തിരുവനന്തപുരം: ഒരു ചോദ്യവും തെളിവുമില്ലായെ ഒരാളെ അകത്തിടാൻ കഴിയുന്ന കരിനിയമം.പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെ വിലയിരുത്തിയത് അങ്ങനെയാണ്. ഭിന്ന ലിംഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും നിരന്തരമായി വേട്ടയാടുന്ന കരിനിയമം തന്നെയയായിരുന്നു, 1860ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്. ഇത് ഇത്രയും കാലം തന്നെ നിലനിന്നു എന്നതുതന്നെ അത്ഭുതമാണ്.

പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഈ വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് നിയമം നിർവചിക്കപ്പെടാത്ത ലൈംഗികതയിൽ ഉൾപ്പെട്ടവർ രതിയിൽ ഏർപ്പെടുന്നത് കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയായി കണക്കാക്കുന്നത്. 

കാരണം സ്ത്രീയും പുരുഷനും തമ്മിൽ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായ വിഭാഗങ്ങളാണ് ലൈംഗിക ന്യൂനപക്ഷം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസ്തുത വകുപ്പ് ഒഴിവാക്കണം എന്നതാണ് ഭിന്നലിംഗ സമൂഹം അഥവാ ലൈംഗിക ന്യൂനപക്ഷം ഉയർത്തുന്ന ദീർഘകാല ആവശ്യമായിരുന്നു.

ഭാര്യക്ക് ഭർത്താവിനെതിരെ പരാതിപ്പെടാം!

ഐപിസി 377ാം വകുപ്പ് പ്രകാരമുള്ള എറ്റവും വിചിത്രം ഈ വകുപ്പ് എവർക്കും ഭീഷണിയാന്നെന്ന് ഹാലി എസ് നരിമാനെപ്പോലുള്ള മുതിർന്ന അഭിഭാഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭധാരണത്തിനുവേണ്ടിയല്ലാത്ത എത് തരം ലൈംഗിക ബന്ധവും ഈ നിയമപ്രകാരം കുറ്റ കൃത്യമാണ്.

വികടോറിയൽ സദാചചാരകാലത്തെ ബ്രിട്ടീഷ് കാഴ്പ്പാടുകൾ പ്രതിഫലിപ്പിക്കുന്ന ഈ നിയമം മിഷനറി പൊസിഷനിലുള്ള പരമ്പരാഗത ലൈംഗിക ബന്ധംമാത്രമേ സദാചാരത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുള്ളൂ.ആ രീതിയിൽ അല്ലാതെയാലോ, ഗർഭധാരണം ലക്ഷ്യമല്ലാതെ ആനന്ദരത്തിന്വേണ്ടിയായാലോ ഭാര്യക്ക് ഭർത്താവിനെതിരെ ലൈംഗിക പീഡനത്തിന് പരാതിപ്പെടാമെന്നും മീററ്റിൽ അങ്ങനെ ഒരു കേസിൽ ഒരു ഡോക്ടറെ പൊലീസ് അറസ്റ്റ്ചെയതിട്ടുണ്ടെന്നും ഹാലി എസ് നരിമാൻ ചൂണ്ടിക്കാട്ടുന്നു.

അതായത് അടഞ്ഞ ഒരു സദാചാര ബോധത്തിന്റെ ഭാഗാമായാണ് ഈ നിയമം ഉണ്ടായത്. പരിഷ്‌കൃത സമൂഹത്തിന് ഇത് തീർത്തും ഭീഷണിയാണെന്ന് വ്യക്തം. ഇത് പൊലീസിന് നൽകുന്ന അമിത അധികാര പ്രവണതയായിരുന്നു എറ്റവും ഭീകരം.തോളിൽ കൈയിട്ടതിന്റെ പേരിൽപോലും ട്രാൻസ്ജെൻഡറുകളുടെ ഐപിസി 377 ചുമത്തി അകത്താക്കിയ കഥ കേരളത്തിൽ തന്നെയുണ്ടെന്ന് ശീതൾ ശ്യാമിനേപ്പോലുള്ള ട്രാൻസ്ജെൻഡർ ആക്റ്റീവിറ്റുകൾ പറയുന്നത്.'എത് നിമഷവും ഞങ്ങളെ പൊലീസിന് വേട്ടയാടാനുള്ള വകുപ്പായിരുന്നു ഇത്.തോളിൽ കൈയിട്ടതിന്, കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെച്ചതിന് ഒക്കെ ഞങ്ങളിൽ പലർക്കും ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. വെറുതെ പൊല്ലാപ്പിൽ പെടേണ്ട എന്നുകരുതി പലരും ഇതുകാരണം ഞങ്ങളോട അകലം പാലിക്കുന്നുണ്ട്്'- ശീതൾ ശ്യാം പ്രതികരിച്ചു.

ബഗ്ഗറി ആക്ടിന്റെ തുടർച്ച

ഗുദരതിയെ നിരോധിക്കുന്നതിനായി ബ്രിട്ടിഷ് പാർലമെന്റ് 1533ൽ ഒരു നിയമം പാസ്സാക്കിയിരുന്നു. ബഗ്ഗറി ആക്ട് എന്നറിയപ്പെടുന്ന ഈ നിയമം ഹെന്റി നാലാമനാണ് കൊണ്ടുവന്നത്. ദൈവത്തിന്റെയും മനുഷ്യന്റെയും താൽപര്യത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികതയാണ് ഗുദരതിയെന്ന് ഈ നിയമം അനുശാസിച്ചു. ഈ നിയമത്തെ അടിസ്ഥാനമാക്കി നിറുത്തിയാണ് ഇന്ത്യയിൽ 377ാം വകുപ്പിലെ ചട്ടങ്ങൾ രൂപീകരിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമം 377 ഇപ്രകാരം പ്രസ്താവിക്കുന്നു:'പ്രകൃതിവിരുദ്ധമായി സ്വയേച്ഛയോടെ ആണും പെണ്ണുമായ മനുഷ്യരോടും മൃഗത്തോടും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ ജീവപര്യന്തം തടവോ, പത്തുവർഷം വരെ നീളുന്ന തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.'' 1861 ലാണ് ഈ നിയമം നിലവിൽ വന്നത്. ബ്രിട്ടീഷ് വിക്ടോറിയൻ മൂല്യങ്ങളെ ആധാരമാക്കി നിർമ്മിക്കപ്പെട്ടതായിരുന്നു ഈ നിയമം. 'പ്രകൃതിവിരുദ്ധമായ ലൈംഗികത' എന്ന പ്രയോഗത്തിന് സ്വവർഗ ലൈംഗികത എന്നു മാത്രമല്ല നിർവ്വചനം നൽകിയിരിക്കുന്നത്. ഗുദരതിയും വദനസുരതവുമെല്ലാം പ്രകൃതിവിരുദ്ധമായ രതിയാണെന്നാണ് ഈ നിയമം പറയുന്നത്.

മതമൗലികവാദികളും ഒരു വിഭാഗം രാഷ്ട്രീയക്കാരും എക്കാലവും എതിര്

ഇത് കരിനിയമമാണെന്നും ഈ വകുപ്പ് റദ്ദാക്കണമെന്നും എപ്പോൾ ആവശ്യങ്ങൾ ഉയരുന്നോ അപ്പോഴൊക്കെ കുരുപൊട്ടാറുള്ളത് ഇന്ത്യൻ മതമൗലിക വാദികൾക്കാണ്.ഈ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കമ്യൂണിറ്റി കൊടുത്ത കേസുകൾക്കെതിരെ എപ്പോഴും രംഗത്തൊറുള്ളത് അവരാണ്.ഈ സമ്മർദം പതുക്കെ പാർലിമെന്റിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് കാണാനായത്.രാഹുൽ ഗാന്ധിയും ശരിതരൂരും അടക്കമുള്ളവർ അനുകൂല നിലപാട് എടുത്തിട്ടും യുപിഎ സർക്കാറിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാനായില്ല.പാർലമെന്റിൽ ശശി തരൂരും ഈ വിഷയത്തിൽ പോരാട്ടത്തിന് തുടക്കം കുറിച്ചു. 377 ക്രിമിനൽ കുറ്റമല്ലെന്ന വ്യക്തമാക്കിയുള്ള സ്വകാര്യബില്ലാണ് തരൂർ അവതരിപ്പിച്ചത്. എന്നാൽ, അന്ന് ബി. ജെ.പി അംഗങ്ങൾ അതിനെതിരെ ശക്തമായി തന്നെ രംഗത്തുവരികയായിരുന്നു.

മോദി സർക്കാറും ട്രാൻസ് ജെൻഡറുകളെ അംഗീകരിക്കുന്ന നയമായിരുന്നില്ല ആദ്യം സ്വീകരിച്ചത്. 377-ാം വകുപ്പ് നിലനിർത്തിയ സുപ്രീംകോടതി വിധിയെ ബിജെപി അന്ന് സ്വാഗതം ചെയ്തു. എന്നാൽ ഇത് പരക്കെ വിമർശിക്കപ്പെട്ടതോടെ ട്രാൻസ് ജെൻഡറുകൾക്കായി നിയമം നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകത്ത് വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് വ്യത്യസ്തമായ ലൈംഗിക താൽപര്യമുണ്ട്. അതിന്റെ പേരിൽ അവരെ ജയിലിൽ അടയ്ക്കുന്നത് ശരിയല്ലെന്നും മുതിർന്ന അഭിഭാഷകൻ കൂടിയായ അരുൺ ജയ്റ്റ്‌ലി വിലയിരുത്തിയതും ട്രാൻസ് ജെൻഡർ കമ്യൂണിറ്റിക്ക് ആശ്വാസമായി. ജയ്റ്റ്‌ലിയുടെ നിലപാടുകളെ സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തുവന്നു. സ്വവർഗരതിയെ നിയമവിധേയമാക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് ചിദംബരം പറഞ്ഞു. ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമാണ് സിപിഎം നിലപാട്. 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് നേരത്തെ തന്നെ സിപിഎം ആവശ്യപ്പെടുന്നു.

പക്ഷേ ലോകം മുഴുവൻ ലൈഗികതയെ സ്വകാര്യവിഷയമായി കാണുമ്പോഴും ഇന്ത്യയിൽ ഇത്രയും കാലം ഈ കരിനിമമം തുടർന്നതിന് പിന്നിലും രാഷ്ട്രീയ ഇഛാശക്തിയില്ലായ്മയാണ് പ്രകടമാവുന്നത്.നിയമ നിർമ്മാണ സഭയായ പാർലിമെന്റിൽ നിന്ന് അല്ല, പരമോന്നത നീതിപീഠത്തിൽനിന്നാണ് ഇപ്പോൾ ട്രാൻസ്ജെൻഡറുകൾക്ക് നീതി കിട്ടിയിരക്കുന്നതെന്നതും ശ്രദ്ധേയമാണ്.

377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കുമ്പോൾ, പുതിയ നിയമനിർമ്മാണവും ആവശ്യമാകുന്നു. സ്വവർഗ്ഗരതി കുറ്റകരമല്ലാതാകുമ്പോൾ, ഇവരും വിവാഹത്തിനും നിയമസാധുത കൈവരും. കുടുംബ സ്വത്ത് വീതംവെക്കുന്ന് അതടക്കമുള്ള വിഷയങ്ങളിൽ നിയമം നിർമ്മിക്കേണ്ട സാധ്യതകളിലേക്കാണ് പുതിയ വിധി വിരൽചൂണ്ടുന്നത്.