ടെഹ്‌റാൻ: ഇനിയും അമേരിക്ക തങ്ങൾക്ക് മേൽ ഉപരോധം അടിച്ചേൽപ്പിച്ചാൽ നിന്ന് കൊടുക്കില്ലെന്നും പകരം ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തി. ഇതിന്റെ ഭാഗമായി അമേരിക്കയുടെ മരണം സ്വപ്നം കണ്ട് ദീർഘദൂര മിസൈൽ ആക്രമണത്തിന് ഇറാൻ ഇറങ്ങിത്തിരിച്ചുവെന്നും റിപ്പോർട്ടുണ്ട്. സിറിയയിൽ അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്നലെ മിസൈൽ ആക്രമണം ഇറാൻ നടത്തിയിരിക്കുന്നത്. തങ്ങൾക്കെതിരെ വിരട്ടൽ തന്ത്രം പയറ്റുന്ന ട്രംപിന് മുന്നിൽ ഇനി വഴങ്ങിക്കൊടുക്കില്ലെന്ന് ശക്തമായ സൂചന നൽകിയാണ് അറബ് രാഷ്ട്രം ഇത്തരത്തിൽ യുദ്ധത്തിലേക്കുള്ള കുന്തമുനയുടെ മൂർച്ച കൂട്ടുന്നത്. ഇതോടെ കൊറിയൻ-സിറിയൻ യൂദ്ധങ്ങൾ ഒഴിഞ്ഞ ആശ്വാസത്തിൽ കഴിഞ്ഞ ലോകത്തിന് വീണ്ടും മൂന്നാം ലോക മഹായുദ്ധ ഭീഷണി ഉയർത്തി ട്രംപും ഇറാനും രംഗത്തെത്തിയിരിക്കുകയാണ്.

ഡെത്ത് ടു അമേരിക്ക എന്ന് എഴുതി വച്ച മിസൈലാണ് ഇന്നലെ ഇറാൻ അയച്ചിരിക്കുന്നത്. സിറിയയിൽ യുഎസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സൈനികരെ തുരത്തുന്നതിന് വേണ്ടിയാണ് പുതിയ മിസൈലെന്നാണ് സൂചന. യാതൊരു ദയവുമില്ലാതെ ശത്രുവിനെ തുരത്തുമെന്നാണ് ഈ മിസൈൽ പരീക്ഷണത്ത തുടർന്ന് ഇറാൻ താക്കീത് നൽകിയിരിക്കുന്നത്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്കാണ് ഇറാൻ മിസൈൽ വിക്ഷേപിച്ചിരിക്കുന്നത്.

ടാക്ഫിറി ഭീകരരെ ലക്ഷ്യമിട്ടാണീ മിസൈലെന്നാണ് ഇറാന്റെ റവല്യൂഷണറി ഗാർഡ് മിലിട്ടറിയുടെ ഔദ്യോഗിക ന്യൂസ് സൈറ്റായ സെപാഹ് ന്യൂസിലെ പ്രസ്താവനയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സുന്നി മൗലികവാദികളെ വിശേഷിപ്പിക്കുന്നതിനാണ് ഇറാൻ പലപ്പോഴും ടാക്ഫിറി എന്ന പദം ഉപയോഗിച്ച് വരുന്നത്. ഇറാൻ ഷിയകൾക്ക് ശക്തിയുള്ള രാജ്യമാണ്. ശത്രുവിനെ യാതൊരു ദയവുമില്ലാതെ കൃത്യമായി തുരത്തുന്നതിനുള്ള തങ്ങളുടെ പുതിയ ആയുധം സജ്ജമായിരിക്കുന്നുവെന്നും ഇറാൻ വെളിപ്പെടുത്തുന്നു.

മിസൈൽ പരീക്ഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം ഇറാന്റെ ന്യൂസ് ഏജൻസിയായ ഫാർസ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇരുണ്ട ആകാശത്തേക്ക് നിരവധി മിസൈലുകൾ കുതിക്കുന്ന ഭീകരമായ വിഷ്വലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഡെത്ത് ഓഫ് ദി ഫാമിലി ഓഫ് സൗദ്, ഡെത്ത് ടു അമേരിക്ക, ഡെത്ത് ടു ഇസ്രയേൽ എന്നിങ്ങനെയുള്ള വാചകങ്ങൾ ഈ മിസൈലുകളിൽ എഴുതി വച്ചിട്ടുണ്ട്.

ഇറാനിൽ തന്നെ നിർമ്മിച്ചിരിക്കുന്ന സോൽഫാഖർ, കിയാം മിസൈലുകളാണ് പരീക്ഷിച്ചിരിക്കുന്നതെന്നാണ് ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 570 കിലോമീറ്ററുകൾ സഞ്ചരിക്കാനാവുന്ന മിസൈലുകളാണ് ഇറാൻ അയച്ചിരിക്കുന്നത്. പടിഞ്ഞാറൻ ഇറാനിൽ നിന്നും സിറിയൻ പ്രദേശത്തേക്ക് ആറ് മിസൈലുകളാണ് ചീറിപ്പാഞ്ഞിരിക്കുന്നത്. ആക്രമണത്തിൽ 12 ഗാർഡുമാരടക്കം 25പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.