ടെഹ്‌റാൻ: ഹിന്ദുത്വവാദികളെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുമ്പോഴും അവരെപ്പോലും ആശ്ചചര്യപ്പെടുത്തിയാണ് ഇറാനുമായി വിവിധ മേഖലകളിൽ സഹകരണത്തിന് ശ്രമിക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളായ ഇറാനിൽനിന്ന് തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ സഹകരണം ആഗ്രഹിക്കുന്നതിന് ഏറ്റവും വലിയ തെളിവാണ് ചബഹാർ പോർട്ട്. ഈ തുറമുഖത്തിന്റെ വികസനത്തിനുവേണ്ടിയുള്ള ആദ്യഘട്ടപ്രവർത്തനങ്ങളുടെ കരാറിൽ ഒപ്പുവെക്കാനൊരുങ്ങുകയാണ് മോദിയും ഇറാൻ ഭരണകൂടവും.

എന്തുകൊണ്ടാണ് ഈ തുറമുഖത്തോട് ഇന്ത്യക്കിത്ര പ്രിയം? അതിലേറ്റവും പ്രധാനം ഇറാന്റെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന തുറമുഖത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ. പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്താനിലൂടെ ഇന്ത്യയിലേക്ക് പുതിയ പാത തുറക്കാൻ ഈ തുറമുഖം സഹായിക്കും. ഇന്ത്യയിൽനിന്നുള്ളതും തിരിച്ചുമുള്ള ചരക്കുകൾ കൊണ്ടുപോകുന്നതിന് ചരക്കുകൂലിയിലും ഗണ്യമായ കുറവ് വരുത്താനാകും.

മധ്യ ഏഷ്യയിലെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലകളിലെയും ട്രാൻസിറ്റ് ഹബ്ബായി ചബഹാർ തുറമുഖത്തെ മാറ്റുകയാണ് ഇറാന്റെ ലക്ഷ്യം. ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങൾ ഇറാനെ ഒറ്റപ്പെടുത്തിയപ്പോഴും ഇറാനുമായുള്ള സഹകരണത്തിന് ഇന്ത്യ തയ്യാറായിരുന്നു.

ഇന്ത്യയുടെ പശ്ചിമ തീരത്തുനിന്ന് എളുപ്പത്തിൽ എത്തിപ്പെടാം എന്നതും ഈ തുറമുഖത്തിന്റെ പ്രാധാന്യം കൂട്ടുന്നു. ചാബഹാറിൽനിന്ന് റോഡുമാർഗം അഫ്ഗാനിസ്താനിലെത്താനാകും. 2009ൽ ഇന്ത്യ അഫ്ഗാനിസ്താനിൽ നിർമ്മിച്ച സരഞ്ജ്-ദെലാറം റോഡിലൂടെ നാല് പ്രധാന അഫ്ഗാൻ നഗരങ്ങളുമായി ബന്ധപ്പെടാനുമാകും.

ഇന്ത്യ നേരിട്ട് വികസനപ്രവർത്തനങ്ങൾ നടത്തുന്ന വൈദേശിക തുറമുഖം കൂടിയാണിത്. പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് നീങ്ങിയതോടെ, തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലായി. 20 കോടി ഡോളറിലേറെയാണ് ആദ്യ ഘട്ടത്തിൽ ഇവിടെ ഇന്ത്യയുടെ മുതൽ മുടക്ക്.

ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കിയത് വൻ അവസരങ്ങൾക്കാണ് വഴിയൊരുക്കിയതെന്ന മോദി ഇറാനിൽ പറഞ്ഞത് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുമെന്നതിന്റെ തെളിവാണ്. വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് സന്ദർശനത്തിൽ മുൻഗണന നൽകുകയെന്നും മോദി വ്യക്തമാക്കി. നേരത്തെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിയെ ഇറാൻ ധനമന്ത്രി അലി ത്വയ്യബ്‌നിയ സ്വീകരിച്ചു. ഇറാനിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മോദി ഗുരുദ്വാർ സന്ദർശിച്ചു.

ഇന്ന് ഔദ്യോഗിക വരവേൽപിനുശേഷം മോദി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. റൂഹാനി മോദിക്കായി വിരുന്നും ഒരുക്കുന്നുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെയും മോദി സന്ദർശിക്കും. ഇന്ത്യ-ഇറാൻ ബന്ധം പ്രതിപാദിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസും മോദി ഉദ്ഘാടനം ചെയ്യും. ചാബഹാർ തുറമുഖ പദ്ധതിക്കുപുറമേ, ഇറാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കുന്നതും ചർച്ചകളിൽവരും. വ്യാപാരം, നിക്ഷേപം, ഊർജം, സാംസ്‌കാരികം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് തന്റെ സന്ദർശനത്തിൽ ഊന്നൽ നൽകുകയെന്ന് മോദി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത്. ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, എണ്ണ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർ നേരത്തേ ഇറാൻ സന്ദർശിച്ചിരുന്നു.