മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹത്തിന് പിന്നാലെ റിലയൻസിന്റെ റാണി കാലെടുത്ത് വച്ച വീടാണ് ഇപ്പോൾ നാട്ടിലെ ചൂടൻ ചർച്ച. ശതകോടീശ്വരന്റെ മകളായി പിറന്ന ഇഷയ്ക്ക് ഇത് ഒട്ടും കുറവില്ലാത്ത വീട് തന്നെയെന്ന് നിസ്സംശയം ഏവർക്കും പറയാം. 27 നിലകളിൽ പണിത അത്യാഡംബര വസതിയായ ആൻിലിയയിൽ നിന്നും പിരമൽ കുടുംബത്തിന്റെ ഗുലീറ്റയിലേക്ക് ഇഷ അംബാനി കാലെടുത്ത് വച്ച നിമിഷം മുതൽ പുറത്ത് വന്നത് കോടികൾ മുടക്കി പണി തീർത്ത ഗുലീറ്റയുടെ കഥയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വസതിയാണ് ഇഷ ഇത്രയും നാൾ കഴിഞ്ഞിരുന്ന ആന്റലിയ. ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലിന് വേണ്ടി 2012ൽ 452 കോടി മുടക്കി കുടുംബം വാങ്ങിയതാണ് ആഡംബരത്തിന്റെ പര്യായമായ ഗുലീറ്റ. 5 നിലകളിൽ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവിൽ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്. 'ആന്റിലിയ'യിൽ നിന്നു നാലര കിലോമീറ്റർ അകലെ വർളി സീഫെയ്‌സ് മേഖലയിൽ കടലിന് അഭിമുഖമായാണു 'ഗുലിറ്റ'.

ചില്ലു ജാലകങ്ങൾ തുറന്നാൽ കടൽക്കാറ്റേൽക്കാം. അകലെ ബാന്ദ്ര-വർളി കടൽപ്പാലം കാണാം. അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികൾ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളിൽ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികൾ. 20 കാറുകൾ വീട്ടുപരിസരത്തു പാർക്ക് ചെയ്യാം.

പിരമൽ കുടുംബം ഹിന്ദുസ്ഥാൻ യൂണിലീവർ കമ്പനിയിൽ നിന്നാണു ഈ കെട്ടിടം വാങ്ങിയത്. 27 നിലകളാണ് ഇഷയുടെ വീടായ ആന്റിലിയയ്ക്കുള്ളത്. ബുധനാഴ്ച മുകേഷ് അംബാനിയുടെ വസതിയിൽ നടന്ന വിവാഹത്തിനും വിരുന്നിനും ശേഷമാണ് നവദമ്പതികൾ പുതിയ വസതിയിലേക്കെത്തിയത്.

പിരമൽ കുടുംബം നടത്തിയ വിരുന്നിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുതിർന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി, രത്തൻ ടാറ്റ, സുനിൽ ഗാവസ്‌കർ, കപിൽദേവ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

ഹിലരി മുതൽ സച്ചിൻ വരെ...'100 മില്യൺ ഡോളർ' കല്യാണത്തിന്റെ കഥ

മുംബൈയിൽ ഇഷയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 27 നിലകളുള്ള മന്ദിരത്തിൽ വച്ചായിരുന്നു ഈ അസാധാരണ വിവാഹം അരങ്ങേറിയത്. മുകേഷ് അംബാനി ആതിഥേയത്വം വഹിച്ച വിവാഹത്തിനായി ചെലവായിരിക്കുന്നത് 100 മില്യൺ ഡോളറാണ്. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ ഹില്ലാരി ക്ലിന്റൻ, അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോനാസ്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ നിരവധി സെലിബ്രിറ്റികളായിരുന്നു വിവാഹത്തിനെത്തിയത്.

തന്റെ അമ്മയുടെ വിവാഹ സാരി ദുപ്പട്ടയെന്ന നിലയിൽ ധരിച്ച ഇഷയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബോവൺസിൽ നിന്നുള്ള പ്രൈവറ്റ് കൺസേർട്ട് അടക്കമുള്ള ആഡംബര ചടങ്ങുകൾ വിവാഹത്തിനോട് അനുബന്ധിച്ച് അരങ്ങേറിയിരുന്നു. 41.5 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനി തന്റെ സ്റ്റാറ്റസിന് യോജിക്കുന്ന വിധത്തിൽ തന്നെയാണ് ഈ വിവാഹം നടത്തിയിരിക്കുന്നത്.

മോഡൽ നതാലിയ വോഡിയാനോവ, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കരീന കപൂർ കരിഷ്മ കപൂർ,സോനം കപൂർ,വിദ്യബാലൻ ഭർത്താവ് സിദ്ധാർത്ഥ റോയ് കപൂർ, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീരാംമാധവ്,റൺവീർ സിങ് , ദീപിക പദുക്കോൺ തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു. ഇതിന് പുറമെ മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും ചടങ്ങിന് മാറ്റ് കൂട്ടാനെത്തിയിരുന്നു.

വരനായ ആനന്ദ് പിരമാലിന്റെ കുടുംബത്തെ ഇഷയുടെ സഹോദരന്മാർ കുതിരപ്പുറത്തേറിയായിരുന്നു കാത്തിരുന്നത്. വിവാഹച്ചടങ്ങിനിടെ ഇത് സംബന്ധിച്ച ഫോട്ടോകൾ സ്വന്തം നിലയിൽ ഷെയർ ചെയ്യരുതെന്ന് ആനന്ദ് അതിഥികളോട് അഭ്യർത്ഥിച്ചിരുന്നു. നോ ഫോൺ പോളിസി ദമ്പതികൾ ചടങ്ങിൽ നിഷ്‌കർച്ചിരുന്നുവെങ്കിലും ചടങ്ങിന്റെ വൈവിധ്യമാർന്ന ചിത്രങ്ങളും വീഡിയോകളും വിവിധ സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്തിരുന്നു.