ചാരപ്രവർത്തനം ആരോപിച്ച് ഇറാനിലെ എയർപോർട്ടിൽ കഴിഞ്ഞ വർഷം തടഞ്ഞ് വയ്ക്കപ്പെട്ട ഇറാനിയൻ വംശജയായതത ബ്രിട്ടീഷ് യുവതി നസാനിൻ സഗാരി-റാറ്റ്ക്ലിഫ് എന്ന 38കാരിക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് ഉറപ്പായി.കഴിഞ്ഞ വർഷം ഏപ്രിൽ 3നായിരുന്നു ടെഹ്റാനിലെ വിമാനത്താവളത്തിൽ വച്ച് നസാനിൻ അറസ്റ്റിലായിരുന്നത്. ശിക്ഷയുടെ വിശദാംശങ്ങൾ അറിയാതെ ഇവരുടെ കുടുംബ വേവലാതിപ്പെടുകയാണ്. നീതി നേടി എടുക്കാനാവാതെ ബ്രിട്ടൻ ഉഴലുകയാണെന്നും സൂചനയുണ്ട്. കൈക്കുഞ്ഞായ തന്റെ മകൾ ഗബ്രിയെല്ലയുമൊത്ത് ഇറാൻ വിടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു യുവതി പിടിയിലായത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യുവതിക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.എന്നാൽ തന്റെ ഭാര്യയെ ഇറാനും ബ്രിട്ടനും ഇടയിലുള്ള ഒരു വിലപേശൽ വസ്തുവായി ഉപയോഗിക്കുകയാണെന്നാണ് ഇവരുടെ ഭർത്താവായ റിച്ചാർഡ് റാറ്റ്ക്ലിഫ് ആരോപിക്കുന്നത്.

നോർത്ത് വെസ്റ്റ് ലണ്ടനിൽ താമസിക്കുന്ന യുവതിയെ സെപ്റ്റംബറിലാണ് യുവതിയെ അഞ്ച് വർഷത്തേക്ക് തടവ്ശിക്ഷവിധിച്ച് അകത്താക്കിയിരിക്കുന്ന്ത. ടെഹ്റാനിലെ റവല്യൂഷണറികോടതിയിൽ ഇവരെ വിചാരണ ചെയ്യുന്നതിന് മുമ്പ് സ്ഥിരീകരിക്കാത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയുടെ മേൽ ചാരപ്രവർത്തനം കുറ്റം കെട്ടിയേൽപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. തന്റെ ഭാര്യ ചാരപ്രവർത്തനം നടത്തിയെന്നാണ് ഇറാൻ ആരോപിക്കുന്നതെന്നും എന്നാൽ അധികൃതർ പാസ്പോർട്ട് പിടിച്ചെടുത്തതിന് ശേഷവും തന്റെ ഭാര്യ കുടുംബത്തോടൊപ്പം ഇറാനിൽ തന്നെയാണ് കഴിഞ്ഞിരുന്നതെന്നും ഭർത്താവ് പറയുന്നു. രണ്ടിലധികം ചാർജുകൾ നസാനിന് മേൽ ചുമത്തിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇറാനിയൻ അധികൃതർ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഇതിന് പുറകിൽ എന്തൊക്കെയോ അവ്യക്തതകളുണ്ടെന്നാണ് ഭർത്താവ് ശിക്ഷാവിധിയെക്കുറിച്ച് അറിഞ്ഞതിന് ശേഷം പ്രതികരിച്ചിരുന്നത്. ഇത് അസംബന്ധമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. അപ്പീൽ ഹിയറിംഗിനിടെ റവല്യൂഷണറി ഗാർഡിന്റെ കെർമാൻ ബ്രാഞ്ച് യുവതിക്ക് മേൽ രണ്ട് പുതിയ കുറ്റങ്ങൾ കൂടി കെട്ടിയേൽപ്പിച്ചിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. നസാനിൻ ബ്രിട്ടീഷ് ചാരനെ അറിഞ്ഞ് കൊണ്ട് വിവാഹംകഴിക്കുകയായിരുന്നുവെന്നും 2009ൽ ബിബിസി ഫാർസി സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ റിക്രൂട്ട്മെന്റ് ഹെഡായി പ്രവർത്തിച്ചുവെന്നും ഇറാൻ ആരോപിക്കുന്നു. എന്നാൽ യുവതിയെ ബിബിസി മീഡയ ആക്ഷൻ പ്രൊജക്ട് അസിസ്റ്റന്റായിട്ടാണ് നിയോഗിച്ചിരുന്നതെന്നും അവർ ബിബിസി ഫാർസിക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും അവരെ സ്വതന്ത്രമാക്കുന്നതിനുള്ള കാംപയിനായ ദി ഫ്രീ നസാനിൻ കാംപയിൻ ചൂണ്ടിക്കാട്ടുന്നു.

തന്റെ ഭാര്യക്ക് മേൽ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നാണ് റാറ്റ്ക്ലിഫ് ആവർത്തിക്കുന്നത്. ബ്രിട്ടീഷ് മന്ത്രിയായ ടോബിയാസ് എൽ വുഡ് കഴിഞ്ഞയാഴ്ച ഇറാൻ സന്ദർശിച്ചപ്പോൾ നസാനിന്റെ പ്രശ്നം ഉയർത്തിക്കാട്ടിയിരുന്നുവെന്നും അതിനാൽ അവരെ മോചിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഭർത്താവ് പ്രതികരിക്കുന്നു.അറസ്റ്റിലായതിന് ശേഷം ഭാര്യ 294 ദിവസം തടവറക്കുള്ളിൽ കഴിഞ്ഞുവെന്നും റാറ്റ്ക്ലിഫ് വെളിപ്പെടുത്തുന്നു.ഇവരുടെ കൈക്കുഞ്ഞായ ഗബ്രിയേല മകൾ ഇറാനിൽ തന്നെയാണുള്ളത്.നസാനിന്റെ കുടുംബമാണ് കുട്ടിയെ നോക്കുന്നത്. കുട്ടിയുടെ പാസ്പോർട്ടും ഇറാൻ സർക്കാർ പിടിച്ചെടുത്തെന്നും ബ്രിട്ടീഷ് ഗവൺമെന്റ് അഭ്യർത്ഥിച്ചിട്ടും അത് തിരിച്ച് നൽകിയില്ലെന്നും റാറ്റ്ക്ലിഫ് ആരോപിക്കുന്നു. തന്റെ ഭാര്യയും മകളും ഇറാനിൽ നിന്നും സുരക്ഷിതമായി മടങ്ങുന്നത് ഉറപ്പ് വരുത്തുന്നതിനായി റാറ്റ് ക്ലിഫ് കഴിഞ്ഞ മെയിൽ ഒരു ഓൺലൈൻ പെറ്റീഷൻ ലോഞ്ച് ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിന്റെയും ഇറാനിലെ പരമോന്നത നേതാവിന്റെയും ശ്രദ്ധ നേടിയെടുക്കുകയായിരുന്നു ഇതിലൂടെ റാറ്റ്ക്ലിഫ് ലക്ഷ്യമിട്ടിരുന്നത്. ഈ പെറ്റീഷനിൽ ഏതാണ്ട് ഒരു മില്യണോളം പേർ ഒപ്പിട്ടിരുന്നു. 155 രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിനെ പിന്തുണച്ചിരുന്നു.