ഫ്രാൻസിലെ നോർമാഡിയിലുള്ള സെയിന്റ്-എറ്റിന്നെ-ഡു-റൗവറിയിലെ ചർച്ചിലെ അൾത്താരയിൽ കയറി വൈദികനായ ജാക്യൂസ് ഹാമലിനെ കഴുത്തറത്തുകൊന്ന ഐസിസ് ഭീകരരുടെ മനുഷ്യത്വമില്ലാത്ത വിളയാട്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വൈദികന്റെ കഴുത്തറത്തിന് ശേഷം ഭീകരൻ ഒരു കന്യാസ്ത്രീയുടെ അടുത്ത് വന്ന് മരിക്കാൻ ഭയമുണ്ടോയെന്ന് ചോദിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്യാസ്ത്രീ മരിക്കാൻ ഭയമില്ലെന്ന് മറുപടി പറയുകയും ചെയ്തിരുന്നുവത്രെ. താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ മരിക്കാൻ ഭയമില്ലെന്നായിരുന്നു കന്യാസ്ത്രീ മറുപടിയേകിയിരുന്നത്.

അബ്ദെൽ മാലിക്ക്, അഡെൽ കെർമിച്ചെ എന്നീ ഐസിസ് ജിഹാദികൾ ചർച്ച് ആക്രമിക്കുമ്പോൾ സിസ്റ്റർമാരായ ഹുഗെറ്റെ പേറൻ, ഹെലെനെ എന്നിവർ അവിടെയുണ്ടായിരുന്നു. ഇതേ സമയം അൾത്താരയിലുണ്ടായിരുന്ന മറ്റൊരു കന്യാസ്ത്രീ ആയിരുന്ന സിസ്റ്റർ ഡാനിയെല്ല അവിടെ നിന്നും തന്ത്രത്തിൽ കടന്ന് കളയുകയും പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. അതേ സമയം പ്രായമേറിയ മറ്റ് രണ്ട് കന്യാസ്ത്രീകളും അൾത്താരയിൽ ഭീകരുടെ ആക്രമണത്തിന് സാക്ഷ്യം വഹിച്ച് പ്രാർത്ഥനയിൽ മുഴുകുകയായിരുന്നു.ആക്രമം നടക്കുമ്പോൾ ഹെലെനെ ശാന്തമായി പ്രാർത്ഥിക്കുമ്പോഴായിരുന്നു ഭീകരരിൽ ഒരാൾ അവർക്കടുത്ത് വന്ന് മരിക്കാൻ പേടിയുണ്ടോ എന്ന് ചോദിച്ചിരുന്നത്.വൈദികനെ ക്രൂരമായി കഴുത്തറത്തുകൊന്നതിന് ശേഷം ഈ ഭീകരർ കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് വെടി വച്ച് കൊല്ലകയായിരുന്നു. കെട്ടിടത്തിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഉച്ചത്തിൽ അള്ളാഹു അക്‌ബർ എന്ന് വിളിക്കുന്നുമുണ്ടായിരുന്നു.

താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ തനിക്ക് മരിക്കാൻ പേടിയില്ലെന്നും സന്തോഷമാണെന്നും ഹെലെനെ മറുപടിയേകിയപ്പോൾ ഐസിസ് ഭീകരർ പിന്നീട് ദൈവത്തെക്കുറിച്ച് സംസാരിച്ചതായും സിസ്റ്റർ വെളിപ്പെടുത്തുന്നു. ഒരു വേള തനിക്ക് ക്ഷീണം തോന്നിയിരുന്നുവെന്നും തന്നോട് അവിടെയിരിക്കാൻ ഭീകരൻ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ ഊന്ന് വടി ആവശ്യപ്പെട്ടപ്പോൾ ഭീകരൻ അതെടുത്ത് നൽകിയിരുന്നുവെന്നും സിസ്റ്റർ വെളിപ്പെടുത്തുന്നു. തുടർന്ന് തന്നോട് മതത്തെക്കുറിച്ച് സംസാരിക്കാനാരംഭിച്ച ഭീകരർ ഖുറാൻ വായിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. തനിക്ക് ബൈബിൾ പോലെ തന്നെ പ്രിയപ്പെട്ട ഗ്രന്ഥമാണിതെന്നും അതിലെ സമാധാനത്തെ ഉയർത്തിക്കാട്ടുന്ന ചില വരികൾ പ്രത്യേകിച്ചും ഇഷ്ടമാണെന്നും സിസ്റ്റർ ഭീകരരോട് പറഞ്ഞിരുന്നു.

സമാധാനമാണ് തങ്ങൾക്കും വേണ്ടതെന്നും സിറിയയിൽ ബോംബുകൾ നിരന്തരം പൊട്ടുകയാണെന്നും നിങ്ങൾ ആക്രമണം നിർത്തുമ്പോൾ തങ്ങളും നിർത്തുമെന്നും ഭീകരർ സിസ്റ്ററോട് പറഞ്ഞിരുന്നുവത്രെ. എന്നാൽ വൈദികനെ കഴുത്തറത്തുകൊന്നതിന് ശേഷം ഒരു ഭീകരൻ ചിരിക്കുന്നത് താൻ കണ്ടിരുന്നുവെന്നാണ് സിസ്റ്റർ ഹുഗെറ്റെ വെളിപ്പെടുത്തുന്നത്. തനിക്ക് ഭീകരിനിൽ നിന്നും ഒരു മൃദുവായ ചിരി ലഭിച്ചിരുന്നുവെന്നും അതൊരു വിജയത്തിന്റെ ചിരി അല്ലായിരുന്നുവെന്നും സിസ്റ്റര് വെളിപ്പെടുത്തുന്നു. ഇവിടെ ആക്രമണം നടത്തിയ കെർമിച്ചെയുടെ മൃതദേഹം അടക്കം ചെയ്യാൻ റൗയെൻ ഗരത്തിലെ പ്രമുഖ മുസ്ലിം ലീഡർമാർ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഇസ്ലാമിനെ കളങ്കപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ ഇതിന് വിശദീകരണം നൽകിയിരിക്കുന്നത്.