- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരൻ ദല്ലാളോ? നന്ദകുമാറിന്റെ ഇടപെടൽ തുറന്നുകാട്ടാൻ സിപിഎമ്മിനു സാധിക്കാത്തതു വി എസുമായുള്ള സുഹൃദ് ബന്ധം മൂലം; അദാനിയുടെ തോളിൽ കയ്യിട്ടു വി എസിനെ ചരടിൽ കോർക്കുന്ന ദല്ലാൾ രാഷ്ട്രീയത്തിന്റെ വിജയമോ വിഴിഞ്ഞം?
തിരുവനന്തപുരം: വിഴിഞ്ഞം ഓപ്പറേഷൻ സക്‌സസ് ആക്കിയത് ആര് ? പലപേരുകൾ പറഞ്ഞു കേട്ടു. പദ്ധതിയുടെ സമ്മതം പത്രം ഏറ്റുവാങ്ങാൻ കരൺ അദാനിയെത്തിയപ്പോൾ നിറഞ്ഞത് ശശി തരൂർ. തിരുവനന്തപുരം എംപിയുടെ വീട്ടിലെത്തി അദാനി ഗ്രൂപ്പിലെ രണ്ടാമൻ പ്രഭാത ഭക്ഷണവും കഴിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാനെത്തി. കരൺ എടുത്തു പറഞ്ഞതും ശശി തരൂരിന്റെ പേര്. ഒടുവി
തിരുവനന്തപുരം: വിഴിഞ്ഞം ഓപ്പറേഷൻ സക്‌സസ് ആക്കിയത് ആര് ? പലപേരുകൾ പറഞ്ഞു കേട്ടു. പദ്ധതിയുടെ സമ്മതം പത്രം ഏറ്റുവാങ്ങാൻ കരൺ അദാനിയെത്തിയപ്പോൾ നിറഞ്ഞത് ശശി തരൂർ. തിരുവനന്തപുരം എംപിയുടെ വീട്ടിലെത്തി അദാനി ഗ്രൂപ്പിലെ രണ്ടാമൻ പ്രഭാത ഭക്ഷണവും കഴിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാനെത്തി. കരൺ എടുത്തു പറഞ്ഞതും ശശി തരൂരിന്റെ പേര്. ഒടുവിൽ വിഴിഞ്ഞം കരാറിലെത്തിയപ്പോൾ യഥാർത്ഥ താരം പുറത്തേക്ക് വന്നു. അതും സിനിമാ സ്റ്റൈലിൽ. പ്രതിപക്ഷ നേതാവിനെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താൻ അദാനി ഗ്രൂപ്പിലെ ഒന്നാമനായ ഗൗതം അദാനി വന്നപ്പോൾ സ്വീകരിക്കാൻ കാത്ത് നിന്നത് ദല്ലാൾ ടിജി നന്ദകുമാർ. കേരളത്തിലെ വമ്പൻ പദ്ധതികളുടെ ഇടനിലക്കാരനായി നിൽക്കുന്നുവെന്ന തരത്തിൽ ക്രുപ്രസിദ്ധനായ നന്ദകുമാറുമായി അദാനിയുടെ സൗഹൃദം വ്യക്തമാക്കുന്ന കാഴ്ചകളാണ് കണ്ടത്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് അവിടുത്തെ ഒരാളെ പോലെ നന്ദകുമാർ അനുഗമിച്ചു.
ഇതുമായി ബനന്ധപ്പെട്ട് മറുനാടൻ നടത്തി അന്വേഷണത്തിലാണ് നന്ദകുമാറിന്റെ സ്വാധീനം വ്യക്തമാകുന്നത്. നേരത്തെ ഡാറ്റാ സെന്റർ റിലയൻസിന് അനുവദിച്ചതുമായി ബന്ധപ്പെട്ട ഇടപാടിൽ ഇടനിലക്കാരനായത് നന്ദകുമാറായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും അംബാനിയുമായി അടുത്ത ബന്ധം നന്ദകുമാറിനുണ്ട്. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും നന്ദകുമാറായിരുന്നു ഇടപാടുകളിലെ ദല്ലാൾ. അത് മോദി അധികാരത്തിൽ വന്നപ്പോഴും തുടരുന്നതായാണ് സൂചന. 2008ൽ തന്നെ അദാനിയുമായി നന്ദകുമാറിന് ബന്ധമുണ്ടായിരുന്നു. അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാൻ അദാനിയെത്തിയപ്പോൾ അനുഗമിച്ചത് നന്ദകുമാറായിരുന്നു. അന്നും വിഴിഞ്ഞത്തിൽ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാൽ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തപ്പോൾ വിഴഞ്ഞത്തിൽ നിന്ന് അദാനിയെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒഴിവാക്കി.
ഉമ്മൻ ചാണ്ടി ഭരിക്കുന്ന കേരളത്തിൽ അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയുടെ എല്ലാമെല്ലാമായ അദാനിക്ക് വിഴിഞ്ഞം കിട്ടുമോ എന്ന ചർച്ചകൾ നിർണ്ണായകമായി. അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദാനിയും നേരിട്ട് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കെവി തോമസിന്റെ വസതിയിലായിരുന്നു ഈ സന്ദർശനം. ഇതിനെല്ലാം അവസരമൊരുക്കിയത് ശശി തരൂരല്ലെന്ന് വ്യക്തമായിരുന്നു. കാരണം മുഖ്യമന്ത്രിയും തരൂരും തമ്മിൽ ഇപ്പോൾ അടുത്ത ബന്ധമില്ല. രണ്ടു പേരും രണ്ട് വഴിക്കാണ് യാത്ര. അദാനിയുമായുള്ള വ്യക്തിബന്ധം വിഴഞ്ഞത്തിന് വേണ്ടി തരൂരും ഉപയോഗിച്ചു. അതിലപുരി ഉമ്മൻ ചാണ്ടിയുമായി അടുപ്പിച്ചത് മറ്റൊരു വ്യക്തിത്വമായിരുന്നു. അത് ദല്ലാൾ നന്ദകുമാറാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. തന്റെ പേര് തുടക്കത്തിലേ ഉയർന്നുവന്നാൽ പദ്ധതി പോലും നടക്കില്ലെന്ന് നന്ദകുമാറിന് അറിയാമായിരുന്നു. അതിനാൽ കർട്ടണ് പിന്നിൽ നിന്ന് കരുക്കൾ നീക്കി. ഒടുവിൽ മറനീക്കി പുറത്തുവരികയും ചെയ്തു.
കേരളത്തിലെ പാർട്ടികളിലും നേതാക്കളിലും നന്ദകുമാറിനുള്ള ബന്ധമാണ് പുറത്തുവരുന്നത്. കേരളത്തിലെ പദ്ധതികൾ ലഭിക്കാൻ മികച്ച ഇടനിലക്കാരൻ താനാണെന്ന് നന്ദകുമാർ തെളിയിച്ചു. അതിന് വി എസ് അച്യുതാനന്ദന്റെ വീട് തെരഞ്ഞെടുത്തതിന് പിന്നിലും ഒരു തന്ത്രമുണ്ട്. ഇതോടെ വിഴിഞ്ഞത്തിൽ സിപിഎമ്മിന് ശബ്ദിക്കാൻ പറ്റാത്ത അവസ്ഥവന്നു. അദാനിയുമായി അടുപ്പമുള്ള നന്ദകുമാറിന് വി എസ് അച്യുതാനന്ദനുമായുള്ള ബന്ധത്തിലെ ആരോപണങ്ങൾ പലപ്പോഴും സിപിഎമ്മിന്റെ ഉറക്കം കെടുത്തിയതാണ്. അതുകൊണ്ട് തന്നെ വിഴിഞ്ഞത്തിൽ ആരോപണം ഉന്നയിച്ചാൽ നന്ദകുമാറും വിഎസും തമ്മിലെ ബന്ധവും കൺന്റോൺമെന്റ് ഹൗസിലെ സാന്നിധ്യവുമെല്ലാം ഉമ്മൻ ചാണ്ടി തുറുപ്പു ചീട്ടായി ഇറക്കും. അതുകൊണ്ട് തന്നെ പ്രസ്താവനകൾക്ക് അപ്പുറം ഒന്നിനും സിപിഎമ്മിന് കഴിയുകയുമില്ല. ഈ രാഷ്ട്രീയ കുതന്ത്രത്തിന് പിന്നിലും നന്ദകുമാറിന്റെ ചരട് നീക്കമായിരുന്നു. അതിലൂടെ തന്നെ പിണറായി ക്യാമ്പിനെ അമ്പരപ്പിച്ച് സിപിഎമ്മിൽ ആശയക്കുഴപ്പമുണ്ടാക്കും നന്ദകുമാറിന് കഴിഞ്ഞു.
പാർട്ടിയെ പലഘട്ടങ്ങളിലും പ്രതിസന്ധിയിലാക്കിയ നന്ദകുമാറിന്റെ, വി.എസിന്റെ വസതിയിലെ സാന്നിധ്യം സിപിഐ(എം) നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കന്റോൺമെന്റ് ഹൗസിന്റെ കോംപൗണ്ടിൽ അദാനിമാരുടെ കാർ വന്ന് നിർത്തിയപ്പോൾ ഗൗതം അദാനിയെയും മകനേയും കമ്പനി ഉദ്യോഗസ്ഥരെയും വീട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയതും വി.എസിനെ അദാനിമാർക്ക് പരിചയപ്പെടുത്തിക്കൊടുത്തതും നന്ദകുമാറായിരുന്നു. ചില കേസുകളുടേയും മറ്റുചില ഇടപാടുകളുടേയും പേരിൽ നന്ദകുമാറുമായി ബന്ധപ്പെടുന്നതിൽ നിന്ന് സിപിഐ(എം) വി.എസിനെ വിലക്കിയിരുന്നു. എന്നാൽ പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ വിലക്ക് വകവെക്കാതെ തുടർന്നും നന്ദകുമാറുമായി വി എസ് സൗഹൃദം സൂക്ഷിച്ചിരുന്നു എന്നതാണ് അദാനിയുടെ കൂടിക്കാഴ്ച തെളിയിക്കുന്നത്. എന്നാൽ വി എസ് ക്ഷണിച്ചിട്ടല്ല, അദാനിമാർക്കൊപ്പമാണ് നന്ദകുമാർ വി.എസിനെ കാണാൻ വന്നതെന്നാണ് വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം. ഇത് പച്ചക്കള്ളമാണെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. സാധാരണ മുതലാളിമാരെ കാണാൻ കൂട്ടാക്കാത്ത വി എസ്, വിവാദ പദ്ധതിയായിരുന്നിട്ടും അദാനിയെ വീട്ടിലേക്ക് വരാൻ അനുവദിച്ചത് നന്ദകുമാർ കാരണമാണെന്നാണ് ഇവരുടെ വാദം.
പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രതിയായിരുന്ന ലാവ്‌ലിൻ കേസിലും ഡാറ്റാ സെന്റർ കേസിലും നന്ദകുമാറിന്റെ ഇടപെടൽ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. വി എസ് ഏറ്റെടുത്ത് നടത്തുന്ന വിവിധ കേസുകളിൽ അദ്ദേഹത്തെ സഹായിക്കുന്നതും സുപ്രീം കോടതിയിലടക്കമുള്ള കേസുകളിൽ ഇടനിലക്കാരനായി നിൽക്കുന്നതും നന്ദകുമാറാണെന്നാണ് ആരോപണം. നന്ദകുമാറിന്റെ നടപടികൾ വിവദമായതോടെയാണ് ഔദ്യോഗിക നേതൃത്വം ഇയാളുമായുള്ള വി.എസിന്റെ ബന്ധത്തെ ചോദ്യംചെയ്തത്. 2010 സെപ്റ്റംബറിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിനെ കാണാൻ ഗൗതം അദാനിക്ക് സൗകര്യമൊരുക്കിയതും നന്ദകുമാറായിരുന്നു. അത് വീണ്ടും ആവർത്തിക്കപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കെതിരായ എതിർപ്പുകൾ നിർവീര്യമാകുന്നതിന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നൽകിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
സുപ്രീം കോടതി വിധികൾ പോലും വിലക്കുവാങ്ങാൻ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാർ. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികൾ സമ്പാദിക്കാൻ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരിൽ വി എസ് മുതൽ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവർ ഉണ്ടെന്നാണ് ആരോപണം. ഇടതും വലതും മുന്നണികളിലുള്ളവർ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സി പി എമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചത്. ലാവ്‌ലിൻ കേസിലും ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം ആരോപിക്കപ്പെട്ടു. റിലയൻസ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി ജി നന്ദകുമാർ കോർപറേറ്റ് ദല്ലാൾ എന്ന് അറിയപ്പെട്ടു. റിലയൻസിന് വേണ്ടി ഇയാൾ നടത്തിയ ഇടപെടലുകൾ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.
വി എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റർ റിലയൻസിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പം ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരിൽ കത്തെഴുതിയ കേസിൽ ക്രൈംബ്രാഞ്ചും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയെങ്കിലും നന്ദകുമാറിനെ ആർക്കും !ന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവർണകാലം തുടങ്ങിയപ്പോൾ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയർന്നുവരാനിടയുള്ള എതിർപ്പുകൾ നിർവീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിർണായക പങ്ക് ഉണ്ടായിരുന്നു. അങ്ങനെ റിലയൻസിനും അദാനിക്കും വേണ്ടപ്പെട്ടവനായി നന്ദകുമാർ മാറുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കും പ്രിയങ്കരൻ.
നന്ദകുമാർ സിബിഐ ഉന്നത ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ രഹസ്യകൂടിക്കാഴ്ച നടത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത് ഏറെ വിവാദമായിരുന്നു. നന്ദകുമാറിന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ സിബിഐ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. അതിനിടെ നന്ദകുമാറിനെതിരെ അന്വേഷണത്തിന് ഡൽഹിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇയാളുടെ ആതിഥ്യം സ്വീകരിച്ചത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉൾപ്പെടെയുള്ളവരാണ് ഡൽഹിയിൽ നന്ദകുമാറിന്റെ ചെലവിൽ ഉല്ലാസയാത്ര നടത്തിയത്. ഇയാളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം. നമ്പർ പ്ലേറ്റ് ഇടപാടിലും ഇടനിലക്കാരനായി രംഗത്തുള്ള നന്ദകുമാർ കെപിസിസി ഉന്നതനുമായി അടുത്ത ബന്ധമുണ്ട്. 100 കോടിയിൽപ്പരം രൂപയുടെ അവിഹിത സ്വത്ത് ഇയാളുടെ പേരിലുള്ളതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കലാണ് മുഖ്യമന്ത്രിക്ക് ഹർജി നൽകിയത്. ഇതിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവ് വന്നത്. എന്നാൽ ഒന്നും സംഭവിച്ചില്ല.
സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് പ്രശ്‌നം ഒത്തുതീർക്കാൻ ഹർജിക്കാരെ നന്ദകുമാർ ബന്ധപ്പെട്ടതായി അഭിഭാഷകൻ ഹൈക്കടോതിയെ അറിയിച്ചിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹർജിയുടെ വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകൻ ദിനേശ് ആർ. ഷേണായിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പമാണ് ഡാറ്റാ സെന്റർ കേസിലെ ഇടപെടൽ. ഡാറ്റാ സെന്റർ ഭൂമി റിലയൻസിന് കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ടി.ജി നന്ദകുമാർ 2012 ജൂൺ 23 ന് കോട്ടയം ടിബിയിൽവച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചർച്ച നടത്തിയെന്നും തൊട്ടടുത്ത ദിവസം നന്ദകുമാർ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദനെ വീട്ടിൽ ചെന്ന് കാണുകയും നന്ദകുമാർ കൊടുത്ത കുറിപ്പാണ് വി എസ് നിയമസഭയിൽ വായിച്ചതെന്നും പി.സി.ജോർജ് ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന് നന്ദകുമാറുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പി.സി.ജോർജ് കത്ത് നൽകിയിരുന്നു. അതിലും ഒന്നുമായില്ല. മന്ത്രിസഭയിലെ ചാരനാണ് നന്ദകുമാറെന്നായിരുന്നു പിസി ജോർജ്ജ് അന്ന് ആരോപിച്ചത്.
എന്തോബന്ധം യുഡിഎഫുമായി നന്ദകുമാറിന് ഉണ്ടെന്ന് വ്യക്തമാക്കുന്നത് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇവിടെ നന്ദകുമാർ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്. ബിജെപിയിലെ സംസ്ഥാന നേതൃത്വത്തിലെ പലരുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നാൽ സിബിഐ അന്വേഷിക്കുന്ന രണ്ട് കേസുകളെ സ്വാധീനിക്കാൻ അതു പോരാ. അതിലും വലിയ ബന്ധങ്ങൾ തന്നെ വേണം. അദാനിയിലൂടെ മോദിയേയും സിബിഐയേയും സ്വാധീനിക്കാമെന്നതാണ് ലക്ഷ്യം. അതിനായി ചില രാഷ്ട്രീയ ഇടപെടലും നന്ദകുമാർ നടത്തിക്കഴിഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശബരിനാഥിന് അനായാസ വിജയം ഉറപ്പാക്കിയത് ബിജെപി സ്ഥാനാർത്ഥിയായുള്ള രാജഗോപാലിന്റെ സാന്നിധ്യമായിരുന്നു. ഇത് സാധ്യമാക്കിയത് അദാനിയിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നുവെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് ജയിച്ച് കയറുകയെന്ന തന്ത്രം അതിലൂടെ മുഖ്യമന്ത്രി നടത്തിയെടുത്തു. ഇതിന്റെ ഇടനിലയിലും നന്ദകുമാർ ഉണ്ടായിരുന്നുവെന്നാണ് സൂചന.
അങ്ങനെ വൻകിട പദ്ധതികളിലും രാഷ്ട്രീയ ഇടപാടുകളിലും എല്ലാം ഇടനിലക്കാരനായി വ്യവാഹരാക്കേസുകളിൽ മാത്രം തുടക്കത്തിൽ ശ്രദ്ധിച്ചിരുന്ന നന്ദകുമാർ മാറുകയാണ്. അധികാരകേന്ദ്രങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഇടനിലക്കാരനാണ് താനെന്ന് ഒരിക്കൽ കൂടി വിഴിഞ്ഞത്തിലൂടെ തെളിയിക്കുകയാണ് നന്ദകുമാർ.