സ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഇറാഖിലെ ആസ്ഥാന നഗരമായ മൊസൂൾ പിടിക്കാനെത്തിയ അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കും ഇറാഖ് സൈന്യത്തിനുമുന്നിൽ മനുഷ്യമതിൽ തീർത്ത് ഭീകരർ. എണ്ണായിരം കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരക്കണക്കിന് ജനങ്ങളെ തട്ടിയെടുത്ത് ബന്ധികളാക്കിയ ഐസിസ് ഭീകരർ, ഇവരെ മനുഷ്യമതിലായി ഉപയോഗിക്കുകയാണ്.

സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തെയും ഇറാഖ്, കുർദ് സൈനികരുടെ കരയാക്രമണത്തെയും ചെറുക്കുന്നതിനാണ് നിരപരാധികളായ മനുഷ്യരെ ഐസിസ് മുന്നിൽനിർത്തുന്നത്. ഇതോടെ, ആക്രമണത്തിൽനിന്ന് തൽക്കാലം പിൻവലിയേണ്ട നിലയിലാണ് സഖ്യസേന. ഭീരുക്കൾ പയറ്റുന്ന തന്ത്രമാണ് ഐസിസ് ഇപ്പോൾ ചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ വക്താവ് രവീണ ഷാംദസാനി പറഞ്ഞു.

ഐസിസിന്റെ നിർദേശമനുസരിക്കാൻ വിസമ്മതിക്കുന്നവരെ തൽക്ഷണം വെടിവച്ചുകൊല്ലുകയാണ് ഭീകരർ. ഇറാഖിലെ മുൻ സുരക്ഷാ സേനയിൽ അംഗങ്ങളായിരുന്ന 190 പേരുൾപ്പെടെ 232 പേരെ ഇത്തരത്തിൽ ഐസിസ് വെടിവച്ചുകൊന്നു. ഐസിസിന്റെ കേന്ദ്ര സൈനിക ആസ്ഥാനത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളിലാണ് ബന്ധികളാക്കപ്പെട്ടവരെ പാർപ്പിച്ചിരിക്കുന്നത്.

നിരപരാധികൾ കൊല്ലപ്പെട്ടേക്കാമെന്നതിനാൽ, വ്യോമാക്രമണം നടത്താനാകാതെ ഇതോടെ സഖ്യസേന പ്രതിസന്ധിയിലായി. തോക്കിന്മുനയിലാണ് ഇവരെ വീടുകളിൽനിന്ന് ഇറക്കിക്കൊണ്ടുവന്നത്. വരാൻ വിസമ്മതിച്ചവരെ അവിടെത്തന്നെ വെടിവച്ചിടുകയായിരുന്നു. നിരപരാധികളെ ബന്ധികളാക്കുന്നതിനിടെ രക്ഷപ്പെട്ടവർ നൽകിയ വിവരം അനുസരിച്ചാണ് പതിനായിരക്കണക്കിന് ആളുകൾ തടവിലുണ്ടെന്ന് വ്യക്തമായത്.

സഖ്യസേന ആക്രമണം തുടങ്ങിയപ്പോൾ മുതൽ ലക്ഷക്കണക്കിന് ആളുകൾ മൊസൂൾ വിട്ട് സിറിയയിലെ അഭയാർഥി കേന്ദ്രങ്ങളിലേക്ക് പോയിരുന്നു. എന്നാൽ, റോഡുകൾ തകർത്തും കിടങ്ങുകൾ തീർത്തും പലായനം ചെറുക്കാൻ ഐസിസിനായി. നഗരത്തിനുള്ളിൽ അകപ്പെട്ടവെയാണ് ഇപ്പോൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്നത്. 2014-ൽ ഐസിസ് പിടിച്ചെടുത്ത മൊസൂൾ തിരിച്ചുപിടിക്കാനാണ് ഇപ്പോൾ പോരാട്ടം നടക്കുന്നത്. 2003-ൽ ഇറാഖിൽ നടന്ന അമേരിക്കൻ അധിനിവേശത്തിനുശേഷം ഏറ്റവും വിപുലമായ സൈനികനീക്കമാണ് ഇപ്പോൾ നടക്കുന്നത്.