തിരുവനന്തപുരം: കേരളത്തിൽ ചികിത്സയ്ക്ക് എത്തിയ അയർലന്റ് സ്വദേശി ലിഗ സ്‌ക്രോമാൻ എന്ന യുവതിയെ കാണാതായിട്ട് ഇന്ന് 10 ദിവസം പിന്നിടുന്നു. സഹോദരി എലീസയും കാണാതായ വിവരമറിഞ്ഞ് തിരുവനന്തപുരതെത്തിയ ലിഗയുടെ പങ്കാളി ആൻഡ്രൂ ജോണാഥനും ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. രാവും പകലുമെന്നില്ലാത്ത ഇവരുടെ അന്വേഷണത്തിന് ചില സാംസ്‌കാരിക സന്നദ്ധ സംഘട പ്രവർത്തകരുടെ സഹായം മാത്രമാണുള്ളത്. ലിഗയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിട്ടും പൊലീസിൽ നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും അവരുടെ അനാസ്ഥയാണ് ഇപ്പോഴും ലിഗയെ കണ്ടെത്താൻ കഴിയാത്തതിന്റെ കാരണമെന്നും ജോണാഥൻ പറയുന്നു.

നഗരത്തിലും ബീച്ചുകളിലും ലിഗയെ കണ്ടെന്ന് പലരും പറയുന്നുണ്ടെങ്കിലും ഈ വിവരം അന്വേഷിച്ച് പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലെത്തി കാര്യം പറയുമ്പോഴാണ് ഇങ്ങനെയൊരു സംഭവം നടന്നത് പോലും ഓരോ പൊലീസ് സ്റ്റേഷനിലും അറിയുന്നത് എന്നും വിഷമത്തോടെയും കണ്ണീരോടെയുമാണ് ഐറിഷുകാരനായ യുവാവ് മറുനാടൻ മലയാളിയോട് വിശദീകരിച്ചത്. നാട്ടുകാരും വിവരമറിയുന്നവരും വിശദാംശങ്ങൾ തിരക്കുന്നു, അന്വേഷിക്കുന്നു പക്ഷേ പൊലീസ് ഇതുവരെ ഉണർന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് തന്നെയാണ് ജോണാഥൻ പറയുന്നത്. കഴിഞ്ഞ മാസം ആദ്യമാണ് ലിഗ സഹോദരി എലീസയ്ക്ക് ഒപ്പം കേരളത്തിൽ എത്തിയത്. കേരളത്തിലെത്തിയത് മുതൽ ഇന്ന് വരെയുള്ള സംഭവങ്ങൾ മറുനാടനോട് വിശദീകരിക്കുകയായിരുന്നു ലിഗയുടെ പങ്കാളിയും സഹോദരിയും. ജ്വാല എന്ന സംഘടനയും അതിന്റെ രക്ഷാധികാരിയായ അശ്വതി എന്ന പൊതുപ്രവർത്തകയും പിന്നെ ചില സാമൂഹ്യ മാധ്യമകൂട്ടായ്മയിലെ യുവാക്കളുമാണ് ഇപ്പോൾ ഇവരെ സഹായിക്കുന്നത്.

ലിഗയുടെ സഹോദരി എലീസ പറയുന്നത് ഇങ്ങനെ

കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ലിഗ. ഇതിന് ചികിത്സ തേടിയാണ് കേരളത്തിലെത്തിയത്. ആറാഴ്ചത്തെ ആയുർവേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ജീവിതവുമാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ലിഗ എന്റെ സഹോദരിയാണ്, അവൾ മടങ്ങിയെത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഫെബ്രുവരി മാസം മൂന്നിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും ബസിലാണ് ആലപ്പുഴയിലേക്ക് പോയത്. പിന്നീട് അവിടെ നിന്നും കൊല്ലത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും എത്തുകയായിരുന്നു.

മാതാ അമൃതാനന്ദമയിയുടെ കടുത്ത ഭക്ത

അമൃതാനന്ദമയിയുടെ കടുത്ത ഭക്തയും അനുയായിയുമാണ് ലിഗ സ്‌ക്രോമാൻ. കടുത്ത വിഷാദ രോഗികൂടിയായ ലിഗ കുറച്ച് ദിവസം അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് വള്ളിക്കാവിലെ ആശ്രമത്തിലെത്തിയത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇവിടെ തങ്ങണമെന്ന് കരുതിയെങ്കിലും അത് സാധിച്ചില്ല. രാത്രിയിൽ ഉറങ്ങാനാവാത്ത വിധം അമ്പലത്തിലേയും ആശ്രമത്തിലേയും പാട്ടും ബഹളവും കാരണം ലിഗയും സഹോദരിയും അവിടെ നിന്ന് വർക്കലിയലേക്കും പിന്നീട് പോത്തൻകോട് ധർമ എന്ന ചിക്തസാ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ആറാഴ്ചത്തോളം യോഗയും മറ്റു ചിക്ത്സയുമാണ് ഉദ്ദേശിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾകൊണ്ട് തന്നെ ചികിത്സയിൽ മെച്ചവുമുണ്ടായിരുന്നു.

കാണാതായത് യോഗയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ

14ന് രാവിലെ 8 മണിക്കാണ് യോഗയ്ക്ക് പോകാനായി തയ്യാറായി നിന്നത്. ഈ സമയത്ത് എനിക്ക് അവൾ ഒരു ചുംബനം നൽകി. പിന്നെ റെഡിയായി വരാൻ പറഞ്ഞു. ബാചത് റൂമിൽ പോയി മടങ്ങി വന്നപ്പോൾ അവളം കാണുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശ്രമത്തിലെ ചിലരേയും കൂട്ടി അന്വേഷിച്ചിറങ്ങി. അവളുടെ പഴ്സും പാസ്പോർട്ടും മൊബൈൽഫോണും എല്ലാം മുറിയിൽ തന്നെ ഉണ്ടായിരുന്നു. പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് അവൾ ഒരു ഓട്ടോയിൽ കയറി അടുത്തുള്ള ബീച്ചിലേക്ക് പോയി എന്നും കോവളത്തേക്കാണ് പോയത് എന്നും മനസ്സിലാക്കിയത്. പിന്നാലെ തന്നെ ഞാനും ആശ്രമത്തിലെ അഞ്ചോളം പേരും ഒരു വാഹനത്തിൽ കോവളത്ത് എത്തി.

കോവളം ബീച്ചിൽ മുഴുവൻ അവളെ തിരക്കി. മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടായിരുന്നത് എല്ലാവർക്കും കാണിച്ച് കൊടുത്ത് തിരക്കി. പലരും അവളെ കണ്ടുവെന്ന് പറഞ്ഞു. ഉടൻ തന്നെ ഞങ്ങൾ കോവളം പൊലീസിനെ വിവരമറിയിച്ചെങ്കിലും അവർ പറഞ്ഞത് പോത്തൻകോട് പൊലീസിൽ വിവരമറിയിക്കാനാണ്. അവിടെ വിവരമറിയിച്ചതനുസരിച്ച ഷാഡോ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും കൃത്യമായി ഒന്നും നന്നില്ല. പിന്നെ അപ്പോൾ തന്നെ അയർലന്റിലുള്ള ജോണാഥനെ വിവരമറിയിക്കുകയായിരുന്നു. മാർച്ച് 18ന് അദ്ദേഹവും എത്തി. പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് അന്വേഷണം നടത്തിയത്.

സംഭവത്തെക്കുറിച്ച് പങ്കാളി ആൻഡ്രു ജോണാഥൻ പറയുന്നത് ഇങ്ങനെ

നിറഞ്ഞ കണ്ണുകളോടെ തന്റെ പങ്കാളിയുടെ ഫോട്ടോയിൽ നോക്കി കരഞ്ഞ്കൊണ്ടാണ് ജോണാഥൻ പ്രതികരിച്ചത്. ഈ ചിത്രവും വാർത്തയും എല്ലാവരും പരമാവധി ഷയർ ചെയ്ത് സഹായിക്കണം. ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കണം എന്നാണ് അയാൾ നിറകണ്ണുകളോടെ പറഞ്ഞത്. ഓരോ സ്ഥലത്തും അന്വേഷിച്ച് ചെല്ലുമ്പോഴും പ്രദേശവാസികൾ അവളെ കണ്ടെന്ന് പറയുന്നു എന്നാൽ ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പലർക്കും സംഭവം എന്താണെന്ന് പോലും അറിയില്ല. ഒരു മനുഷ്യനെ ആണ് കാണാതായത് എന്ന് അധികാരികൾ ആദ്യമെ തിരിച്ചറിഞ്ഞുവെങ്കിൽ അവളെ ഇതിനോടകം തന്നെ കണ്ടെത്താമായിരുന്നു.

സ്വയം അന്വേഷണം ആരംഭിച്ചത് പൊലീസ് സഹായമില്ലാത്തതിനാൽ

പൊലീസിന് ആദ്യം തന്നെ പരാതി നൽകിയതാണ്. എന്നാൽ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് ഈ പരാതി കൈമാറാൻ അവർ ത്യയാറായില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അത് വളരെ ഉപകാരപ്രദമായേനെ. പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ച് ചെന്നപ്പോൾ പലപ്പോഴപം ചിരിച്ചും കളിച്ചുമാണ് പ്രതികരിച്ചത്. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പോയതോടെയാണ് പ്രശ്നം എത്ര ഗുരുതരമാണെന്ന് പോലും പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ലെന്നും ലോക്കൽ സ്റ്റേഷനുകളിൽ പരാതി നൽകി കാത്തിരിക്കുന്നതത് മണ്ടത്തരമാണെന്ന് ഉറപ്പായതോടെയാണ് നഗരത്തിലും ബീച്ചിലും അവൾ പോയ എല്ലാ സ്ഥലത്തും പോയി അന്വേഷിക്കാൻ തീരുമാനിച്ചത്.

കോവളത്ത് പോയപ്പോഴാണ് അവളെ 18ന് രാവിലെ അവിടെ കണ്ടെന്നും പിന്നെ ഒരു ഓട്ടോറിക്ഷയിൽ വിഴിഞ്ഞത്തേക്ക് പോയി എന്നും മനസ്സിലായത്. അവിടെ ചെന്നപ്പോൾ ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞത് അവളെ അന്ന് രാവിലെ അവിടെ കണ്ടുവെന്നാണ്. അയാളോട് ഈ വിവരം പൊലീസ് സ്റ്റഏഷനിലെത്തി പറയാമോ എന്ന് ചോദിച്ചപ്പോൾ അയാൾ വണ്ടി ഓടിച്ച് പോവുകയായിരുന്നു. ഇഔ വിവരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞപ്പോഴാണ് അവർ ആദ്യമായി ഈ വിഷയം അറിഞ്ഞത്.

പ്രാദേശികമായി ലഭിക്കുന്നത് നല്ല സഹായം, ചൂഷണവും കുറവല്ല

ലിഗയുടെ ചിത്രയുമായി വിഴിഞ്ഞത്തെ ഓരോ വീട്ടിലും പ്രദേശത്തും ജംങ്ഷനുകളിലും പോയി. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ കാര്യം തിരക്കി എത്തുന്നുണ്ട്. നാട്ടുകാരെല്ലാം നന്നായി സഹകരിക്കുന്നുണ്ട്. പൊലീസിൽ നിന്നും സഹായം ലഭിക്കുന്നില്ലെന്ന് കണ്ടതോടെയാണ് മുതിർന്ന ഉദ്യോഗസ്ഥരെ കാണാൻ തീരുമാനിച്ചത്. ലിഗയുടെ ചിത്രങ്ങൾ ഞാൻ വർക്കലയിലും കൊല്ലത്തും കൂടി ഒട്ടിച്ചിട്ടുണ്ട്. കാണുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് പറയുമ്പോഴേക്കും അയാളുടെ കണ്ണുകൾ ഈറനണിയുകയാണ്. നാട്ടുകാർ നല്ലതചാണെന്ന അഭിപ്രായമാണ് എങ്കിലും ഒരു വിദേശിയെ ചൂഷണം ചെയ്യുന്ന ഓട്ടോ ഡ്രൈവർമാരും കുറവല്ല ഓട്ടോറിക്ഷയിൽ ബേക്കറി ജംങ്ഷനിൽ നിന്നും കോവളം വരെ പോയതിന് വാങ്ങിയത് 1500 രൂപയാണ്.