ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ കൊല്ലപ്പെട്ടനിലയിൽ കിണറ്റിൽ കണ്ടെത്തിയ നാടോടി യുവതിയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്ത മകൻ ആര്യൻ (6) കോടതിയിൽ രഹസ്യമൊഴി നൽകി. സി.ആർ.പി.സി. 164 പ്രകാരം തലശേരി സി.ജെ.എം. കോടതിയിൽ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണു മൊഴി രേഖപെടുത്തിയത്. യുവതിയെ കൊന്ന കാമുകന്റെ ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ ഈ മൊഴി മാത്രം ധാരാളമാണ്. ജനുവരി മധ്യത്തോടെ നടന്ന സംഭവം

കേസ് കോടതിയിൽ തെളിയിക്കാൻ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാവൂർ മുൻ സി.ഐ: പി. സുനിൽകുമാറിന്റെ അപേക്ഷ പരിഗണിച്ചാണു മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 15ന് പുലർച്ചെയാണു നാടോടി യുവതി ശോഭയെ കാമുകനും ബന്ധുവുമായ കർണാടക സ്വദേശി മഞ്ജുനാഥ് കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകം നേരിൽ കണ്ടെന്നു കുട്ടി മൊഴി നൽകി. താനും സഹോദരി അമൃത(4)യും ഉറക്കത്തിലായിരുന്നു.

ബഹളം കേട്ട് ഉണർന്നപ്പോൾ മഞ്ചുനാഥ് അമ്മയുടെ കഴുത്തു ഞെരിക്കുന്നതും ബോധം നശിച്ച അമ്മയെ കൂടാരത്തിൽനിന്ന് എടുത്തുകൊണ്ടുപോകുന്നതും കണ്ടുവെന്നാണു കുട്ടി പറയുന്നത്. നിലവിളിച്ച തന്നെ മഞ്ജുനാഥ് സമാധാനിപ്പിച്ചു. തുടർന്നു തന്നെയും സഹോദരിയെയും ഇരിട്ടി ബസ് സ്റ്റാൻഡിലേക്കു കൂട്ടിക്കൊണ്ടു പോയി ചായയും പലഹാരവും വാങ്ങി നൽകി. പിന്നീട് മൈസൂരിലേക്കും അവിടെനിന്നു ബംഗളരുവിലേക്കും കൊണ്ടുപോയി. ബംഗളരുവിൽ നിന്നും മുംെബെ ട്രെയിനിൽ കയറ്റിയശേഷം തുണി വിരിച്ച് ട്രെയിനിന്റെ പ്ലാറ്റ് ഫോമിൽ കിടത്തി. ഉടൻ മടങ്ങി വരാമെന്നു പറഞ്ഞ മഞ്ജുനാഥ് ട്രെയിനിൽനിന്നും ഇറങ്ങിപ്പോയെന്നുമാണ് ആര്യന്റെ മൊഴി.

സാഹചര്യതെളിവ് മാത്രമായിരുന്നു കേസിൽ ഉണ്ടായിരുന്നത്. മുംബൈയിൽനിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാടുള്ള പിതൃസഹോദരിയോടൊപ്പമാണ് കഴിയുന്നത്. പേരാവൂർ സിഐ സുനിൽകുമാറിന് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് ഒന്നരമാസമായി ഇരിട്ടിയിൽ സി.ഐയില്ലായിരുന്നു. കേസിൽ ഇനി കുറ്റപത്രം നൽകുന്നത് മട്ടന്നൂർ സിഐ ഷാജു ജോസഫായിരിക്കും. എ. കുട്ടികൃഷ്ണൻ പേരാവൂർ സി.ഐയായി ചുമതലയേറ്റെങ്കിലും സീനിയറായ മട്ടന്നൂർ സി.ഐയ്ക്കാണ് ഡിവൈ.എസ്‌പി: പ്രജീഷ് തോട്ടത്തിൽ ഇരിട്ടിയുടെ ചുമതല നൽകിയിരിക്കുന്നത്.

ശോഭയെ മഞ്ചുനാഥ് ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി പഴയ പാലത്തിലെ പൊട്ട കിണറ്റിലിടുകയായിരുന്നു. കൊലക്ക് ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനേയും അമൃതയേയും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് മൊഴി നൽകിയത്. കുട്ടികളെ ലഭിക്കാൻ അവരുടെ ചിത്രം വച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടയിലാണ് മുംബൈയിൽ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ കണ്ടെത്തിയത്. ശോഭയെ കൊലപ്പെടുത്തിയതിന് ദൃക്്‌സാക്ഷിയായ ആര്യനെ കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.

ശോഭയുടെ ആദ്യഭർത്താവ് രാജുവിനെ കൊന്നതും മഞ്ചുനാഥ്

കൊല്ലപ്പെട്ട യുവതിയുടെ ആദ്യഭർത്താവായ രാജുവിനെ മൃഗീയമായി കൊലപ്പെടുത്തിയത് ശോഭയും മഞ്ചുനാഥും ചേർന്നാണെന്നു അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സിനിമാകഥയെ വെല്ലുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് ഒരു കൊലപാതക അന്വേഷണത്തിന് പുറകെ പോയ അന്വേഷണ സംഘത്തിന് ലഭിച്ചത്. കാമുകനും ബന്ധുവുമായ മഞ്ചുനാഥിനൊപ്പം ജീവിക്കാൻ ശോഭ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു തന്റെ ഭർത്താവായ രാജുവിനെ കൊലപ്പെടുത്തുക എന്നുള്ളത്. ശോഭയായിരുന്നു ഇതിനു പിന്നിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ശോഭയുടെ ബുദ്ധിയിലാണ് ആദ്യഭർത്താവായ രാജുവിനെ കൊലപ്പെടുത്താൻ താനും പങ്കാളിയായതെന്ന് മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്: കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ സിറാ പൊലീസ് സർക്കിൾ പരിധിയിലെ കല്ലമ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കൊല്ലപ്പെട്ട രാജുവും ഭാര്യ ശോഭയും മക്കളായ ആറ് വയസുകാരൻ ആര്യൻ, നാലുവയസുകാരി അമൃതയും അടങ്ങുന്ന കുടുംബം വാടകക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരി കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരിയുടെ ഭർത്താവായ മഞ്ചുനാഥുമായി ശോഭ അടുപ്പത്തിലായതോടെയാണ് രാജുവിന്റെ കൊലപാതകത്തിലേക്ക് വഴി തുറന്നത്.

മഞ്ചുനാഥമായുള്ള ബന്ധത്തെച്ചൊല്ലി രാജുവും ശോഭയും വാടകവീട്ടിൽ നിത്യേന വഴക്കും കലഹവും മൂർച്ഛിച്ചു. തുടർന്ന് മഞ്ചുനാഥുമായുള്ള ബന്ധത്തിന് തന്റെ ഭർത്താവ് തടസമാണെന്ന് ശോഭ കണ്ടെത്തുകയും രാജുവിനെ ഇല്ലാതാക്കുവാനുള്ള ഗൂഢാലോചനയിൽ മഞ്ചുനാഥിനെകൂടി പങ്കാളിയാക്കുകയായിരുന്നു. ഇരുവരും കൂടി 2015 ഡിസംബർ 21ന് മഞ്ചുനാഥിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ രാജുവിനേയും കൂട്ടി തുംകൂർ ജില്ലയിലെ സാത്തനഹള്ളി കർണ്ണാടക ഗവ. വനമേഖലയ്ക്കടുത്തുവച്ച് വണ്ടിയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് രാജുവിന്റെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് പ്ലാസ്റ്റിക് കയർ ഊരി വണ്ടിയിൽ തന്നെ സൂക്ഷിക്കുകയും റോഡിൽ നിന്ന് 200 മീറ്റർ വനത്തിനുള്ളിലായി വനംവകുപ്പ് അധികൃതർ നിർമ്മിച്ച മഴക്കുഴിയിൽ രാജുവിന്റെ മൃതദേഹം വലിച്ചിട്ട് ചുള്ളിക്കമ്പുകളും ചപ്പുചവറുകളും കൂട്ടിയിട്ട് തീകൊളുത്തിയ ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

പിന്നീട് ആര്യനേയും, അമൃതയേയും കൂട്ടി കേരളത്തിലേക്ക് മുങ്ങുകയുമായിരുന്നു. ഫോറസ്റ്റിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടം വനംവകുപ്പ് അധികൃതർക്ക് ലഭിക്കുകയും ഇവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം നൽകുകയും ചെയ്‌തെങ്കിലും മരണപ്പെട്ട ശവശരീരം ആരുടേതാണെന്നോ , ആരാണ് കൊല്ലപ്പെട്ടതെന്നോ കർണ്ണാടക പൊലീസിന് അറിവുണ്ടായിരുന്നില്ല. മാത്രമല്ല അവിടെ ആരേയും കാണാനില്ലെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ മറ്റ് പരാതികളും ഇല്ലാത്തതിനാൽ കർണ്ണാടക പൊലീസ് കേസെടുത്തെങ്കിലും മറ്റു തുമ്പൊന്നും ലഭിക്കാത്തതിനാൽ കേസന്വേഷണം മുമ്പോട്ട് പോയതുമില്ല. കൊലപാതകത്തിന് ശേഷം ഇരിട്ടി പഴയപാലത്ത് തമ്പടിച്ച ശോഭയും മഞ്ചുനാഥും കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചെങ്കിലും ഭാര്യയും കുട്ടികളുമുള്ള മഞ്ചുനാഥ് തന്റെ ഭാര്യയേയും കുട്ടികളേയും കാണാൻ പോകുന്നതും അവരുമായി ഫോണിൽ ബന്ധപ്പെടുന്നതും ശോഭ വിലക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കടിക്കുകയും ചെയ്തിരുന്നു. മഞ്ചുനാഥ് കർണ്ണാടകത്തിലേക്ക് പോയാൽ തന്നെയും മക്കളേയും ഉപേക്ഷിക്കുമോയെന്ന ഭയമായിരുന്നു ശോഭക്കുണ്ടായിരുന്നത്. ഇതിന് മഞ്ചുനാഥിനെ തനിക്കൊപ്പം നിർത്താൻ ശോഭ കണ്ടെത്തിയ വഴി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ രഹസ്യം താൻ പൊലീസിനോട് പറയുമെന്നും എന്നെ ഉപേക്ഷിച്ച് ആദ്യഭാര്യയേയും മക്കളേയും തേടി പോയാൽ കൊലക്കുറ്റത്തിന് തടവറക്കുള്ളിലാകും ജീവിതമെന്നും പറഞ്ഞ് നിരന്തരം മഞ്ചുനാഥിനെ ശോഭ ഭീഷണിപ്പെടുത്തിയതായും ഇതാണ് ശോഭയെ കൊലപ്പെടുത്താൻ കാരണമെന്നും മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)