കുറച്ച് കാലമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകകരുടെ കർക്കശമായ ഭരണത്തിൻ കീഴിലായതിനാൽ കടുത്ത ഇസ്ലാമിക് നിയങ്ങൾ പാലിച്ച് ജീവിക്കാൻ നിർബന്ധിതരായ ഇറാഖിലെ വിവിധ പ്രദേശങ്ങളിലുള്ളവൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തെ തുടർന്ന് സ്വയം സ്വാതന്ത്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണുള്ളത്. ഇറാഖിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ പിടിച്ചെടുത്ത് സഖ്യസേന മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് പുരുഷന്മാർ താടി വടിച്ചും സ്ത്രീകൾ പർദ ഉപേക്ഷിച്ചും വിവിധ ഇടങ്ങളിൽ പുതിയ സ്വാതന്ത്ര്യ ആഘോഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. ചിലരാകട്ടെ പരസ്യമായി സിഗററ്റ് വലിച്ചാണ് തിരികെ ലഭിച്ച സ്വാതന്ത്ര്യത്തെ നുകരുന്നത്. ഗോഗ്ജാലിയിലെ ഗ്രാമങ്ങളിലാണ് ഗവൺമെന്റ് സേനകൾ പുതുതായി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. മൊസൂൾ നഗരത്തിലേക്ക് ഇവിടെ നിന്നും ഏതാനും മീറ്റുകൾ മാത്രമേ അകലമുള്ളുവെന്നാണ് ഇതിനെ തന്ത്രപ്രധാനമാക്കുന്നത്. ഇനി ഐസിസിന്റെ നിയന്ത്രണത്തിൽ നിന്നും തിരിച്ച് പിടിക്കാനുള്ള ഏക ഇറാഖി നഗരമാണ് മൊസൂൾ.

ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും സൈനികർ ഐസിസ് ഭീകരർക്കായി അരിച്ച് പെറുക്കൽ തുടരുന്നുണ്ട്. അതിനിടെ ഇവിടെ നിന്നും ചില ഗ്രാമീണരെ സമീപത്തുള്ള മോസ്‌കിൽ പുനരധിവസിപ്പിക്കുന്നുമുണ്ട്. ചിലർ മോസ്‌കിനുള്ളിൽ വച്ച് തന്നെ താടി വടിക്കുന്ന കാഴ്ച കാണാം. ഐസിസ് ഭരണ കാലത്ത് എല്ലാ പുരുഷന്മാരും താടി വളർത്തണമെന്നത് നിർബന്ധമുള്ള കാര്യമായിരുന്നു.പർദയുപേക്ഷിച്ച് നിറമുള്ള വസ്ത്രങ്ങൾ പള്ളികൾക്കുള്ളിൽ വച്ച് തന്നെ മാറ്റുന്ന സ്ത്രീകളുമേറെയുണ്ട്. തങ്ങളുടെ മോചകരായി വർത്തിച്ച ഇറാഖി പട്ടാളക്കാർക്ക് ഹസ്തദാനം ചെയ്യാൻ കുട്ടികൾ തെരുവുകളിൽ മത്സരിക്കുന്നുണ്ട്. ഒരാൾ പട്ടാളക്കാരനെ ചുംബിക്കുന്നത് കാണാമായിരുന്നു. മറ്റ് ചിലരാകട്ടെ സ്വാതന്ത്ര്യമാഘോഷിക്കാനായി തെരുവിൽ ഇറാഖി പതാക പറത്തുകയും ചെയ്തിരുന്നു.

ഗോഗ്ജാലിയിൽ ഇറാഖി സേന നടത്തിയ തെരച്ചിലിനിടെ ആറ് ഐസിസുകാരെ കണ്ടെത്തി വധിച്ചിരുന്നു. ഒരു ടണലിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവരെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സേനയുടെ പിടിയിൽ പെടുമെന്നുറപ്പായപ്പോൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.ഇവർ ശരീരത്തിൽ സ്ഫോടകവസ്തുക്കൾ ധരിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇന്നലെ മൊസൂളിന്റെ ഏറ്റവും കിഴക്കുള്ള ജില്ലകളിലൊന്നായ ഗോഗ്ജാലിയിലെ ഓരോ വീടും സൈനികർ അരിച്ച് പെറുക്കുന്നത് തുടരുകയാണ്. ഇതിനിടെ പലായനം ചെയ്ത ജിഹാദികൾ റോഡുകളിലും മറ്റും സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ചിട്ടുണ്ടോയെന്ന പരിശോധനയും ചില സൈനികർ നടത്തുന്നുണ്ട്. സേന മുന്നേറ്റം തുടരുന്നതിനിടെ ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ജനറൽ അബ്ദുൾ ഗാനി അസാദി റ എന്ന കൗണ്ടർ ടെററിസം ഫോഴ്സസസ് കമാൻഡർ വെളിപ്പെടുത്തിയിരിക്കുന്നത്.മുന്നേറ്റത്തിനിടെ ഐസിസുകാർ മോർട്ടാറുകളുമായി സേനയെ ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.അതിനാൽ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി അവരോട് വീടിനുള്ളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രദേശത്ത് തണുപ്പും ആകാശം കാണാൻ പറ്റതാത് വിധത്തിലുള്ള മേഘങ്ങളുമുള്ളതിനാൽ പുതിയ വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെന്നാണ് ബ്രിഗേഡിയർ ജനറൽ ഹൈദർ ഫാദിൽ പറയുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സേനകൾ ഐസിസിനെ തറ പറ്റിക്കാൻ കടുത്ത വ്യോമാക്രണമാണ് ഇവിടെ നടത്തി വന്നിരുന്നത്.എന്നാൽ നിലവിൽ ആകാശം മേഘാവൃതമായതിനാൽ യുദ്ധവിമാനങ്ങളോ ഡ്രോണുകളോ പറത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറയുന്നു.ഏതാനും സമയത്തിനുള്ളിൽ തന്നെ ഇറാഖി സേനകൾക്ക് ഇവിടെ നിന്നും മൊസൂളിലേക്ക് കടന്ന്കയറാനാവുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്. രണ്ടു വർഷമായി ഇവിടെ ഐസിസ് ഭരണത്തിൻ കീഴിലായതിനാൽ ഇവിടേക്ക് ഇക്കാലത്തിനിടെ സേനക്ക് പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഐസിസിന്റെ ശക്തികേന്ദ്രമായ മൊസൂൾ കീഴടക്കാനുള്ള പോരാട്ടം ആഴ്ചകളോളം നീണ്ട് നിൽക്കുമെന്നാണ് കരുതുന്നത്. പത്ത് ലക്ഷത്തോളം പേർ അധിവസിക്കുന്ന ഈ നഗരത്തിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കിയുള്ള നീക്കമാണ്സേന വരും ദിവസങ്ങളിൽ പദ്ധതിയിട്ടിരിക്കുന്നത്.