ശ്രീനഗർ: ശ്രീനഗറിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ പാക്കിസ്ഥാന് പുതിയ തന്ത്രം. അതിർത്തിയിൽ നുഴഞ്ഞു കയറുന്നതിന് ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണം തടസ്സമാണ്. പാക് അധിനിവേശ കാശ്മീരിലേക്ക് ആളുകളെ കൊണ്ടു പോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ ഭീകരരെ കൊണ്ട് നിറയ്ക്കാൻ പാക്കിസ്ഥാന്റെ പുതിയ നീക്കം.

സാധുവായ യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതായത് വിദ്യാർത്ഥികളായി ഇവരെ പാക്കിസ്ഥാനിൽ എത്തിക്കും. ആയുധ പരിശീലനം നടത്തി തോക്കും ബോംബുമായി അതിർത്തിയിലൂടെ ഇങ്ങോട്ട് വിടും. വെടിയേറ്റ് മരിച്ചാൽ യുവാക്കൾക്ക് നഷ്ടം. ഇല്ലെങ്കിൽ അവർ മാതൃരാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കും. ഇതാണ് തന്ത്രം.

ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ മാർഗമാണിതെന്നും യുവാക്കൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ നിന്നുള്ളവർ പാക്കിസ്ഥാനിൽ പഠനം നടത്തുന്നതു നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും ഈയിടെ മാർഗനിർദ്ദേശം നൽകിയത് ഇതിനെ തുടർന്നാണ്. ഇതിനെ സാധൂകരിക്കുന്നതാണ് 17 യുവാക്കളുടെ കൊല. ഇപ്പോൾ പാക്കിസ്ഥാനിലെ യുവാക്കളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതും കുറച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ യുവാക്കളുടെ വിലാസം സഹിതം ചർച്ച ഉയർത്തുന്നതാണ് ഇതിന് കാരണം.

ഈ സാഹചര്യത്തിലാണ് പഠനത്തിന്റെ പേരിൽ യുവാക്കളെ പാക്കിസ്ഥാനിൽ എത്തിക്കുന്നത്. 2015 മുതലാണ് ഐഎസ്‌ഐ ഈ മാർഗം പിന്തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരിൽ പലരും പാക്കിസ്ഥാനിൽ പഠനം നടത്തുന്ന കശ്മീരി യുവാക്കളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അവർ പറഞ്ഞു. വിശ്വാസ്യതയ്ക്ക് പാക്കിസ്ഥാനിലെ ഹുറിയത് ഓഫിസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

മുംബൈ സ്‌ഫോടനത്തിന് എത്തിയവരിൽ കസബിനെ ഇന്ത്യൻ സൈന്യം ജീവനോടെ പിടികൂടി. ഇയാളുടെ വിവരങ്ങൾ പുറത്തു വന്നു. ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യക്കാരെ വിമാനത്തിൽ കൊണ്ടു പോയി തീവ്രവാദികളാക്കി മാറ്റുന്ന കുതന്ത്രം ആവിഷ്‌കരിച്ചത്. ഇതിനെ തടയാൻ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിൽ പോകുന്നവരെ സൈന്യം കൂടുതൽ നിരീക്ഷിക്കും.

ഇതേസമയം, കുൽഗാം, ശ്രീനഗർ ജില്ലകളിൽ നിന്നായി ഇത്തരം രണ്ട് ലഷ്‌കറെ തയിബ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 62 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചതായും പൊലീസ് അറിയിച്ചു.