വാഷിങ്ടൺ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടതായി അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെ ഈ കൊടുംഭീരനെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു.

വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 'നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മൾ ഐഎസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു,'' ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക ദൗത്യത്തെ പറ്റി അമേരിക്കൻ പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ സിറിയയിൽ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗൺ അറിയിച്ചു. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

യുഎസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്.

2019 ഒക്ടോബർ 31നാണ് ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്. ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം. ബാഗ്ദാദി മരിച്ച അതേരീതിയിലായിരുന്നു ഖുറേഷിയും കൊല്ലപ്പെട്ടതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുഎസ് സൈന്യം എത്തിയപ്പോൾ കുടുംബത്തോടൊപ്പം ഭീകര സംഘടനാ തലവൻ ബോംബുപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സിറിയയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തി ശക്തി പ്രാപിക്കാൻ ഐഎസ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തലവനെ തന്നെ യുഎസ് വകവരുത്തിയത്. പ്രദേശത്തെ ഒരു ജയിൽ പിടിച്ചെടുക്കുന്നതിന് ഐഎസ് ഭീകരർ പത്തു ദിവസത്തോളം പോരാടിയിരുന്നു. ഹെലികോപ്റ്ററിലെത്തിയ യുഎസ് സൈന്യം വീട് ആക്രമിക്കുകയായിരുന്നെന്നും രണ്ടു മണിക്കൂറോളം ഭീകരരുമായി പോരാടിയതായും ദൃക് സാക്ഷി വാർത്താ ഏജൻസിയോടു പറഞ്ഞു. തുർക്കി അതിർത്തിയോടു ചേർന്ന അത്മെ നഗരത്തിലാണ് യുഎസ് സൈനിക നീക്കമുണ്ടായത്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ക്യാംപുകളുള്ള പ്രദേശമാണിത്.