- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർഷാദ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു പൊലീസ്; ദീപക്കിന്റെ മൃതദേഹം എന്നും കരുതി ബന്ധുക്കൾ സംസ്കരിച്ചത് തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മൃതദേഹം; തെളിഞ്ഞത് ഡിഎൻഎ പരിശോധനയിൽ; കിഡ്നാപ്പിങ് കൊലപാതകത്തിന് പിന്നിൽ കൊടുവള്ളിയിലെ സ്വർണ്ണക്കടത്തു സംഘമെന്നും പൊലീസ്; 'ചോരപ്പൊന്നി'ന്റെ പേരിൽ വീണ്ടും അരുകൊല
കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു പൊലീസ്. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇന്നലെ ഇക്കാര്യം മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ഇന്ന് ഈ വിവരം പൊലീസ് ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്‌കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്.
തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്ന് കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു. ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജൂൺ ആറിന് കാണാതായ മേപ്പയൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകിന്റെ മൃതദേഹമെന്നു കരുതി വീട്ടുകാർ ഏറ്റുവാങ്ങി സംസ്‌കരിക്കുകകയായിരുന്നു. ഡി.എൻ.എ പരിശോധനയിൽ മൃതദേഹം ദീപകിന്റേതല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞത്.
ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. കൽപറ്റ കടുമിടുക്കിൽ ജിനാഫ് (31), വൈത്തിരി ചെറുമ്പാല ഷഹീൽ (26) എന്നിവരെയാണ് പേരാമ്പ്ര എ.എസ്‌പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
ഇതുവരെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ പിണറായി സ്വദേശി മർഹബയിൽ മർസിദ് (32) തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. വിദേശത്ത് ജോലി ആവശ്യാർഥം പോയ ഇർഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ കാണാതായി. രക്ഷിതാക്കളുടെ പരാതിയിൽ പെരുവണ്ണാമൂഴി പൊലീസ് അന്വേഷിച്ച് 16ന് വീടിനു സമീപം കണ്ടെത്തി പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കി. തുടർന്നാണ് പത്തനംതിട്ട സ്വദേശിനിയുടെ സ്വർണം ഇർഷാദ് വശം ഉണ്ടെന്ന ആരോപണവുമായി സംഘം വീട്ടിലെത്തിയത്.
അത് മധ്യസ്ഥർ മുഖേന പറഞ്ഞുതീർത്തതാണെന്നും പറയുന്നു. മെയ് 23ന് വീട്ടിൽനിന്ന് പോയ ഇർഷാദ് രണ്ടുദിവസം അത്തോളി പറമ്പത്തെ ഭാര്യവീട്ടിലായിരുന്നു. അവിടെനിന്ന് വയനാട്ടിലേക്ക് ജോലിക്കെന്നുപറഞ്ഞ് പോയ യുവാവിനെ കുറിച്ച് പിന്നീട് വിവരമില്ലാതാവുകയായിരുന്നു. ഇർഷാദിനെ കെട്ടിയിട്ട് മർദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് ജൂലൈ 28ന് പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്.
ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘങ്ങളാണ് ഇർഷാദിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും സ്വർണ്ണക്കടത്തും, തട്ടിക്കൊണ്ടുപോകലുമായി ഈ മേഖലയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതിയായ നാസർ ദുബായിലാണ്്. നസീറിന്റെ സഹായി കണ്ണൂർ പിണറായി മർഹബയിൽ മർസീദ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു പ്രതി പന്തിരിക്കരയിലെ തറവട്ടത്ത് ഷെമീറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ചോദ്യം ചെയ്യാനായില്ല.
മറുനാടന് മലയാളി ബ്യൂറോ