അടിമാലി: വലിയ ശബ്ദമില്ലാതെയായിരുന്നു അപകടം. പുറകേയെത്തിയ കാർ യാത്രക്കാർ അറിയിക്കും വരെ വിവരം നാട്ടുകാരും അറിഞ്ഞില്ല. ആദ്യം വിവരമറഞ്ഞെത്തിയവർക്ക് നീന്തൽ വശമില്ലാതിരുന്നതും വിനയായി. മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ഉൾപ്പെട്ട നാല് പേരുടെ ജീവൻ രക്ഷിച്ചതിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടപെടലും നിർണ്ണായകമായി. ഇന്നലെ രാത്രി കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിലെ ഇരുമ്പുപാലത്ത് ഉണ്ടായ കാർ അപകടത്തിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് രക്ഷപ്രവർത്തകർ നൽകുന്ന വിവരം ഇങ്ങിനെ:

രാത്രി 8.30 തോടെ മൂന്നാറിൽ നിന്നും മടങ്ങുകയായിരുന്ന വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന കാർ ഇരുമ്പുപാലത്ത് ദേവിയാർ പുഴയിലേക്ക് പതിക്കുകയായിരുന്നു.പാതയിൽ നിന്നും തെന്നി മാറിയ കാർ മൂന്നാൾ താഴ്ചയിൽ വെള്ളമുള്ള പുഴയുടെ ഭാഗത്തേയ്ക്കാണ് പതിച്ചത്. പാതയുടെ ഈ ഭാഗത്ത് പാതയോരത്ത് ഒരു പെട്ടിക്കടമാത്രമാണ് പ്രവർത്തിച്ചുവന്നിരുന്നത്.അപകടം നടന്ന സമയത്ത് ഇത് പൂട്ടിയ നിലയിലായിരുന്നു.കാര്യമായ ശബ്ദമുണ്ടാവാതിരുന്നതിരുന്നതിനാൽ വിജനമായ പ്രദേശത്ത് നടന്ന അപകടം സമീപത്തെ ഡോർമെറ്ററി നടത്തിപ്പുകാരും അറിഞ്ഞില്ല.

അപകടത്തിൽപ്പെട്ട കാറിന്റെ പിന്നാലെയുണ്ടായിരുന്ന കാർ യാത്രക്കാരാണ് ഡോർമെറ്ററിയിൽ എത്തി ജീവനക്കാർ വിവരമറിയിച്ചത്.ഒരു നിമിഷം പോലും പാഴാക്കാതെ അന്യസംഥാനക്കാരായ ജീവനക്കാരിൽ നീന്തൽ വശമുണ്ടായിരുന്നവർ പുഴയിൽച്ചാടി.ഇവരെത്തുമ്പോൾ വിവരമറിഞ്ഞെത്തിയ എതാനും പേർ തീരത്ത് നിലയുറപ്പിച്ചിരുന്നു.

പിന്നാലെ സമീപപ്രദേശത്തുനിന്നും വിവരമറിഞ്ഞെത്തിയ നാട്ടുകാരും പുഴയിൽച്ചാടി.മിഷങ്ങൾക്കുള്ളിൽത്തന്നെ 7 പേരെയും കരയ്‌ക്കെത്തിച്ചു.ഇവരിൽ അങ്കമാലി എലിഞ്ഞപ്ര പായിപ്പൻ വീട്ടിൽ ജോയി(51) ഭാര്യ ഷാലി (47) ഇവരുടെ മകൾ ജിസ്നയുടെ കുട്ടി ജീയന്ന (സാറ-3) എന്നിവർ സംഭവസ്ഥത്ത്് തന്നെ മരണപ്പെട്ടെന്നാണ് രക്ഷാപ്രവർത്തകർ മറുനാടനോട് വ്യക്തമാക്കിയത്. ജീന(20),ജിസ് ന(25),ജീവൻ(16)ജിസ്നയുടെ ഭർത്താവ് ജിയോ(35) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ ആലുവ രാജഗിരി ആശുപത്രിയിൽ ചികത്സയിലാണ്.

ഫയർഫോഴ്സും പൊലീസും നാട്ടുകാരും രക്ഷപ്രവർത്തനങ്ങളിൽ പങ്കാളികളായി.കഴിഞ്ഞ വർഷം ഒട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച അതേ സ്ഥലത്താണ് ഇന്നലെ അപകടം ഉണ്ടായത്.പൊതുപണിമുടക്ക് ദിവസമായതിനാൽ ദേശീയപാതയിൽ ഗതാഗതം കുറവുണ്ടായിരുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു. പതിവായി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും പാതയുടെ ഇടുങ്ങിയ ഈ ഭാഗം വീതികൂട്ടാനോ ഡിവൈഡർ സ്ഥാപിക്കാനോ ദേശീയപാത അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് അപകടത്തെത്തുടർന്ന് അൻസാരി അടിമാലി,ബേബി അഞ്ചേരിയിൽ ,ഷാജി പള്ളിക്കര,വിഷ്ണു ഇരുമ്പുപാലം, എൽദോസ് സ്‌കറിയ, സദ്ദാം ഇരുമ്പുപാലം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഉപരോധം ആരംഭിച്ചിരുന്നു.'

രാത്രി വൈകി ദേവികുളം എം എൽ എ സംഭവ സ്ഥലത്തെത്തി ഈ ഭാഗത്ത് റോഡ് സുരഷയ്ക്ക് ആവശ്യമായ നിർമ്മാണപ്രവർത്തനങ്ങൾ പൊതുമരാമത്ത് അധികൃതരുടെ ഇടപെടലോടെ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചത്. അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.