- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷിതാ റോയിക്ക് വിനായായത് പൊതുപണം ഉപയോഗിച്ചെന്ന കേന്ദ്ര ഡെപ്യൂട്ടേഷൻ കാലത്തെ സ്വകാര്യ യാത്രാ ആരോപണം; രാജു നാരായണ സ്വാമിക്ക് എതിര് കേന്ദ്രവും പിണങ്ങിയതോടെ പിരിച്ചുവിടാൻ ശുപാർശയുമായി വന്ന ആ പഴയ ഐഎഎസ് ലോബി; 1991 ബാച്ചിലെ രണ്ടു പേരെ വെട്ടിനിരത്തുമ്പോൾ
തിരുവനന്തപുരം: മുതിർന്ന മൂന്നു പ്രിൻസിപ്പൽ സെക്രട്ടറിമാരെ അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ സെലക്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിക്കുമ്പോൾ നിരാശ രാജു നാരയാണ സ്വാമിക്കും ഇഷിതാ റോയിക്കും. 1992 ബാച്ചിലെ സഞ്ജീവ് കൗശിക്, ഡോ. കെ. ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെയാണ് പരിഗണിക്കുന്നത്.
ഇവരെക്കാൾ മുതിർന്ന ഉദ്യോഗസ്ഥരായ 1991 ബാച്ചിലെ പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയി എന്നിവരെ സ്ഥാനക്കയറ്റപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. അച്ചടക്കനടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അടുത്തിടെയാണ് സഞ്ജീവ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന് മടങ്ങിയെത്തിയത്. വ്യവസായ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇളങ്കോവൻ. ബിശ്വനാഥ് സിൻഹ പദ്ധതിനിർവഹണത്തിന്റെയും തദ്ദേശസ്ഥാപന (അർബൻ) വകുപ്പിന്റെയും ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
സ്വകാര്യയാത്രയ്ക്കു പൊതു പണം ചെലവഴിച്ച സംഭവത്തിൽ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ഇഷിത റോയ്ക്കെതിരെ അന്വേഷണവുമായി കേന്ദ്രസർക്കാർ രംഗത്തു വന്നിരുന്നു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരിക്കെ രാഷ്ട്രീയ ഉച്ഛതാർ ശിക്ഷ അഭിയാൻ (റുസ) ഫണ്ടിൽനിന്ന് 23 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണു കണ്ടെത്തൽ. ഇക്കാര്യം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചു. ഇതാണ് ഇഷിതയ്ക്ക് വിനയാകുന്നത്. സംസ്ഥാനങ്ങൾക്കുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതിയായ റുസ നാഷണൽ മിഷൻ ഡയറക്ടർ ചുമതല വഹിക്കവെയാണ് ഇഷിത റോയ് പൊതു ഫണ്ട് ദുരുപയോഗം ചെയ്തത് എന്നാണഅ ആരോപണം. റുസ മുൻ ദേശീയ കോർഡിനേറ്ററും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സോഷ്യൽ സയൻസസ് (ടിസ്) പ്രൊഫസറുമായ ബി.വെങ്കടേഷ് കുമാറും പൊതു പണം ദുരുപയോഗം ചെയ്തതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സോഷ്യൽ സയൻസസ് നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു
വെങ്കടേഷ് കുമാർ സമർപ്പിച്ച ബില്ലുകൾക്കൊപ്പം ഇഷിത റോയിയുടെയും രണ്ടു മക്കളുടെയും പേരിൽ ചെലവഴിച്ച 23 ലക്ഷം രൂപയുടെ കണക്കുമുണ്ടെന്നു കാണിച്ച് ടിസ് സെപ്റ്റംബറിലാണു മന്ത്രാലയത്തെ അറിയിച്ചത്. തന്റെയും മക്കളുടെയും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകൾക്കാണ് ഇഷിത പൊതു ഫണ്ട് ഉപയോഗിച്ചതെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇഷിത റോയ് 2019ലാണ് മാനവശേഷി വകുപ്പിൽനിന്നു കേരള കേഡറിൽ തിരിച്ചെത്തിയത്. ഇതിനുപിന്നാലെയാണ് ആരോപണം ഉയർന്നത്. ഇതുകൊണ്ടാണ് ഇഷിതയ്ക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുന്നത്. അന്വേഷണം തീർന്നാൽ പരിഗണിക്കും.
രാജു നാരായണ സ്വാമിയ്‌ക്കെതിരെ ഐ എ എസ് ലോബി പോലും സജീവമാണ്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം തുടരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ പുകച്ചുപുറത്തുചാടിക്കാനുള്ള നീക്കം പോലും നടന്നിരുന്നു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. കേരളത്തിലെ ഐഎഎസ് ലോബിയായിരുന്നു നേരത്തെ ഈ നീക്കത്തിന് പിന്നിൽ. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സർവീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം. കേരളത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം ആദ്യമായാണ്. സർവീസിൽ ഒൻപത് വർഷം കൂടി ശേഷിക്കെയാണു പുറത്താക്കാനുള്ള നീക്കം. സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു മുൻ ചീഫ് സെക്രട്ടറിയുടെ സമിതി കണ്ടെത്തിയിരുന്നു.
സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് മുമ്പോട്ട് വച്ചത്. രാജു നാരായണ സ്വാമിയെ പുറത്താക്കാൻ വിചിത്ര വാദങ്ങളാണ് സമിതി മുന്നോട്ട് വച്ചത്. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. എന്നാൽ സ്ഥാനക്കയറ്റം നൽകേണ്ട സമയത്ത് ഈ വിവാദങ്ങൾ പ്രശ്‌നമായി മാറുകയും ചെയ്തു. കേന്ദ്രവും രാജു നാരായണ സ്വാമിക്ക് എതിരാണ്.
മറുനാടന് മലയാളി ബ്യൂറോ