ഇടുക്കി: തന്നെ വധിക്കാനും തന്റെ കുടുംബത്തെ ഉന്മൂലനം ചെയ്യാനും പാർട്ടിയിലെ ഉന്നതൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഏതാനും ദിവസങ്ങളായി പീരുമേട് എംഎൽഎയും സി. പി. ഐ നേതാവുമായ ഇ. എസ് ബിജിമോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വിവാദ കോലാഹലങ്ങൾക്ക് വഴിവയ്ക്കുന്നു. മരണഭയത്തോടെ കഴിയുന്നുവെന്ന എംഎൽഎയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് കേൾക്കാൻ കഴിയുകയുള്ളൂവെങ്കിലും ഈ ആരോപണങ്ങൾക്ക് മലയാളക്കര വേണ്ടത്ര ഗൗരവം കൽപിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ആരോപണങ്ങൾ സത്യസന്ധമാണെങ്കിൽ അതീവഗൗരവത്തോടെ മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെടേണ്ട വിഴയമാണിത്. എന്നാൽ ആരോപണങ്ങൾക്ക് പിന്നിൽ ബിജിമോളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും ചില സത്യങ്ങൾ മൂടിവയ്ക്കാനുമാണെന്ന് സി. പി. ഐയിലെതന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതോടെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഏറെ ബഹളത്തിനിടയാക്കിയ വിഷയം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണിപ്പോൾ.

തെരഞ്ഞെടുപ്പുകാലത്ത് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നും ഇപ്പോഴും ഭയത്തോടെയാണ് താൻ കഴിയുന്നതെന്നുമാണ് ബിജിമോൾ വെളിപ്പെടുത്തിയത്. പീരുമേട് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടശേഷം വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി നടത്തിയ പര്യടനത്തിനിടയിലാണ് ബിജിമോൾ ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. തോട്ടം മേഖലയിലെ പ്രസംഗത്തിലായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചത്. തന്നെയും കുടുംബത്തെയും ഉന്മൂലനം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും ഭക്ഷണം കഴിക്കുന്നതുപോലും ഭയത്തോടെയാണെന്നും എംഎൽഎ വെളിപ്പെടുത്തി. തനിക്കുള്ള ഭക്ഷണം മറ്റാരെങ്കിലും കഴിച്ചു നോക്കി കുഴപ്പമില്ലെന്ന് ഉറപ്പാക്കിയശേഷമേ താൻ കഴിക്കാറുള്ളൂ. തന്റെ കുടുംബത്തെ പൂർണമായും ഇല്ലായ്മ ചെയ്യാനാണ് പാർട്ടിയിലെ തന്നെ നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.

കുടിക്കുന്ന വെള്ളത്തെപ്പോലും തനിക്ക് വിശ്വാസമില്ല. വെള്ളത്തിൽപോലും വിഷം കലക്കിയിരിക്കാമെന്നാണ് പേടി. മുമ്പ് രാത്രികാലങ്ങളിൽ യാത്ര പോകുമായിരുന്നു. ഇപ്പോൾ അതിനും ഭയമാണ്. തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ തീവ്രമായ ശ്രമമുണ്ടായി. ഇങ്ങനെ അതന്ത്യം ഗുരുതരമായ ആരോപണങ്ങളാണ് ബിജിമോൾ ഉയർത്തിയതെങ്കിലും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന നേതാവ് ആരെന്ന് അവർ വെളിപ്പെടുത്തിയില്ല. എന്നാൽ ഇവരുടെ പ്രസംഗത്തിലെ വാക്കുകൾക്കും വരികൾക്കുമിടയിൽ ലക്ഷ്യമിടുന്ന നേതാവ് ആരെന്നു സുവ്യക്തവുമായിരുന്നു. ഇതോടെയാണ് പാർട്ടിക്കുള്ളിൽ ബിജിമോൾക്ക് അനുകൂലമായും എതിരായും വാദങ്ങളുയർന്നതും കലഹത്തിലേക്ക് നീങ്ങുന്നതും.

ബിജിമോളുടെ ആരോപണങ്ങൾ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ അഭിമുഖമായി വരികകൂടി ചെയ്തതതോടെ എൽ. ഡി. എഫിലെ ഘടകക്ഷികൾക്കിടയിലും കടുത്ത ബിജിമോൾക്കെതിരെ കടുത്ത വിമർശനമുയർന്നു. സി. പി. ഐ ജില്ലാ കമ്മിറ്റി കൂടി ഇത്തരം ആരോപണങ്ങൾ പൊതുവേദിയിൽ ഉന്നയിക്കുന്നതിനെതിരെ ബിജിമോളെ വിലക്കുകയും ചെയ്തുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇതിനിടെ ഏലപ്പാറയക്കടുത്ത് ചപ്പാത്ത് മരുതുംപേട്ടയിലെ യോഗത്തിനിടെ സി. പി. എം നേതാവിന്റെ അമ്മ ബിജിമോൾ പ്രസംഗിക്കുന്നതിനിടെ ചൂടുവെള്ളം കുടിക്കാൻ കൊടുക്കുകയും ഈ വെള്ളത്തിൽപോലും വിഷം കലർന്നിരിക്കാമെന്ന് തനിക്ക് ഭയമുണ്ടെന്നു പറയുകയും ചെയ്ത സംഭവം വിവാദങ്ങൾക്ക് ആക്കംകൂട്ടി. ബിജിമോൾക്ക് കൊണ്ടുവന്ന വെള്ളം ഒരു സി. പി. എം നേതാവ് തന്നെ എടുത്തുകുടിച്ചാണ് ബിജിമോൾക്ക് മറുപടി നൽകിയത്. ഒടുവിൽ വ്യാഴാഴ്ച നടന്ന സി. പി. ഐ ജില്ലാ കമ്മിറ്റിയാണ് പ്രശ്‌നം സംസ്ഥാന കമ്മിറ്റിക്ക് വിടാൻ തീരുമാനമെടുത്തത്.

ഒട്ടേറെ ദുരൂഹതകളാണ് പ്രശ്‌നത്തിൽ ഉയരുന്നത്. പത്ത് വർഷം എംഎൽഎ ആയിരുന്ന വ്യക്തിയാണ് മരണഭയം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതും മൂന്നാംവട്ടവും സംസ്ഥാന നിയമസഭയിലെ ഭരണപക്ഷ ബെഞ്ചിലേക്കെത്തിയയാൾ. സംസ്ഥാന ഭരണത്തിൽ നിർണായകസ്വാധീനമുള്ള വ്യക്തി. ആരെയും കൂസാതെ ഇതുവരെ പൊതുരംഗത്ത് നിലയുറപ്പിച്ച വനിത. മുല്ലപ്പപെരിയാർ വിഷയത്തിൽ ജനവികാരം പ്രതിഫലിപ്പിക്കാൻ കേന്ദ്രമന്ത്രി എ. കെ ആന്റണിയെ പ്രോട്ടോക്കോൾ മാനിക്കാതെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാനും മുൻ നിയസഭയിൽ ഭരണപക്ഷവുമായി കയ്യാങ്കളിക്ക് മുതിരാനും തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താൻ പൊതുവേദിയിൽ തൊഴിലാളിയുടെ വേഷം ധരിച്ചു കൂടയമെടുത്ത് പങ്കെടുത്ത ജനപ്രതിനിധി. മുല്ലപ്പെരിയാറിന്റെ പേരിൽ ജീവൻ വെടിയാനും മടിയില്ലെന്നു പ്രഖ്യാപിച്ച് അനിശ്ചിതകാല നിരാഹാരത്തിന് മുതിർന്നയാൾ തുടങ്ങിയ വിശേഷണങ്ങൾക്കുടമയായ ബിജിമോൾക്ക് ഇപ്പോൾ പെട്ടെന്നുണ്ടായ മരണഭീതിക്ക് പിന്നിലെന്താണെന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ നിൽക്കുന്നത്.

തന്റെ ജീവനെ ഭയന്ന് കഴിയുന്ന ബിജിമോൾ ഇതുവരെ ഒരു പൊലിസ് സ്റ്റേഷനിലും പരാതി നൽകിയിട്ടില്ലെന്നതാണ് ഏറെ രസാവഹം. ജില്ലാ-സംസ്ഥാന പൊലിസ് മേധാവികൾക്ക്‌പോലും ഭീഷണിയെക്കുറിച്ച് വിവരം നൽകിയിട്ടില്ല. നിയമസഭാ സാമാജികയെന്ന നിലയിലെ പരിചയവും നിയമം പഠിച്ചുകൊണ്ടിരുന്ന വ്യക്തിയുമെന്ന നിലയിൽ, വധശ്രമത്തെക്കുറിച്ച് പരാചി നൽകാതെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ദുരൂഹതതൾക്കൊപ്പം മറ്റു ചിലതുകൂടിയുണ്ടെന്നാണ് അവരുടെ പാർട്ടിയിലെ തന്നെ നേതാക്കൾ പറയുന്നത്. ബിജിമോൾ ആരെയെങ്കിലും പേരെടുത്തു പറഞ്ഞു ആരോപണമുന്നയിക്കുന്നത് പാർട്ടിയിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമുന്നുറപ്പാണ്.

ആരോപണ വിധേയനാകുന്ന വ്യക്തി എംഎൽഎയ്‌ക്കെതിരെ അപകീർത്തിക്ക് കേസ് നൽകാനും സാധ്യതയുണ്ട്. പേര് പറയാത്തതിലൂടെ ഈ രണ്ട് സാധ്യതകളും ബിജിമോൾതന്നെ ബോധപൂർവം അടച്ചുവെന്നു കരുതേണ്ടിയിരിക്കുന്നു. സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗവും പീരുമേട്ടിലെ തോട്ടം തൊഴിലാളി നേതാവുമായ വാഴൂർ സോമനെ ലക്ഷ്യമിട്ടാണ് ബിജിമോൾ ആരോപണമുന്നയിക്കുന്നതെന്നാണ് പാർട്ടി നേതാക്കളിലും അണികളിലുമുള്ള പ്രചാരണം. എന്നാൽ വാഴൂർ സോമനെ ഇത്തരത്തിൽ സംശയിക്കേണ്ട സാഹചര്യമോ, സാധ്യതകളോ ഇല്ലെന്നു മാത്രമല്ല, കേൾക്കുന്ന മാത്രയിൽ തള്ളിക്കളയേണ്ടതാണ് ഇവയെന്ന് സി. പി. ഐ നേതാക്കൾ അസന്നിഗ്ധമായി പറയുന്നു. വാഴൂർ സോമനെയാണ് ബിജിമോൾ ഉദ്ദേശിക്കുന്നതെങ്കിൽ സോമനെ സംശയത്തിന്റെ പുകമറയിൽ നിർത്തി മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാകൂവെന്നും നേതാക്കൾ പറഞ്ഞു.

വാഴൂർ സോമനും ബിജിമോളും തമ്മലുള്ള അഭിപ്രായ ഭിന്നതകൾക്ക് പതിറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. സോമനെ പീരുമേട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുകയും സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ബിജിമോൾ സ്ഥാനാർത്ഥിത്വം നേടിയത്. പിന്നീട് ഇരുവരും സ്വരചേർച്ചയിലായിരുന്നില്ലെന്നാണ് വിവരങ്ങൾ. ഇക്കുറി തെരഞ്ഞെടുപ്പിൽ ബിജിമോൾ പരാജയം മുന്നിൽക്കണ്ടാണ് പൊരുതിയത്. പാർട്ടിയിലെ ചില എതിർപ്പുകൾകൂടിയായതോടെ എൽ. ഡി. എഫ് തോൽവി ഉറപ്പിച്ചെങ്കിലും ബിജിമോളുടെ കഠിനാധ്വാനവും രാഷ്ട്രീയതന്ത്രങ്ങളും നിസാരവോട്ടുകൾക്കാണെങ്കിലും വിജയം കൈപ്പിടിയിലാക്കി.

416 വോട്ടുകൾക്ക് ബിജിമോൾ വിജയം നേടി. ശക്തമായ ഇടതുതരംഗത്തിലും സ്വന്തം മണ്ഡലത്തിൽ പിന്നോക്കം പോയ ബിജിമോൾ, യു. ഡി. എഫ് കോട്ടകളിലുണ്ടാക്കിയ വിള്ളലാണ് വിജയത്തിൽ നിർണായകമായത്. 4000 വോട്ടുകൾ യു. ഡി. എഫ് ലീഡ് പ്രതീക്ഷിച്ച കുമളി പഞ്ചായത്തിൽ നടത്തിയ അട്ടിമറിയിലൂടെ ബിജിമോൾ 7 വോട്ടുകൾ ലീഡ് നേടിയത് ഇവരുടെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കുള്ള അംഗീകാരം കൂടിയായി. ഇതേസമയം സ്വന്തം പഞ്ചായത്തിൽ 1500-ഓളം വോട്ടുകൾക്ക് ബിജിമോൾ പിന്നിലായി. വിജയിച്ചാൽ മന്ത്രിയെന്ന പ്രചാരണമുയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മന്ത്രിയല്ലെങ്കിൽ ഡപ്യൂട്ടി സ്പീക്കർ പദവി ഉറപ്പായും പ്രതീക്ഷിച്ചു. എന്നാൽ പദവിയെന്നും ലഭിച്ചില്ല.

മികച്ച ഭൂരിപക്ഷത്തിനു രണ്ടുവട്ടം വിജയിച്ചിട്ടും ഇക്കുറിയുണ്ടായ വോട്ട് ചോർച്ച, മന്ത്രിസ്ഥാനം ലഭിക്കാതെപോയത്, സ്വന്തം പഞ്ചായത്തിലെ തിരിച്ചടി തുടങ്ങിയവയൊക്കെ ബിജിമോളെ നിരാശയിലാക്കിയെന്നു പാർട്ടി അണികൾ പറയുന്നു. ഇതിനിടെ സി. പി. എമ്മുമായും പലയിടത്തും അലോസരമായി. താമസസ്ഥലമായ ഏലപ്പാറയിലെ തറവാട് വീട് ഭർത്താവിന്റെ അനുജന് വിട്ടുനൽകാൻ ധാരണയായെന്നും ഉടൻ വീട് മാറേണ്ടുവരുമെന്നുമുള്ള പ്രചാരണവും സജീവമായുണ്ട്. മണ്ഡലം വിട്ട് കാഞ്ഞിരപ്പള്ളിയിലേക്ക് മാറാനാണത്രേ നീക്കം. നിരാശയിലും സാഹചര്യങ്ങളുടെ സമ്മർദത്തിലും നാട് വിടേണ്ടി വരുമ്പോൾ നിത്യശത്രുവിനെ കൈകാര്യം ചെയ്യാനുള്ള അവസരമായി ഇതിനെ കണ്ടാണ് വധശ്രമം എന്ന വിഷയം ഉയർത്തി വിട്ടതെന്നാണ് ബിജിമോൾക്കെതിരെ ഉയരുന്ന ആരോപണം.

പൊലിസ് സ്റ്റേഷനിലിൽ പരാതിപോലും പറയാതെ നാടാകെ വധഭീഷണി എന്നു പ്രചരിപ്പിക്കുന്നത് ചില അസ്വസ്ഥതകളിൽനിന്നാകാൻ വഴിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് ജനപ്രതിനിധിയെന്ന നിലയിൽ ബിജിമോളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.