തിരുവനന്തപുരം: ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അദ്ധ്യാപകനെ കേരള സർവകലാശാലയിൽ പ്രഫസറായി നിയമിക്കാൻ നീക്കം. യൂണിവേഴ്‌സിറ്റി കോളജിൽ പരീക്ഷ ചുമതല വഹിച്ചിരുന്ന അദ്ധ്യാപകൻ അബ്ദുൾ ലത്തീഫിനെയാണ് അറബിക് പ്രഫസറായി നിയമിക്കാമെന്ന് നിയമോപദേശം ലഭിച്ചത്. ഈ മാസം ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനത്തിന് അംഗീകാരം നൽകാനാണ്‌ നീക്കം.

പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ റാങ്ക്പട്ടികയിൽ ആദ്യ റാങ്ക് നേടിയ യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്തിരുന്നു.

അബ്ദുൾ ലത്തീഫ് സംഭവത്തിന് ഉത്തരവാദിയാണെന്ന് കേരളസർവകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തുകയും തുടർന്ന് പരീക്ഷാ ജോലികളിൽനിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും ചെയ്തു. ശിക്ഷണ നടപടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് അബ്ദുൾ ലത്തീഫിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

പെരുമാറ്റചട്ടങ്ങൾ നിലവിൽ വരുന്നതിനുമുൻപ് ശുപാർശ നൽകിയിട്ടുള്ളതുകൊണ്ട്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയോടെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുൻപ് നിയമനം നൽകാൻ വിസിയുടെ മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്.

ഉത്തരക്കടലാസിന്റെ പേരിൽ ശിക്ഷാനടപടികൾക്കു വിധേയനായ അദ്ധ്യാപകനെ സർവകലാശാലയുടെ പഠനവകുപ്പിൽ തന്നെ പ്രഫസറായി നിയമനം നൽകുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കപ്പെട്ടതിനെ തുടർന്നാണ് സിൻഡിക്കേറ്റ് നിയമോപദേശം തേടാൻ തീരുമാനിച്ചത്.

ഉത്തരക്കടലാസ് നഷ്ടപെട്ടത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന്റെ അന്തിമവിധിക്കു വിധേയമായി പ്രഫസർ നിയമനം നൽകാവുന്നതാണെന്നാണ് സർവകലാശാല നിയമോപദേശകന്റെ നിലപാട്. ഉത്തരകടലാസ് നഷ്ടപെട്ട സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞ് നിയമസഭയിൽ ഒച്ചപ്പാടായതിനു ശേഷമാണ് സർവകലാശാല പ്രസ്തുത കേസ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്.

രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരങ്ങൾ നേടിയ അപേക്ഷകരുൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.