- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്ഥാനവും ഔദ്യോഗിക വാഹനവും അടക്കം എല്ലാ സൗകര്യങ്ങളും റെഡി; പ്രവർത്തനം തുടങ്ങി മൂന്നുവർഷമായിട്ടും കിട്ടിയത് 95 പരാതികൾ മാത്രം; ചെയർമാൻ മോഹൻകുമാറിനും അംഗങ്ങൾക്കുമായി ചെലവഴിച്ചത് അരക്കോടി രൂപയും; സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രവർത്തനം താളംതെറ്റിയോ?
തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രത നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ സമഗ്രമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നതിനായി രൂപീകരിച്ച സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ലഭിക്കുന്ന പരാതികൾ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ഡിസംബറിലാണ് കെ.വി. മോഹൻ കുമാർ ചെയർമാനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ രൂപീകരിച്ചത്.
ചെയർപേഴ്‌സൺ ഉൾപ്പെടെ ആറ് അംഗങ്ങളും മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മിഷന്റെ ഘടന. 2019 ജൂൺ മുതലാണ് കമ്മിഷൻ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ കമ്മീഷന് ലഭിച്ച പരാതികളുടെ എണ്ണം 95 . ഇതിൽ 78 പരാതികൾക്ക് തീർപ്പ് കൽപിച്ചു.
ഭക്ഷ്യകമ്മിഷൻ ചെയർമാനും അംഗങ്ങൾക്കും ശമ്പളത്തിനും മറ്റും ഇതുവരെ ചെലവായത് അരക്കോടി രൂപയാണ്. ചെയർമാനായ മോഹൻ കുമാർ ശമ്പള ഇനത്തിൽ കൈ പറ്റിയത് 22.29 ലക്ഷം രൂപ. കമ്മീഷൻ അംഗങ്ങൾക്ക് ഓണറേറിയം ആയി 23.42 ലക്ഷം രൂപയും യാത്ര ബത്തയായി 42, 790 രൂപയും വാഹനബത്തയായി 3.50 ലക്ഷം രൂപയും ലഭിച്ചു. ചെയർമാനും അംഗങ്ങൾക്കും ടെലിഫോൺ ബത്തയും ലഭിയും. ചെയർമാന് പ്രതിമാസം 3000 രൂപയും അംഗങ്ങൾക്ക് 840 രൂപയും ആണ് ടെലിഫോൺ ബത്ത.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പരാതികളിൽ കേസെടുക്കാൻ മജിസട്രേറ്റ് കോടതികളോട് നിർദ്ദേശിക്കാനും കമ്മീഷന് അധികാരമുണ്ട്. ഇതുകൂടാതെ പൊതു വിതരണ സമ്പ്രദായത്തിൽ ഇടപെടാനും കരിഞ്ചന്ത തടയാനുമുള്ള അധികാരവും കമ്മീഷനുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷന് തുല്ല്യമാണ് ഭക്ഷ്യകമ്മീഷൻ അധ്യക്ഷന്റെ പദവി. പട്ടത്തെ ലീഗൽ മെട്രോളജി ആസ്ഥാനത്താണ് കമ്മീഷന്റെ ആസ്ഥാനം. ഔദ്യോഗിക വാഹനം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഭക്ഷ്യ കമ്മീഷനുണ്ട്. ഇങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഭക്ഷ്യ കമ്മിഷന്റെ പ്രവർത്തനം ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്.