മൊസൂൾ: മൊസൂളിൽ ഐസിസിന്റെ കേന്ദ്രത്തിലേക്ക് ഇറാഖ് സൈന്യവും സഖ്യസേനയും മുന്നേറ്റം തുടരവെ, അയർലൻഡുകാരനായ ഭീകരൻ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. ടെറി താലിബാൻ എന്നറിയപ്പെടുന്ന ഖാലിദ് കെല്ലിയാണ് ചാവേറാക്രമണത്തിൽ മരിച്ചത്. ഇറാഖ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇയാൾ ചാവേറാകാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അബു ഒസാമ അൽ അയർലൻഡി എന്നാണ് ഭീകരസംഘടനയിൽ ചേർന്നശേഷം കെല്ലി അറിയപ്പെട്ടിരുന്നത്. ഡബ്ലിനിലെ ലിബർട്ടീസിൽ അൾത്താരബാലനായി സേവനമനുഷ്ഠിച്ചിട്ടുള്ള കെല്ലി, നഴ്‌സിങ് പരിശീലനവും പൂർത്തിയാക്കിയിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യാൻ പോയ കെല്ലിയെ അവിടെനിന്ന് മദ്യക്കടത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ജയിലിൽ കഴിയവെയാണ് ഇസ്ലാം മതത്തിലേക്ക് മാറിയത്.

സൗദിയിലേക്ക് പോകുന്നതിന് മുമ്പ് ഇയാൾ പാക്കിസ്ഥാനിൽ ഭീകര താവളത്തിൽ പരിശീലനം നേടിയിരുന്നതായും സൂചനയുണ്ട്. 2009-്# പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയിൽ ഇയാൾ പ്രവർത്തിച്ചിരുന്നു. അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11 ആക്രമണത്തിനുശേഷമാണ് ഭീകരതയിലേക്ക് ഇയാൾ ആകൃഷ്ടനായത്.

കിഴക്കൻ മൊസൂളലി്# ഐസിസ് കേന്ദ്രങ്ങളിൽ ഇറാഖ് സൈന്യം റെയ്ഡ് നടത്തുന്നതിനിടെയാണ് ടെറി പൊട്ടിത്തെറിച്ചത്. ടെറിയടക്കം ഏഴ് ചാവേറാക്രമണങ്ങളാണ് വെള്ളിയാഴ്ച മൊസൂളിലുണ്ടായത്. അൽ ബാക്കർ പ്രവിശ്യയിലാണ് പോരാട്ടം കൂടുതൽ രൂക്ഷമായത്. നഗരകേന്ദ്രത്തിലേക്ക് തമ്പടിച്ച ഐസിസ് ഭീകരർ ബന്ദികളാക്കിയ ജനങ്ങളെ മനുഷ്യ മതിലാക്കിയതുകൊണ്ടാണ് സൈന്യത്തിന് മുന്നേറാൻ പ്രയാസം നേരിടുന്നത്.

ഐസിസ് ഭീകരരെ തുരത്തി ഇറാഖി സൈന്യം മൊസൂൾ നഗരം പിടിക്കാൻ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം കിഴക്കൻ മൊസൂളിൽ പ്രവേശിച്ച ഇറാഖിന്റെ പ്രത്യേക സൈന്യം നഗരത്തിലെ കെട്ടിടങ്ങളും ഒളിവിടങ്ങളും ഓരോന്നായി പരിശോധിച്ച് ഐഎസ് ഭീകരർ ഇല്ലെന്നു സ്ഥിരീകരിക്കുകയാണ്. ഇന്നലെ രാവിലെയും ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഇരുവിഭാഗവും കെട്ടിടങ്ങളുടെ മുകളിൽനിന്നും ഒളിവിടങ്ങളിൽനിന്നും അന്യോന്യം വെടിവയ്ക്കുകയും സ്‌ഫോടകവസ്തുക്കൾ എറിയുകയും ചെയ്തു. 'നഗരഹൃദയത്തിലേക്ക് ഏറെ ശ്രദ്ധയോടെയാണു ഞങ്ങളുടെ സൈന്യം നീങ്ങിയത്. ജനങ്ങൾക്ക് അപകടം ഉണ്ടാകാതിരിക്കാനും ആൾനാശം പരമാവധി കുറയ്ക്കാനുമാണു ഞങ്ങൾ ശ്രദ്ധിച്ചത്' - ഇറാഖിന്റെ പ്രത്യേക സൈന്യത്തിലെ മേജർ ജനറൽ സമി അൽ-അറിദി പറഞ്ഞു.

3000 ഇറാഖി ഭടന്മാരാണു മൊസൂളിന്റെ വിമോചനത്തിനായി പോരാടുന്നത്. യുഎസിന്റെ യുദ്ധവിമാനങ്ങൾ മുന്നേറ്റത്തിനു പിന്തുണ നൽകുന്നുണ്ട്. വെള്ളിയാഴ്ച ഇറാഖ് സൈന്യത്തിനു നേരെ ഐഎസിന്റെ ഏഴു ചാവേറാക്രമണങ്ങൾ നടന്നു. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനികർക്കിടയിലേക്ക് ഓടിച്ചുകയറ്റി വൻ ആൾനാശമുണ്ടാക്കാനുള്ള ശ്രമങ്ങൾ അഞ്ചുതവണ പരാജയപ്പെടുത്തി. ഇതിനിടെ ഏഴു സൈനികർ കൊല്ലപ്പെട്ടു.മൊസൂളിനെ ഐഎസിന്റെ പിടിയിൽനിന്നു പൂർണമായി വിമോചിപ്പിക്കാൻ ആഴ്ചകൾതന്നെയെടുത്തേക്കാം. പത്തുലക്ഷം പേർ ഇപ്പോഴും നഗരത്തിലുണ്ട്. ആളുകളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഐഎസ് തന്ത്രം മുന്നേറ്റം  ദുഷ്‌കരമാക്കുന്നത്.