ടെഹ്‌റാൻ: ലോകം എണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറാനും എണ്ണക്കച്ചവടത്തിലേക്ക് ഇറങ്ങി. ഇറാനുമേൽ ഉണ്ടായിരുന്ന ഉപരോധം ഐക്യരാഷ്ട്ര സഭ പിൻവലിച്ചതോടെ പ്രതിദിനം അഞ്ചുലക്ഷത്തോളം ബാരൽ എണ്ണ അധികമായി ഉദ്പാദിപ്പിച്ച് ഇറാൻ കയറ്റുമതി ശക്തമാക്കുമെന്ന ആശങ്ക ശക്തമായി. എണ്ണക്കച്ചവടത്തിൽ കുത്തക നഷ്ടമായതോടെ, ദുബായിലെയും സൗദി അറേബ്യയിലേക്കും ഓഹരി വിപണി ശക്തമായ നഷ്ടം നേരിടുകയാണ്.

പശ്ചിമേഷ്യയിലെമ്പാടും ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 27 ബില്യൺ പൗണ്ടെങ്കിലും വിപണിക്ക് നഷ്ടമായെന്നാണ് സൂചന. ഇറാൻ എണ്ണവിപണിയിലേക്ക് ഇറങ്ങുമെന്ന ആശങ്കയാണ ഇതിന് പ്രധാന കാരണം. നിലവിൽത്തന്നെ ഉദ്പാദനം കൂടുതലായ എണ്ണവിപണിയിൽ ഇറാൻ കൂടിയെത്തിയാൽ വില പിടിച്ചുനിർത്താനാവാത്ത വിധം താഴേക്ക് പോകും. രാജ്യാന്തര എണ്ണ വിപണിയിൽ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 30 ഡോളറിനടുത്ത് നിൽക്കുമ്പോഴാണ് ഇറാൻ കയറ്റുമതിയുമായി എത്തുന്നത്. ഇറാനിൽനിന്ന് എണ്ണപ്രവാഹം ഉണ്ടാകുമ്പോൾ വില 15 ഡോളറിൽ താഴെയായാലും അത്ഭുതം വേണ്ടെന്നാണ് വിദഗ്ധരുടെ നിലപാട്.

ഗൾഫ് രാജ്യങ്ങളിലെ ഏഴ് ഓഹരി വിപണിയിലും ഇതിന്റെ ചലനങ്ങൾ കണ്ടു. ഇന്ന് വിപണി കൂടുതൽ തകർച്ചയിലേക്ക് നീങ്ങിയാൽ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് വിപണി നീങ്ങുമെന്നാണ് സൂചന. ദുബായിലെ ഡിഎഫ്എം 4.65 ശതമാനം താഴ്ന്ന് 2684.9 പോയന്റിലാണ് പോയവാരം ക്ലോസ് ചെയ്തത്. അറബ് ലോകത്തെ ഏറ്റവും വലിയ വിപണിയായ സൗദിയിലെ ഓഹരി വിപണി ഏഴ് ശതമാനമാണ് വീണത്. ഒടുവിൽ ലേശം പുരോഗതി രേഖപ്പെടുത്തിയെങ്കിലും 5.44 ശതമാനം താഴ്ന്ന് 5520.41 പോയന്റിൽ ക്ലോസ് ചെയ്തു. അഞ്ചുവർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയാണിത്.

ഖത്തർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 7.2 ശതമാനം നഷ്ടം നേരിട്ട് 8527.75ൽ ക്ലോസ് ചെയ്തപ്പോൾ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് 4.24 ശതമാനം താഴ്ന്ന് 3787.4-ലും കുവൈത്ത് മാർക്കറ്റ് 3.2 ശതമാനവും ഒമാൻ മാർക്കറ്റ് 3.2ശതമാനവും ബഹ്‌റൈൻ വിപണി 0.4 ശതമാനവും താഴേക്ക് പോയി.എന്നാൽ, ഇറാൻ ഓഹരി വിപണി ഇതിനിടയിലും ഒരു ശതമാനം നേട്ടമുണ്ടാക്കുകയാണ് ചെയ്തത്. ഇക്കാല്ലം ഒരംഭിച്ചശേഷം വിപണി ആറുശതമാനത്തോളം മുകളിലേക്ക് കയറി. ആണവ കരാർ അനുസരിച്ചുള്ള മാർഗനിർദ്ദേശങ്ങളെല്ലാം ഇറാൻ പാലിച്ചുവെന്ന് യു.എൻ.പരിശോധനാ സമിതി റിപ്പോർട്് നൽകിയതോടെയാണ് ഗൾഫിലെ വിപണി തകർന്നത്.

വിയന്ന ആസ്ഥാനമായുള്ള ഇന്റർനാഷണൽ ആറ്റമിക് എനർജി ഏജൻസിയാണ് ഇറാന്റെ ഉപരോധം നീക്കുന്നതിന് വഴിയൊരുക്കുന്ന റിപ്പോർട്ട് സമർപ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. അതിന്റെ പ്രതിഫലനമാണ് ആഴ്ചയിലെ ആദ്യ വിപണി ദിവസമായ ഞായറാഴ്ച പശ്ചിമേഷ്യയിലാകെ പ്രതിഫലിച്ചത്. ഉപരോധങ്ങൾ നീങ്ങുന്നതോടെ ഇറാന് രാജ്യാന്തര വിപണിയിൽ എണ്ണ വിൽപ്പന പുനരാരംഭിക്കാൻ കഴിയും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഉപരോധം പിൻവലിക്കുന്നത് ഗുണം ചെയ്യും. ഇറാന്റെ അണ്വായുധ പദ്ധതികൾക്കെതിരേ 2006 ലാണ് ഉപരോധം ഏർപ്പെടുത്തിയത്. 2012 ൽ ഉപരോധത്തിലെ നിബന്ധനകൾ കടുപ്പിച്ചു. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് അസംസ്‌കൃത എണ്ണ കയറ്റുമതി തടസപ്പെട്ടു.

ഉപരോധം നീങ്ങിയതോടെ പ്രതിദിനം അഞ്ചു ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാനാണ് ഇറാന്റെ നീക്കം. ഇതു പിന്നീട് വർധിപ്പിക്കുമെന്ന് ഇറാൻ പെട്രോളിയം മന്ത്രി ബിജാൻ സൻഗനേഹ് അറിയിച്ചു. പെട്രോളിയം മേഖലയിൽ രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ഇറാനു ലഭിച്ചിട്ടുണ്ട്. എണ്ണവിപണിയിലെ ഇറാന്റെ പ്രവേശനം ഇന്ത്യക്കു നേട്ടമാകും. 30,000 കോടി രൂപയുടെ ഇറാൻ പാക്കിസ്ഥാൻഇന്ത്യ വാതകപൈപ്പ് ലൈൻ പദ്ധതിയാണു പ്രധാന നേട്ടം. ഉപരോധം പിൻവലിക്കാൻ ധാരണയായതോടെ 1,400 കിലോമീറ്റർ ദൂരമുള്ള പൈപ്പ് ലൈൻ പദ്ധതി സജീവമായിട്ടുണ്ട്. ഇതടക്കം ഇറാനുമായി വൻകരാറുകളിൽ ഒപ്പുവയ്ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

അതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന്റെ പേരിൽ ഇറാനെതിരേ അമേരിക്കയുടെ പുതിയ ഉപരോധം. മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട് 11 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേയാണ് ഉപരോധം. ഇവർ യു.എസ്. ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നതിനാണു തടസമുണ്ടാകുക. എന്നാൽ ഇത് എണ്ണക്കച്ചവടത്തെ ബാധിക്കില്ലെന്നാണു പ്രാഥമിക സൂചന.