കൊച്ചി: സംസ്ഥാനത്ത് വിൽക്കുന്ന ചായപ്പൊടികളിൽ വ്യാപകമായ തോതിൽ മായം കലർത്തുന്നു എന്ന ആരോപണം അതിശക്തമായി തന്നെ ഉയർന്നിരുന്നു. ചായക്ക് നല്ല കളർ ലഭിക്കുന്നതിന് വേണ്ടിയാണ് വ്യാപകമായ തോതിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ഇങ്ങനെ മായം കലർത്തുന്നത് പതിവായി മാറിയപ്പോൾ ഭക്ഷ്യസുരക്ഷാ കമ്മീഷർ ടി വി അനുപമയുടെ നേതൃത്വത്തിൽ അടുത്തിടെ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. ഹോട്ടലുകളിലും മറ്റുമാണ് വ്യാപകമായ തോതിൽ മായം കലർന്ന ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഹോട്ടൽ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിൽ നിന്നും ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

സംസ്ഥാനത്തെ ചായക്കടകളിലും മറ്റും വിൽക്കുന്ന ചായയ്ക്ക് ഉപയോഗിക്കുന്ന തേയിലപ്പൊടികളിൽ തുരുമ്പെടുത്ത ഇരുമ്പിന്റെ അംശം പോലുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. 2015 ഒക്ടോബറിൽ നടത്തിയ പരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് നാഷണിൽ കാമ്പെയ്ൻ ഫോർ പീപ്പിൾസ് റൈറ്റ്‌സ് ടു ഇൻഫോർമേഷൻ ജില്ലാ കോഡിനേറ്റർ സാജൻ ചാണ്ടിക്ക് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് ചായപ്പൊടികളിൽ ഇരുമ്പുപൊടിയും ഉൾപ്പെട്ടെന്ന വിവരം പുറത്തുവന്നത്.

സംസ്ഥാനത്തെ ചില ഹോട്ടലുകളിൽ സ്‌പെഷ്യൽ ടീ എന്ന ലേബലിൽ വിൽക്കുന്ന തേയിലപ്പൊടിയിലാണ് ഇരുമ്പിന്റെ അംശം മാരകമായ തോതിലുള്ളത്. തേയില ഉൽപ്പാദനം കുടുതലുള്ള ഇടുക്കി ജില്ലയിലാണ് ഇത്തരത്തിൽ ഇരുമ്പുപൊടിയും തേയിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ കുമുളിയിലെ പൂജാ ഹെൽബൽ സ്‌പൈസസ് എന്ന സ്ഥാപനത്തിൽ നിന്നും എടുത്ത കടമന റിച്ച് സിടിസി ടീ എന്ന ലേബലിലുള്ള തേയിലയിൽ നിന്നാണ് ഇരുമ്പു പൊടി കണ്ടെത്തിയത്. ഒരു കിലോ തേയില സാമ്പിളിൽ 339.6 മില്ലി ഗ്രാം ഇരുമ്പിന്റെ അംശമാണ് കണ്ടെത്തിയത്. തുരുമ്പെടുത്ത ഇരുമ്പുതരിയാണ് തേയിലയിൽ കണ്ടെത്തിയത്.

തേയിലയൽ ഇരുമ്പുതരിയുള്ളത് പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. തൂക്കം കൂട്ടാനും ചായക്ക് കടുത്ത നിറം ലഭിക്കാനും ഇത് മൂലം സാധിക്കും. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള തട്ടുകടകളിലും ഹോട്ടലുകളുമായാണ് പാക്കറ്റിലാക്കി സ്‌പെഷ്യൽ തേയിലപ്പൊടിയെന്ന നിലയിൽ എത്തിക്കുന്നത്. ഇടുക്കിയിലെ കുമിളി പീരുമേട് എന്നിവിടങ്ങളിൽ നിന്നും വ്യാപകമായ തോതിൽ മായം കലർന്ന തേയിലപ്പൊടി കണ്ടെത്തിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതാണ് ഇതെന്ന കാര്യം വ്യക്തമാണ്.

മാരകമായ തോതിൽ വിഷാംശമായ ഇരുമ്പുതരി ശരീരത്തിൽ ചെന്നാൽ മരണത്തിന് വരെ കാരണമാകാം. ടെറ്റ്‌നസ് രോഗത്തിന് വഴിവെക്കുകയും ചെയ്യാം. എന്നിട്ടും ഇത്ര ഗുരുതരമായ മായം കലർത്തിയ തേയിലപ്പൊടിയുടെ ഉൽപ്പാദകർക്കെതിരെ യാതൊരു നടപടിയും എടുക്കാൻ ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തേയിലകളിൽ ഇരുമ്പുതരി തീരെ പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിൽ പറയുന്നത്. എന്നാൽ, ഇടുക്കിയിൽ ഏറ്റവുമൊടുവിൽ എടുത്ത രണ്ട് സാമ്പിളിലും മാരകയമാ തോതിലാണ് ഇരുമ്പുതരി കണ്ടെത്തിയത്.

മുമ്പ് കോൾടാർ ഉല്പന്നങ്ങളാണ് ചായപ്പൊടിയിൽ ചേർത്തിരുന്നത്. എന്നാൽ, ചുണ്ണാമ്പ് ടെസ്റ്റിലൂടെ ഇത് എളുപ്പം തിരിച്ചറിയാമെന്നതിനാൽ മായംചേർക്കൽ ലോബി മറ്റുമാർഗങ്ങളിലേക്കു തിരിയുകയായിരുന്നു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ഇത്തരം 20ഓളം കേസെടുത്തതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ ടി.വി.അനുപമ അറിയിച്ചു. ഇരുമ്പുതരിയുടെ അംശം 150 പി.പി.എമ്മിൽ (പാർട്‌സ് പെർ മില്യൻ) കൂടുതലായാൽ ക്രിമിനൽ കേസാകും. 16ഓളം കേസ് കോടതിയിലാണ്. കുറെ കേസുകൾ അപ്പീൽ ഘട്ടത്തിലാണ്. ഇത്തരം പരാതികളിൽ കമ്പനികൾക്ക് സംസ്ഥാനത്തിനു പുറത്തുള്ള ഒരു ലാബിൽ പരിശോധിക്കാനുള്ള അവസരം കിട്ടും. ആയിരത്തിനു മുകളിൽ ഇരുമ്പംശം കണ്ടെത്തിയാൽ ഉടൻതന്നെ കച്ചവടം നിർത്തിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട.

ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം മായം ചേർക്കൽ നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ാഷണൽ കാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫോർമേഷന് ഇടുക്കി ജില്ലാ കോഡിനേറ്റർ സാജൻ ചാണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.