കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിന് ശേഷം കിഴക്കമ്പലത്തു കവറിൽ കണ്ടെത്തിയ രക്തക്കറ ജിഷയുടേതെന്ന് സംശയം. കഴിഞ്ഞ രണ്ടാം തീയതിയാണു പട്ടിമറ്റം ഭണ്ഡാര കവലയിൽ ദുരൂഹ സാഹചര്യത്തിൽ ജീൻസും, ഷാളും, കത്തിയും ഉൾപ്പെടുന്ന പ്ലാസ്റ്റിക് കവർ കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറും, കത്തിയും തന്റേതാണ് എന്നുപറഞ്ഞു കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ ഒരാളെത്തി മൊഴി നൽകിയിരുന്നു. അതേസമയം, കവറിൽ ഉണ്ടായിരുന്നു എന്ന പേരിൽ പൊലീസ് ഹാജരാക്കിയ സാധനങ്ങൾ ആദ്യം കണ്ട സാധനങ്ങൾ അല്ല എന്നും ഇത് പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ടാം തിയതി രാവിലെ ഏഴു മണിക്ക് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ കുമ്മാനോട് ഇടത്തിക്കര മുരളീധരനാണു ഈ കവർ ആദ്യമായി കാണുന്നത്. എന്താണ് എന്നറിയാൻ കവർ എടുത്ത് പരിശോധിച്ചപ്പോൾ കവറിനുള്ളിൽ കണ്ട കത്തിയുടെ രണ്ടു വശങ്ങളിലും രക്തക്കറ കണ്ടതോടെ അവിടെ ഉപേക്ഷിച്ചു ജോലിക്കു പോയി.

പിന്നിട് 11 മണിയോടെ സമീപവാസിയായ സുരേഷ് ഇത് കാണുകയും ഈ വിവരം കുന്നത്തുനാട് പൊലീസിനെ അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോൾ സ്റ്റേഷനിലെ പാറാവുകാരൻ ആയിരുന്ന പൊലീസുകാരനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ കവർ തന്റെയാണ് എന്നാരോപിച്ച് പാലക്കാട് സ്വദേശിയായ അനിൽകുമാർ പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായി. മൂന്നാറിൽ വിനോദ യാത്രക്കുപോയി മടങ്ങുമ്പോൾ കവർ നഷ്ടപ്പെട്ടുവെന്നും കത്തി കൊണ്ട് തണ്ണിമത്തൻ മുറിച്ചതാണെന്നുമാണ് ഇയാൾ സ്റ്റേഷനിൽ മൊഴി നൽകിയത്.

എന്നാൽ ആദ്യം കണ്ട കവറിലുണ്ടായിരുന്ന വസ്ത്രങ്ങളല്ല പൊലീസ് കൊണ്ടുവന്നതെന്ന ആരോപണവുമായി കവർ ആദ്യം കണ്ടവർ രംഗത്തെത്തുകയും ചെയ്തു. തങ്ങൾ കണ്ട കവറിൽ കത്തി ഉണ്ടായിരുന്നതായും അതിൽ രക്തക്കറ കണ്ടുവെന്നുമാണ് ഇവരുടെ വാദം. എന്നാൽ പൊലീസ് കൊണ്ടുവന്ന കവറിൽ കത്തിയുണ്ടായിരുന്നില്ല എന്നാണ് ആക്ഷേപം. വസ്ത്രങ്ങളൂം ആദ്യം കണ്ടതല്ലയെന്നും ആരോപണമുണ്ട്. കവറിൽ ഉണ്ടായിരുന്ന ജീൻസല്ല രണ്ടാമത് കണ്ടതെന്നും ഇവർ ആദ്യം കണ്ട കവറിൽ ഉണ്ടായിരുന്ന ജീൻസിനൊപ്പം ഉണ്ടായിരുന്ന ബെൽറ്റ് ലെതറിന്റെ ആയിരുന്നുവെന്നും രണ്ടാമത് പൊലീസ് കൊണ്ടുവന്ന ബെൽറ്റ് റെക്‌സിൻ ബെൽറ്റ് ആണെന്നുമാണ് ആക്ഷേപം.

ഒപ്പം തൊണ്ടി സാധനങ്ങൾ തങ്ങളെ കാണിച്ച് ഉറപ്പാക്കാൻ വന്ന പൊലീസ് പറഞ്ഞു പഠിപ്പിച്ചതുപോയാണ് കവർ തന്റെതാണ് എന്നുപറഞ്ഞു എത്തിയ വ്യക്തിയെന്നും ദൃക്‌സാക്ഷികൾ ആരോപണം ഉന്നയിക്കുന്നു. കിട്ടിയ കവറും അതിലടങ്ങിയ സാധനങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയെന്നും ഈ സംഭവത്തിൽ ദുരൂഹതകളില്ലെന്നുമാണ് പൊലീസ് പറയുന്നത്.