ണ്ടനിലെ ടവർ ഹാംലെറ്റിലെ ബെത്നാൽ ഗ്രീൻ സ്‌കൂളിൽ നിന്നും രണ്ട് കൂട്ടുകാരികളോടൊപ്പം ഐസിസിൽ ചേരാൻ പോയ 17കാരി കദിസ സുൽത്താന കൊല്ലപ്പെട്ടു.ഐസിസ് കൂടാരത്തിൽ നിന്നം രക്ഷപ്പെടാൻ ശ്രമിക്കവേ ബോംബ് സ്ഫോടനത്തിലാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണമുണ്ട്. സിറിയയയിലെ ഐസിസ് ശക്തികേന്ദ്രമായ റാഖയിൽ ഈ വർഷം ആദ്യം റഷ്യ നടത്തിയ ബോംബാക്രമണത്തിലാണ് കദിസ കൊല്ലപ്പെട്ടത്. ഐസിസുമായി പൊരുത്തപ്പെടാനാകാതിരുന്ന പെൺകുട്ടി താൻ വീട്ടിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നതായി കഴിഞ്ഞ സമ്മറിൽ കുടുംബത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച രാത്രിയിലെ ഐടിവി ന്യൂസിലാണ് കദിസയുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 2015ലെ ഈസ്റ്റർ ഹോളിഡേയ്ക്കിടയിലാണ് കദിസ ഈസ്റ്റ് ലണ്ടനിലെ വീട് വിട്ട് സിറിയയിലേക്ക് പോയിരുന്നത്. ആമിറ ബേസ്, ഷാമിമ ബീഗം എന്നീ കൂട്ടുകാരികൾക്കൊപ്പമാണ് കദിസ അതിർത്തി കടന്ന് പോയത്. കൂട്ടുകാരികൾക്ക് വെറും 15 വയസ് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.

കൂട്ടകാരികൾ ഇപ്പോഴും റാഖയിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുന്ന വിദേശ ജിഹാദികളാണ് മൂന്ന് പെൺകുട്ടികളെയും വിവാഹം കഴിച്ചിരുന്നത്. സോമാലിയൻ വംശജനായ അമേരിക്കൻ പൗരനാണ് കദിസയെ വിവാഹം കഴിച്ചിരുന്നത്. ഇയാൾ കഴിഞ്ഞ വർഷം അവസാനം കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എ ലെവൽ കോഴ്സിന് പഠിച്ച് കൊണ്ടിരുന്ന ഈ മൂന്ന് പെൺകുട്ടികളും ഐസിസിൽ ചേരാൻ പോയത് ബ്രിട്ടനെ നടുക്കിയ സംഭവമായിരുന്നു. ഐസിസ് പാളയത്തിലെ ജീവിതം കദിസയ്ക്ക് മടുത്ത് തുടങ്ങിയിരുന്നുവെന്നും അതിനെ തുടർന്ന് അവൾ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നുവെന്നും കദിസയുടെ മരണത്തിന് ശേഷം വെളിപ്പെട്ടിരുന്നു.

കദിസയെ റാഖയിൽ നിന്നും പുറത്തുകൊണ്ട് വരാൻ സഹായിക്കാൻ സാധിക്കുമെന്നും തുടർന്ന് തുർക്കിയെത്തിക്കാൻ കഴിയുമെന്നും തുടർന്ന് തങ്ങളുടെ മകളെ തിരികെ ലഭിക്കുമെന്നും ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിൽ താമസിക്കുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ പ്രതീക്ഷ പുലർത്തിയിരുന്നു. അതിനിടെയാണ് കദിസയുടെ മരണവാർത്ത സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രക്ഷപ്പെടാൻ സാധിക്കുന്നതിന് മുമ്പെ അവൾ താമസിച്ചിരുന്ന കെട്ടിടം റഷ്യൻ ബോംബാക്രമണത്താൽ തകരുകയായിരുന്നുവെന്നാണ് സൂചന. റാഖയിലുള്ള മറ്റുള്ളവരാണ് കദിസയുടെ മരണവാർത്ത കുടുംബത്തെ അറിയിച്ചിരുന്നത്. തന്റെ സഹോദരി ഇനിയും വാർത്തകളിൽ നിറയാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും തങ്ങൾ കദിസയുടെ ആഗ്രഹത്തെ ബഹുമാനിക്കുന്നുവെന്നും കദിസയുടെ സഹോദരി ഹലിമ ഐടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സഹോദരിക്ക് ഈ ഗതി തന്നെയാണ് ഉണ്ടാവുകയെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നു ഹലിമ പറയുന്നു.

ഹലിമയും കദിസയും തമ്മിൽ നടത്തിയ ഫോൺകാളുകളും ഈ ഇന്റർവ്യൂക്കിടയിൽ ഉൾപ്പെടുത്തിയിരുന്നു. ബെത്നാൽ ഗ്രീൻ സ്‌കൂളിലെ ഈ മൂന്ന് പെൺകുട്ടികളും പലായനം ചെയ്തതിനെ തുടർന്ന് ഇവരുടെ കുടുംബങ്ങൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ പെൺകുട്ടികൾ എവിടെയാണെന്ന് തിരക്കിക്കൊണ്ട് അന്ന് പൊതുജനസമ്മർദം അതിശക്തമായി ഉയരുകയും ചെയ്തിരുന്നു.ഇവരെ തിരിച്ച് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഹലിമയും മറ്റ് രണ്ട് കുട്ടികളുടെ കുടുംബക്കാരും ഇസ്താംബുൾ വരെ പോവുകയും ചെയ്തിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാനായി മൂന്ന് പെൺകുട്ടികളുടെ കുടുംബങ്ങളും ലോയറായ താസ്നിം അകുൻജീയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ ശ്രമങ്ങൾ വിജയിക്കുന്നതിന് മുമ്പെ കദിസ കൊല്ലപ്പെടുകയായിരുന്നു.