തിരുവനന്തപുരം: കേരള ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനം രാജിവെക്കാതെ കടുംപിടുത്തം തുടരുന്ന ലക്ഷ്മി നായർക്കും അക്കാദമിക്കും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമോ? കേരളാ ലോ അക്കാദമിയിലെ വിവാദ ഭൂവിനിയോഗം സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റവന്യു സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. ലോ അക്കാദമിയിലെ ഭൂമി സർക്കാർ ഭൂമിയാണോ എന്നാണ് പരിശോധിക്കുക.

ലോ അക്കാഡമി സമരം വിദ്യാർത്ഥികളുടെ പ്രശ്‌നം മാത്രമല്ല, പൊതു പ്രശ്‌നം കൂടിയാണെന്ന് വി എസ് പറഞ്ഞിരുന്നു. ലോ അക്കാഡമിയിലെ ഭൂമിയുടെ പ്രശ്‌നം സംബന്ധിച്ച് വി എസ് ആവർത്തിച്ച് പറഞ്ഞപ്പോൾ ഇത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയില്ല എന്ന് റവന്യൂ മന്ത്രി പറയുകയും പിന്നാലെ വി എസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകുകയുമായിരുന്നു. സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി പിന്നീട് പതിച്ച് നൽകിയത് സംബന്ധിച്ചും അക്കാദമിക ഇതര ആവശ്യങ്ങൾക്ക് ഭൂമി ദുരുപയോഗം ചെയ്തത് സംബന്ധിച്ചുമുള്ള കാര്യങ്ങൾ പരിശോധിക്കും.

വിദ്യാഭ്യാസ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് കത്തിൽ വി എസ് ആവശ്യപ്പെട്ടിരുന്നത്. സർക്കാർ നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് ഫ്ളാറ്റുണ്ടാക്കി വിൽക്കുന്നത് ശരിയാണോയെന്നും വി എസ് കത്തിൽ ചോദിച്ചിരുന്നു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം വരും. അതിനിടെ, ലോ അക്കാദമി കാമ്പസിൽ പ്രവർത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. പല കെട്ടിടങ്ങളുടെയും രേഖകൾ കോർപ്പറേഷന്റെ കൈവശമില്ലെന്നും കോർപ്പറേഷൻ നടത്തിയ അദാലത്തിൽ കണ്ടെത്തിയിരുന്നു.

വിദ്യാഭ്യാസേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതിലൂടെ വി എസ് ലക്ഷ്യമിട്ടത് പ്രധാനമായും രണ്ട് കാര്യങ്ങളെയാണ്. ഒന്ന് ഇവിടെ വീട് വച്ചു താമസിക്കുന്ന കോലിയക്കോട് കൃഷ്ണൻ നായരെയും രണ്ടാമാതായി ഫ്‌ലാറ്റ് നിർമ്മിക്കുന്നതിനെയും. വിഎസിനെ സംസ്ഥാന സമിതിയിൽ അംഗമാക്കാനുള്ള കേന്ദ്രനിർദ്ദേശത്തെ എതിർത്തവരിൽ പ്രധാനിയായിരുന്നു പിണറായി വിജയന്റെ വിശ്വസ്തനായ കോലിയക്കോട് കൃഷണൻ നായർ. ലോ അക്കാദമി ഡയറക്ടർ നാരായണൻ നായരുടെ സഹോദരനാണ് ഇദ്ദേഹം.

ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമി പാട്ടത്തിനായിരുന്നു. 1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാൻ തന്നെയാ്ണ് വിഎസിന്റെ നീക്കം. സംസ്ഥാന സമിതിയിൽ തനിക്കെതിരെ ശബ്ദമുയർത്തിയ കോലിയക്കോടിനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ഉറപ്പിച്ചു തന്നെയാണ് വിഎസിന്റെ നീക്കവും.

പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നിട്ടും കോലിയക്കോട് സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വി എസ് ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിക്കുകയാണ് വി എസ്. തനിക്ക് ലഭിച്ച ഏറ്റവും നല്ല അവസരം ഇതാണെന്ന തിരിച്ചറിവിൽ കൂടിയാണ് വിഎസിന്റെ നീക്കങ്ങൾ.

അനധികൃതമായി മാനേജ്‌മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും വി എസ് നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നത്. കോളേജ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുക. ആവശ്യത്തിന് മാത്രം ഭൂമിയിൽ കോളേജ് പ്രവർത്തിക്കട്ടേ എന്നാണ് വി എസ് വ്യക്തമാക്കിയത്. ഇതിനുള്ള തുറന്ന പോരിലേക്കാണ് വി എസ് ഇനി പോകുന്നത്. റവന്യൂ മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ വിജിലൻസിലും പരാതി നൽകാൻ വി എസ് ഉദ്ദേശിക്കുന്നുണ്ട്.