റാഖിലും സിറിയയിലും ആക്രമണം നടത്തിയാൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ഉന്മൂലനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു പാശ്ചാത്യ സഖ്യകക്ഷികൾ. എന്നാൽ, അതിവേഗം പടർന്നുപിടിക്കുന്ന മാറാവ്യാധി പോലെ ലോകത്തുമുഴുവൻ വ്യാപിക്കുകയാണ് ഐസിസ്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായി ഐസിസ് മാറിയെന്ന് അവരുടെ പ്രവർത്തനം തെളിയിക്കുന്നു.

ഐസിസിന് സ്വാധീനശേഷിയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി വൈറ്റ് ഹൗസ് തയ്യാറാക്കിയ ഭൂപടത്തിലാണ് ഭീകര സംഘടന എത്രത്തോളം വലുതായെന്ന് വ്യക്തമാക്കുന്നത്. 2014-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ഐസിസിനെതിരെ ആക്രമണം ആരംഭിക്കുമ്പോൾ വെറും ഏഴുരാജ്യങ്ങളിൽ മാത്രമായിരുന്നു അതിന് സ്വാധീവമുണ്ടായിരുന്നത്. അതിന്റെ പ്രവർത്തകരിലേറെയും ഇറാഖിൽനിന്നും സിറിയയിൽനിന്നും ഉള്ളവരും.

എന്നാൽ, ഐസിസിനെതിരായ പോരാട്ടം തുടങ്ങി ഒരുവർഷത്തിനുള്ളിൽ 18 രാജ്യങ്ങളിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിച്ചു. ഉന്മൂലനശ്രമം തുടങ്ങിയശേഷം മൂന്നിരട്ടിയായി ഐസിസ് വളരുകയാണ് ചെയ്തതെന്ന് അമേരിക്ക തന്നെ സമ്മതിക്കുന്നുവെന്ന് ഈ ഭൂപടത്തിൽ വ്യക്തമാണ്.

ഐസിസിന് സ്വാധീനമുള്ളതും ഐസിസിന് വളരാൻ വളക്കൂറുള്ളതുമായ രാജ്യങ്ങലെയാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈജിപ്ത്, മാലി, സൊമാലിയ, ടുണീഷ്യ, ബംഗ്ലാദേഷ്, ഫിലിപ്പിൻസ്, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഐസിസ് സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അമേരിക്കയിലെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ തയ്യാറാക്കിയ ഭൂപടം വ്യക്തമാക്കുന്നു.