാവില്ലെന്നും റമ്പാൻ പറഞ്ഞു.

'ഞാൻ ചെറിയ പള്ളിയിൽ വികാരിയായി എത്തിയാലും വിശ്വാസ-ആചാരങ്ങളിൽ ഒരുമാറ്റവും ഉണ്ടാവുന്നില്ല. കുർബ്ബാനയിലും കൂദാശകളിലും എല്ലാം മലങ്കരസഭയിൽ ഒറ്റ രീതിമാത്രമാണുള്ളത്. പള്ളി പിടിച്ചെടുക്കാനാണ് എന്റെ ശ്രമം എന്നത് വ്യാജ പ്രചാരണമാണ്. 10000 ഇടവക വിശ്വാസികൾ ഉണ്ടെന്നാണ് പള്ളിയുടെ ഇപ്പോഴത്തെ ഭരണകർത്താക്കൾ പ്രചരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഞാൻ അവിടെ എത്തിയപ്പോൾ ഇടവക വിശ്വാസികളുടെ എണ്ണം അഞ്ഞൂറോളമേ ഉണ്ടായിരുന്നുള്ളു. വിശ്വാസികളുടെ എണ്ണംകൂട്ടാൻ പള്ളിയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പള്ളിയിലേയ്ക്ക് വാഹനങ്ങളിൽ എത്തിച്ചിട്ടുപോലും ഇന്നലെ ആയിരത്തിൽ താഴെ ആളുകളെ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്', റമ്പാൻ പറഞ്ഞു.

കോതമംഗലം ചെറിയ പള്ളി പ്രവേശന വിഷയത്തിൽ മറുനാടന് നൽകിയ അഭിമുഖത്തിലാണ് തോമസ്സ് പോൾ റമ്പാൻ നിലപാട് വ്യക്തമാക്കിയത്. അനുകൂല കോടതി ഉത്തരവ് നടപ്പിലാക്കാൻ പൊലീസിന് താൽപര്യമില്ലെന്ന് വ്യക്തമായെന്നും വിലക്കുള്ളവർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനും കുർബ്ബാന നടത്തുന്നതിനും പൊലീസ് ഒത്താശചെയ്യുകയാണെന്നും റമ്പാൻ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ ക്രമസമാധാന നില തകർക്കാൻ ആവില്ലെന്നും വളരെ വർഷങ്ങളായി തുടരുന്ന ആചാര -അനുഷ്ടാനമാണ് പള്ളിയിലുള്ളതെന്നും, വിശ്വാസികളെ വിവരങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ സമയം വേണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്.

ഇന്നലെ വളരെ വൈകി പൊലീസ് ബന്ധപ്പെട്ടു. വന്നാൽ പള്ളിയിൽ പ്രവേശിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമോ എന്നുചോദിച്ചപ്പോൾ നേരത്തെ വന്ന പോലെ ചെയ്യാമെന്നായിരുന്നു പൊലീസ് പ്രതികരിച്ചത്. അതിനർത്ഥം കോടതി വിധി നടപ്പാക്കാൻ അവർക്ക് താൽപര്യമില്ലന്നുതന്നെയല്ലേ ..റമ്പാൻ ചോദിച്ചു. കോതമംഗലം സംഘർഷഭൂമിയാക്കാൻ ശ്രമിക്കുന്നത് ഞാനല്ല. കോടതിവിധി നടപ്പാക്കാൻ അനുവദിക്കാതെ രാജ്യത്തെ നിയമത്തെ വെല്ലുവിളിച്ച് പള്ളി ഭരിക്കുന്നതിന് നേതൃത്വം നൽകുന്ന ചുരുക്കം ചിലരാണ്. അവരുടെ ലക്ഷ്യം സാധിച്ചെടുക്കാൻ വിശ്വാസികളെ ഉപയോഗി്ക്കുകയാണ്.

പള്ളിയിലെത്തിയത് മുഴവൻ യാക്കോബായ വിശ്വാസികളാണെന്ന് കരുതുന്നില്ല. നിയമവ്യവസ്ഥ നിലൽക്കണമെന്നും നിലവിലെ വിശ്വാസ-ആചാരങ്ങൾ സംരക്ഷി്ക്കപ്പെടണമെന്നും താൽപര്യപ്പെടുന്നവരാണ് അവിടെയെത്തിയവരിൽ ഭൂരിപക്ഷവും. അക്കാര്യം എനിക്കുറപ്പുണ്ട്. ഞാൻ സഭ മാറിയെന്നും പള്ളിപിടിച്ചെടുക്കാനാണ് എത്തുന്നതെന്നുമൊക്കെയാണ് ചിലർ പറഞ്ഞുപരത്തുന്നത്. 1995-ൽ കോടതി പറഞ്ഞത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭമാത്രമേ ഉള്ളു എന്നാണ്. അന്നും ഇന്നും ഞാൻ ഈ സഭയുടെ ഭാഗമാണ്. എനിക്ക് ശെമ്മാശൻ പട്ടവും അച്ചൻ പട്ടവും സമ്മാനിച്ച അന്നത്തെ മലങ്കര ഭദ്രാസനാധിപൻ ആയിരുന്ന സേവേറിയോസ് തിരുമേനിയാണ് നിലപാട് മാറ്റി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. വിധി നടപ്പിലാക്കേണ്ടെന്ന് നീതിപീഠം നിർദ്ദേശിക്കുന്നതുവരെ അതുനടപ്പിലാക്കി കിട്ടാൻ ശക്തമായി രംഗത്തുണ്ടാവും. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ സുപ്രധാന നീക്കം ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്നലെ സന്ധ്യാപ്രാർത്ഥനയ്ക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. വിവരം പുറത്തുവന്നതുമുതൽ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കവുമായി യാക്കോബായ വിഭാഗം സജീവമായി രംഗത്തെത്തി. മാർത്തോമ ചെറിയപള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്‌സ് വിഭാഗം റമ്പാൻ തോമസ് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ഞായറാഴ്ച അനുകൂല കോടതി വിധിയുമായി എത്തിയിരുന്നു. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയത്.

എന്നാൽ ക്രമസാധാനനില തകർത്ത് പള്ളിയിൽ പ്രവേശിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നുള്ള മൂവാറ്റുപുഴ ഡി വൈ എസ് പി കെ ബിജുമോന്റെ ശക്തമായ നിലപാടിനെത്തുടർന്ന് തോമസ്‌പോൾ റമ്പാൻ ഉൾപ്പെടെയുള്ളവർക്ക് മടങ്ങിപ്പോകേണ്ടിവന്നു. തുടർന്നാണ് ശനിയാഴ്ച പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് റമ്പാൻ പൊലീസിനെ സമീപിച്ചത്. സ്ഥാപിതമായ കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നിലനിൽക്കുന്നതാണെന്നും ഇത് തകർക്കാൻ ആരെയും അനുവദിക്കില്ലന്നുമാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ ഉറച്ച നിലപാട്.

വർഷങ്ങൾ മുമ്പ് സഭയിൽ കലഹം ഉണ്ടാക്കി ഓർത്തഡോക്‌സ് വിഭാഗത്തിൽ ചേർന്ന പതിനാല് വീട്ടുകാർക്ക് മാത്രമായി ചെറിയപള്ളി വിട്ടുനൽകിക്കൊണ്ടുള്ള വിധി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കുന്നത്. നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഇടവകയിൽ നിന്ന് വിഘടിച്ച് പോയവരെ മുൻ നിർത്തിയുള്ള നീക്കമെന്നും വിശ്വാസികൾ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിധി വന്നപ്പോൾ തന്നെ കോതമംഗലത്തെ ജനപ്രതിനിധികളും, വിവിധ സാമുദായിക രാഷ്ട്രീയ- കക്ഷി നേതാക്കളും ചെറിയ പള്ളിയിലെത്തി നിലവിലെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു.