തൃശൂർ: സർക്കാർ ഫണ്ടിൽ നിന്നു 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ ജില്ലാ വ്യവസായ വികസന ഓഫിസർക്ക് വിനയായത് ബാങ്ക രേഖകൾ. നിലവിൽ വടകര വ്യവസായ കേന്ദ്രത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറായ പത്തനംതിട്ട അടൂർ ഏഴംകുളം പണിക്കശേരിയിൽ ബിന്ദു എസ് നായർ (47) ആണ് പിടിയിലായത്. രണ്ടാഴ്ചത്തേക്കു റിമാൻഡിലായ ബിന്ദുവിനെ ജയിലിലാക്കി. സിപിഎമ്മുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് അവർ.

ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇവിടെ അഡ്‌മിനിസ്‌ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു. പിന്നീട് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടാണ് വിനയാകുന്നത്. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോളിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂർ കോർപറേഷനു വിറ്റ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും അക്കൗണ്ടുകളിലേക്കു മാറ്റി. വകുപ്പു തലത്തിൽ പരിശോധന വന്നപ്പോൾ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. ബാക്കി തുകയെല്ലാം എവിടെ പോയി എന്ന സംശയമാണ് ബിന്ദുവിനെ കുടുക്കിയത്.

തൃശൂരിലെ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ പോസ്റ്റിലിരുന്ന് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിന് ബിന്ദു സസ്‌പെൻഷനിലായിരുന്നു. 18 ലക്ഷം രൂപ വെട്ടിച്ച കേസിൽ സസ്പെൻഷനിലായ ബിന്ദു.എസ്.നായരെയാണ് നിരുപാധികം തിരിച്ചെടുക്കുകയായിരുന്നു. വ്യവസായ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന നടപടിയാണ് വ്യവസായവകുപ്പ് ഡയറക്ടറിൽ അന്ന് നിന്നും ഉണ്ടായത്. ഇതേ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട ഡയറക്ടർ തന്നെയാണ് ഈ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തിരിക്കുന്നത്.

ലിക്വിഡേറ്റർ ഫണ്ടിലെ ലക്ഷങ്ങൾ അപഹരിച്ചതിനാണ് ഇവർക്ക് സസ്പെൻഷൻ നേരിട്ടത്. വെട്ടിപ്പ് നടത്തിയ 31 ലക്ഷത്തോളം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു സസ്പെൻഡ് ചെയ്യുന്ന വേളയിൽ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുകയിൽ ഒരു രൂപപോലും ഇവർ തിരിച്ചടച്ചിട്ടില്ല. എന്നാൽ ഇവരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചെടുക്കാൻ നീക്കം തകൃതിയായി നടക്കുന്നെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. 2019 ജൂൺ 12 നാണ് ഈ വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളിൽ തന്നെ ഇവരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. അച്ചടക്ക നടപടി തുടർന്ന് കൊണ്ടിരിക്കെ തന്നെയുള്ള തിരിച്ചെടുക്കൽ ആണെന്നാണ് ഉത്തരവിൽ പറഞ്ഞത്.

വടകര കുന്നുമ്മൽ ബ്ലോക്കിലെ വ്യവസായ വികസന ഓഫീസർ ആയാണ് തിരികെ എടുത്തിരിക്കുന്നത്. 18 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ ഈ വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുക്കുമ്‌ബോൾ വകുപ്പ് പറയുന്ന ന്യായം ഇവർക്കെതിരെ അച്ചടക്ക നടപടി തുടരുമെന്നായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സഹകരണ സംഘത്തിന്റെ 3.5 സെന്റ് സ്ഥലം വിൽപ്പന നടത്തിയിരുന്നു.

18 ലക്ഷം രൂപയ്ക്ക് തൃശൂർ കോർപറേഷന് ഈ സ്ഥലം കൈമാറി എന്നാണ് ബിന്ദു ജില്ലാ വ്യവസായ കേന്ദ്രത്തിനെ അറിയിക്കുന്നത്. എന്നാൽ ഇടപാടിൽ ഇവർ 22,80,000 രൂപയാണ് കൈപ്പറ്റിയത്. ലിക്വിഡേറ്ററുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇവർ ഈ തുക നിക്ഷേപിച്ചത്. കോമൺ ലിക്വിഡേഷൻ ഫണ്ടിലേക്ക് ഈ തുക വകമാറ്റണം എന്ന് ചട്ടമുണ്ടെങ്കിലും ഇവർ തുക വകമാറ്റിയില്ല. ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക ഇവർ പലതവണയായി പിൻവലിക്കുകയും ചെയ്തു. ഒടുവിൽ വ്യവസായവകുപ്പ് ഡയറക്ടർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ശേഷിച്ചത് മൂന്നു ലക്ഷത്തോളം രൂപയായിരുന്നു.