ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം ഉണ്ടായ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ടാക്‌സി ഡ്രൈവറുടെ നേതൃത്വത്തിലാണ് നാലംഗസംഘം യുവതിയെ ബലാത്സംഗം ചെയ്തത്. ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. ഗ്രീൻപാർക്കിൽ നിന്നാണ് യുവതിക്ക് ലിഫ്റ്റ് നൽകി വാഹനത്തിൽ കയറ്റുന്നത്.

ഡെറാഡൂൺ സ്വദേശിനി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ വാഹനത്തിന് കൈാണിച്ചു. മറ്റുരണ്ടുപേർകൂടി ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും മൊഹാലിയിൽ ഇറക്കാമെന്ന ഡ്രൈവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹനത്തിൽ കയറുകയായിരുന്നു. ഇടയ്ക്ക് വാഹനം നിറുത്തിയ ഡ്രൈവർ വാഹനം കേടായെന്ന് യുവതിയെ അറിയിച്ചു.

ഇത് കേട്ട് പുറത്തിറങ്ങിയ പെൺകുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെൺകുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. നാലു പേർ മാനഭംഗപ്പെടുത്തിയതിൽ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്.

ആക്രമണം നടത്തിയ കാബ് ഡ്രൈവറെ കണ്ടെത്താൻ ഇതേവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.