തിരുവനന്തപുരം: കേന്ദ്രഭരണസർവീസിലേക്ക് സംസ്ഥാന ക്വാട്ടയിൽനിന്ന് കൺഫെർ ചെയ്ത് കയറിപ്പറ്റുന്നവരിൽ ഭൂരിപക്ഷവും അയോഗ്യർ. നേതാക്കളുടെ കാലു തിരുമ്മിയും ലക്ഷങ്ങൾ കൈക്കൂലി കൊടുത്തും മദ്യം വിളമ്പിയുമാണ് പല അയോഗ്യരും കൂട്ടത്തോടെ സിവിൽ സർവീസിലേക്ക് കടക്കുന്നത്. സിവിൽ സർവീസിൽ എത്തിയവർ സമീപകാലത്ത് കാട്ടിക്കൂട്ടിയ വിക്രിയകൾ ഇതിന് ശക്തമായ തെളിവാകുന്നു.

സംസ്ഥാന സർക്കാർ സർവീസിൽനിന്ന് നിശ്ചിത ശതമാനം ഉദ്യോഗസ്ഥരെ സർക്കാരിന് കേന്ദ്രസർവീസിലേക്ക് കൺഫെർ ചെയ്യാം. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നിവയിലേക്കാണ് അധികവും ഉദ്യോഗസ്ഥരെ കൺഫെർ ചെയ്യുന്നത്. ഏതെങ്കിലും ഒരു നേതാവുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാതിരിപ്പെട്ട ഏതു മോശം ഉദ്യോഗസ്ഥനും കേന്ദ്രസിവിൽ സർവീസിൽ കടന്നു കയറാം. മുപ്പത്തിയെട്ട് കൺഫേർഡ് ഐഐപിഎസുകാരാണ് സംസ്ഥാനത്തുള്ളത്. ഈ പട്ടികയിൽ ജേക്കബ് ജോബും ടിജെ ജോസും സ്‌പെൻഷനിലും. ഇതിൽ ഉണ്ണരാജ, എസ് രാജേന്ദ്രൻ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം പോലും നടത്തിയിട്ടുണ്ട്.

നേതാവിനെ ചാക്കിട്ടു പിടിച്ച് പണവും മദ്യവുമൊക്കെ നൽകിയാൽ ഐ.പി.എസ് റെഡി. പിന്നീട് ഇതേ നേതാവ് തന്നെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് പോസ്റ്റിംഗും നടത്തിക്കൊടുക്കും. പിന്നെ നടക്കുന്ന കൊള്ളയുടെ ഒരു പങ്ക് നേതാവിനും കൊടുക്കണമെന്നു മാത്രം. പൊലീസ് സേനയിൽനിന്ന് ഐ.പി.എസ് നേടാനുള്ളവരാണ് ലക്ഷങ്ങൾ വാരിയെറിയുന്നത്. സംസ്ഥാന പൊലീസ് സേനയിൽ മികച്ച റെക്കോഡുള്ള എത്രയോ ഉദ്യോഗസ്ഥർക്ക് ഇന്നേവരെ ഐ.പി.എസ്. കൺഫെർ ചെയ്തു കൊടുത്തിട്ടില്ല എന്നുള്ളത് വാസ്തവമാണ്.

ജീവിതത്തിൽ ഒരു കേസ് പോലും തെളിയിക്കുകയോ നല്ലൊരു നടപടിയെടുക്കുകയോ ചെയ്യാത്തവരാണ് പലപ്പോഴും ഐ.പി.എസ്. കൺഫെർ ചെയ്യപ്പെടുന്നവർ. മാത്രവുമല്ല, ഇവർക്കെതിരേ ഒരു പാട് ബ്ലാക് മാർക്ക് സർവീസിലും വ്യക്തിജീവിതത്തിലും ഉണ്ടായിരിക്കുകയും ചെയ്യും. കൈക്കൂലി മേടിച്ചതിനും കേസ് അട്ടിമറിച്ചതിനും ഇമ്മോറൽ ട്രാഫിക്കിനുമൊക്കെ ശിക്ഷാനടപടികൾ നേരിട്ടവർ ഒരു സുപ്രഭാതത്തിൽ തോളത്തും തൊപ്പിയിലും ഐ.പി.എസും ചാർത്തി വരുമ്പോഴാണ് പൊലീസ് സേനയിൽ തന്നെയുള്ളവർ ഞെട്ടുന്നത്.

സർവീസിന്റെ തുടർച്ചയായ മൂന്നുവർഷങ്ങളിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ഔട്ട് സ്റ്റാൻഡിങ് പരാമർശനം നേടുന്നവരെയാണ് സിവിൽ സർവീസിലേക്ക് കൺഫെർ ചെയ്യുന്നത്. പലവിധ കാരണങ്ങളാൽ സസ്‌പെൻഷൻ നേരിടുകയും അച്ചടക്ക നടപടിക്ക് വിധേയാവുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സർവീസ് ബുക്കിൽ ഔട്ട്സ്റ്റാൻഡിങ് എന്നു രേഖപ്പെടുത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഭരണത്തിലിരിക്കുന്ന ഏതെങ്കിലും നേതാവ് ശിപാർശ ചെയ്താൽ മേലുദ്യോഗസ്ഥൻ അതങ്ങു ചെയ്‌തോളും.

തികച്ചും സത്യസന്ധമായി കേസ് അന്വേഷിക്കുകയും മികച്ച രീതിയിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ഗുഡ് എന്നതിനപ്പുറം ഒരു വാക്കു കാണുകയേയില്ല. സമീപകാലത്ത് നിസാം കേസിൽപ്പെട്ട എസ്‌പി. ജേക്കബ് ജോബ്, കോപ്പിയടിച്ച് പിടിക്കപ്പെട്ട ഐ.ജി. ടി.ജെ. ജോസ്, മണൽ കടത്തുമായി ബന്ധപ്പെട്ട് പല തവണ ശിക്ഷാനടപടി നേരിടേണ്ടി വന്ന തൃശൂർ പൊലീസ് അക്കാദമിയുടെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്നിവരൊക്കെ അടുത്തയിടെ ഏറെ വിവാദത്തിൽപ്പെട്ടിരുന്നു.

അതേസമയം, പ്രമാദമായ നിരവധി കേസുകൾ തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വെറും എസ്‌പിയായി വിരമിച്ചു വീട്ടിലിരിക്കുന്നുണ്ട്. കേരളത്തിൽനിന്ന് ഐ.പി.എസ് കൺഫെർ ചെയ്തുകിട്ടുന്നത് നാണക്കേടാണ് എന്നാണ് വിരമിച്ച ഇത്തരം ഉദ്യോഗസ്ഥരിൽ ചിലർ പറയുന്നത്.