- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി ലംഘിച്ച രണ്ടു അമേരിക്കൻ ബോട്ടുകൾ ഇറാന്റെ കസ്റ്റഡിയിൽ; വെല്ലുവിളിക്ക് പോവാതെ സൗമ്യമായ മാർഗത്തിലൂടെ പത്ത് നേവിക്കാരെയും രക്ഷപ്പെടുത്താൻ അമേരിക്ക; പശ്ചിമേഷ്യൻ സംഘർഷം മൂർധന്യത്തിലേക്ക്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അറബ് രാജ്യങ്ങളുമായുള്ള സംഘർഷം മൂർച്ഛിച്ചുനിൽക്കെ, അമേരിക്കയുടെ രണ്ട് നാവിക ബോട്ടുകൾ ഇറാൻ കസ്റ്റഡിയിലെടുത്തു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കവെ ഇന്നലെയാണ് ബോട്ടുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അമേരിക്ക വ്യക്തമാക്കി. പത്ത് നാവികരാണ് ഈ ബോട്ടുകളിൽ ഉണ്ടായിരുന്നത്. ബോട്ടുകളിലൊന്നിന് സാങ്കേതിക തകരാർ സംഭവിച
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അറബ് രാജ്യങ്ങളുമായുള്ള സംഘർഷം മൂർച്ഛിച്ചുനിൽക്കെ, അമേരിക്കയുടെ രണ്ട് നാവിക ബോട്ടുകൾ ഇറാൻ കസ്റ്റഡിയിലെടുത്തു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കവെ ഇന്നലെയാണ് ബോട്ടുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അമേരിക്ക വ്യക്തമാക്കി. പത്ത് നാവികരാണ് ഈ ബോട്ടുകളിൽ ഉണ്ടായിരുന്നത്.
ബോട്ടുകളിലൊന്നിന് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് ഇറാന്റെ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. അതിർത്തി ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത ബോട്ടുകൾ ഇറാന്റെ ഫർസി ദ്വീപിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. ഇറാന്റെ രഹസ്യ പരീക്ഷണങ്ങളും സൈനിക പദ്ധതികളും തയ്യാറാക്കുന്ന ഫർസി ദ്വീപ് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്ത രഹസ്യ കേന്ദ്രം കൂടിയാണ്.
ഇറാനുമായി സംഘർഷത്തിന് പോകാതെ നാവികരെയും ബോട്ടുകളെയും മോചിപ്പിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. നാവികരെയും ബോട്ടുകളെയും സുരക്ഷിതമായി തിരിച്ചേൽപ്പിക്കാമെന്ന് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പെന്റഗൺ വ്യക്തമാക്കി. ഇറാന്റെ അതിർത്തിയോട് ചേർന്ന് പോകുമ്പോഴാണ് ബോട്ടുകളുമായി ആശയവിനിമയം നഷ്ടമായതെന്ന് പെന്റഗൺ വക്താവ് പീറ്റർ കുക്ക് പറഞ്ഞു. ബഹ്‌റൈനിലേക്ക് പോവുകയായിരുന്നു ബോട്ടുകൾ. നാവിക പരിശീലനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു സൈനികരെന്ന് കുക്ക് പറഞ്ഞു.
പത്ത് നാവികരും സുരക്ഷിതരാണെന്നാണ് സൂചന. നാവികരെ സുരക്ഷിതരായി മോചിപ്പിക്കുന്നതിന് അമേരിക്കൻ സറ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫുമായി ബന്ധപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട ആണവ ചർച്ചയിലൂടെ സരീഫുമായുണ്ടായ സൗഹൃദമാണ് ജോൺ കെറി ചർച്ചയിൽ ഉപയോഗപ്പെടുത്തിയത്. അമേരിക്കൻ നാവിക ബോട്ടുകൾ അബദ്ധത്തിൽ കസ്റ്റഡിയിലെടുത്തതാണെന്ന് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഇറാന്റെ കസ്റ്റഡിയിൽപ്പെട്ടത് അമേരിക്കൻ നാവികസേനയുടെ പരാജയമാണെന്ന് സൈനിക രംഗത്തെ വിദഗ്ദ്ധർ പറയുന്നു. സേനയുടെ നിരീക്ഷണപാടവത്തെയാണ് അത് ചോദ്യം ചെയ്തിരിക്കുന്നതെന്ന് മുൻ ആർമി ജനറൽ ബാരി മക്കാഫിറെ പറഞ്ഞു.
അതിനിടെ നാവികരെ ഇറാൻ വിട്ടയയ്ക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കും. സിറിയയിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ നേതൃത്വത്തിലുള്ള ചേരി അമേരിക്കയുമായി കടുത്ത ഭിന്നതയിലാണ്. തുർക്കി അതിർത്തിയിൽ റഷ്യൻ വിമാനം വെടിവച്ച് വീഴ്തിയത് ഉൾപ്പെടെയുള്ളവ പ്രശ്‌നങ്ങളും സങ്കീർണ്ണമാക്കി. ഈ സാഹചര്യത്തിൽ അമേരിക്കൻ നാവികരെ ഇറാൻ അത്ര എളുപ്പിത്തിൽ മോചിപ്പിക്കില്ലെന്നും സൂചനയുണ്ട്. അമേരിക്കയെ സംബന്ധിച്ചിടത്തോളം നാവികരുടെ മോചനം അഭിമാന പ്രശ്‌നമാണ്. ഇത് സാധിച്ചെടുക്കാൻ അവർ ഏത് മാർഗ്ഗവും തേടും.
നാവികരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടിയാണ് ഇപ്പോൾ നയതന്ത്ര ചർച്ച നടത്തുന്നത്. അത് ഫലം കണ്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ എത്തും.