യുഎസിനെ വെല്ലുവിളിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബൃഹത്തായ നാവിക അഭ്യാസം തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉരസലുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഈ നീക്കം അത്യധികം ഗൗരവപരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കടലിൽ 20 ലക്ഷം സ്‌ക്വയർ കിലോമീറ്ററിലാണ് ഇറാൻ പടക്കപ്പലുകളെയും നേവിയെയും വിന്യസിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. വേലായറ്റ് 95 എന്ന കോഡ് നെയിമിലാണ് ഇറാൻ പുതിയ സൈനിക അഭ്യാസം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. ഒമാൻ കടലിലെ ഹോർമുസ് സ്‌ട്രെയിറ്റ്, ഇന്ത്യൻ മഹാസമുദ്രത്തിൻ വടക്ക് ഭാഗം, ബാബ്എൽമാൻഡെബ് സ്‌ട്രെയിറ്റ്, എന്നീ പ്രദേശങ്ങളിലാണ് ഇറാന്റെ അഭ്യാസം വ്യാപിച്ചിരിക്കുന്നത്. തീവ്രവാദത്തിനും കടൽക്കൊള്ളയ്ക്കുമെതിരെയാണീ അഭ്യാസമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്ക ഇറാൻ മുകളിൽ ഉപരോധം ഏർപ്പെടുത്തുകയും യെമൻ തീരത്ത് യുഎസ് ഡിസ്‌ട്രോയർ എത്തിക്കുയും ചെയ്ത സാഹചര്യത്തിലാണ് ഇതിനുള്ള മറുനീക്കമെന്ന നിലയിൽ ഇറാന്റെ പുതിയ അഭ്യാസ പ്രകടനം. യുഎസ് ഡിസ്‌ട്രോയർ എത്തുന്നതിന് ഏതാനും ദിവസം മുമ്പ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇറാന്റെ ഇത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ ഇനിയും കണ്ണും പൂട്ടിയിരിക്കാനാവില്ലെന്ന താക്കീത് വൈറ്റ് ഹൗസ് നൽകിയത് കടുത്ത യുദ്ധ സാധ്യതയാണ് ഉയർത്തുന്നത്. തങ്ങൾ മിസൈൽ പ്രോഗ്രാം നിർത്തി വയ്ക്കില്ലെന്നും അമേരിക്ക തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം യുഎസ് നിയമബാധ്യതകളുടെയും യുഎൻ സെക്യൂരിറ്റി കൗൺസിൽ എന്നിവയുടെ ലംഘനമാണെന്നും ഇറാൻ പറയുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അംഗീകാരം നേടിയ ന്യൂക്ലിയർ ഡീലിന് മേലാണ് അമേരിക്ക കത്തി വച്ചിരിക്കുന്നതെന്നും ഇറാൻ ആരോപിക്കുന്നു.

ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്നും എന്നാൽ സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമേ ആയുധങ്ങൾ ഉപയോഗിക്കുകയുള്ളുവെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുയാണ് വേലായറ്റ് 95 എന്ന ഈ അഭ്യാസ പ്രകടനത്തിന്റെ ലക്ഷ്യമെന്നും ഞായറാഴ്ച ഈ അഭ്യാസം പ്രഖ്യാപിക്കുന്നതിനിടെ നേവി കമാൻഡർ റിയർ അഡ്‌മിറൽ ഹാബിബോലാഹ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ രാജ്യങ്ങളോട് ഇറാന്റെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം വ്യക്തമാക്കുകയും ഇതിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മില്യൺ കണക്കിന് ബാരൽ എണ്ണയാണ് യൂറോപ്പ്, യുഎസ്,ഏഷ്യ എന്നിവിടങ്ങളിലേക്ക് ബാബ്എൽമാൻഡാബിലൂടെ യും സ്‌ട്രെയിറ്റ് ഓഫ് ഹോർമസിലൂടെയും യെമന്റെയും ഇറാന്റെയും തീരങ്ങളിലൂടെയുള്ള ജലപാതകളിലൂടെയും അയക്കപ്പെടുന്നത്. ഇറാൻ നടത്തുന്ന പുതിയ ഡ്രില്ലിൽ ഡസൻ കണക്കിന് നേവി ഷിപ്പുകളും, സബ് മറൈനുകളും ഹെലികോപ്റ്ററുകളും ഭാഗഭാക്കാകുന്നുണ്ട്. തങ്ങളുടെ തെക്ക് കിഴക്കൻ തീരത്ത് തങ്ങൾക്കുള്ള കഴിവുകൾ വ്യക്തമാക്കുകയും ഇതിന്റെ ലക്ഷ്യമാണ്. യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്‌ലീറ്റ് പ്രദേശത്ത് നിലകൊള്ളുകയും ഗൾഫ് പാതകളിലെയും സമീപത്തുള്ള പാതകളിലെയും കപ്പൽ പാതകളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ട്രംപ് സ്ഥാനമേറ്റതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുന്നു. ട്രംപ് വിവാദമായ തന്റെ യാത്രാ നിരോധനവും ഇറാന്റെ മിസൈൽ പരീക്ഷണങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ നിരോധനവും പ്രശ്‌നം വഷളാക്കി. ഒബാമയുടെ മധ്യസ്ഥതയിൽ ഇറാനുമായി യുഎസുണ്ടാക്കിയ കരാറിനെ തകർക്കുന്ന നടപടികളാണ് ട്രംപ് സ്വീകരിച്ച് വരുന്നത്. ഇറാന് മേൽ ഏർപ്പെടുത്തിയ മിക്ക ഉപരോധങ്ങളും ഒബാമയുടെ ഡീലിലൂടെ നീക്കം ചെയ്തിരുന്നു. എന്നാൽ ട്രംപ് ഇവയെല്ലാം പുനഃസ്ഥാപിക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയിരിക്കുന്നു.