സ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഇറാഖിലെ ആസ്ഥാനമായ മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടം കൂടുതൽ രൂക്ഷമാകുന്നു. കരയലൂടെയും ആകാശത്തിലൂടെയും അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയും ഇറാഖ്, കുർദ് സൈന്യവും മുന്നേറ്റം നടത്തുമ്പോൾ, അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഐസിസ്.

എണ്ണക്കിണറുകൾക്ക് തീയിട്ട് സഖ്യസേനയെ ചെറുത്തുനിൽക്കാനാണ് ഭീകരരുടെ ശ്രമം. എണ്ണക്കിണറുകളിൽനിന്ന് വമിക്കുന്ന കറുത്ത കട്ടപ്പുക കാരണം സഖ്യസേനയ്ക്ക് വ്യോമാക്രമണ പദ്ധതികളിൽനിന്ന് പിന്തിരിയേണ്ടിവരുന്നുണ്ട്. ശത്രുക്കളെ പ്രതിരോധിക്കാൻ സദ്ദാം ഹുസൈന്റെ സൈന്യം 1991-ലെ ഗൾഫ് യുദ്ധത്തിൽ ഉപയോഗിച്ച അതേ തന്ത്രമാണ് ഇപ്പോൾ ഐസിസും പയറ്റുന്നത്.

സഖ്യസേനയുടെ വ്യോമാക്രമണം തടയുന്നതിനുവേണ്ടിയാണ് ഗൾഫ് യുദ്ധത്തിനിടെ ഇറാഖ് സൈന്യം എണ്ണക്കിണറുകൾക്ക് തീയിട്ടത്. ഇപ്പോൾ ഇറാഖ് സൈന്യത്തിനും സഖ്യ സേനയ്ക്കുമെതിരെ അതേ തന്ത്രം ഐസിസ് ഭീകരർ പ്രയോഗിക്കുന്നു. ഇറാഖിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ നിലനിർത്തുന്ന എണ്ണശേഖരം കൂടിയാണ് ഇതിലൂടെ ഇല്ലാതാകുന്നത്.

മൊസൂളിൽ പോരാട്ടം രൂക്ഷമായതോടെ അവിടെന്നും ഓരോദിവസവും പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഐസിസ് പിന്മാറാനിടയുള്ളതിനാൽ, നേരത്തെതന്നെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. മൊസൂൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താനായതായി ഇറാഖ് സേനയും അവകാശപ്പെടുന്നു.

പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ ലക്ഷ്യത്തോട് അടുക്കുകയാണെന്നാണ് ഇറാഖി സൈന്യം വാർത്താ ഏജൻസികളോട് പ്രതികരിച്ചത്. നാൽപ്പതിനായിരത്തിലേറെ വരുന്ന ഇറാഖ്, കുർദ് സൈന്യമാണ് മൊസൂളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ അണിചേർന്നിട്ടുള്ളത്.

അമേരിക്കയുടെ നേതൃത്വത്തിൽ 60-ഓളം രാജ്യങ്ങളിൽനിന്നുള്ള സൈന്യത്തിന്റെ പിന്തുണയും ഈ ശ്രമങ്ങൾക്കുണ്ട്. ബോംബുകളും കുഴിബോംബുകളും കിടങ്ങുകളും കത്തുന്ന എണ്ണക്കിണറുകളും സൈന്യത്തിന്റെ വഴിമുടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കടുത്ത പോരാട്ടത്തിനൊരുങ്ങിത്തന്നെയാണ് സൈന്യത്തിന്റെ മുന്നേറ്റം.