സ്താംബുളിലെ ക്ലബിൽ ആക്രമണം നടത്തി 39 പേരെ വധിച്ചതിന് ഐസിസിനോട് രക്തത്തിൽ ചാലിച്ച പ്രതികാരം നടത്തിക്കൊണ്ടിരിക്കുകയാണ് തുർക്കി. ഇതിന്റെ ഭാഗമായി ഐസിസിസിനെതിരെ വടക്കൻ സിറിയയിൽ നിർത്താതെ ആക്രമണം അഴിച്ച് വിടുകയാണ് തുർക്കി സൈന്യം. ഇതിന്റെ ഭാഗമായി തകർത്തിരിക്കുന്നത് ഭീകരരുടെ നൂറോളം ഒളിസങ്കേതങ്ങളാണ്. ഇതിന് നിറഞ്ഞ പിന്തുണയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും സംയുക്തമായി തുടർച്ചയായ ബോംബിംഗാണ് ജിഹാദികളുടെ താവളങ്ങൾക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഓപ്പറേഷനിൽ 22 ഭീകരർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.

യൂഫ്രട്ടീസ് ഷീൽഡ് എന്ന പേരിലാണ് തുർക്കിഷ് സൈന്യം നാല് മാസങ്ങൾക്ക് മുമ്പ് ഐസിസിനെതിരെ കടുത്ത പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഈ അടുത്ത ആഴ്ചകളിൽ തുർക്കി സൈന്യം അൽ-ബാബ് പട്ടണം കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നത്. ഐസിസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡസൻ കണക്കിന് പേരെ തങ്ങൾ പിടികൂടിയിട്ടുണ്ടെന്ന് തുർക്കിയുടെ അഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐസിസുമായി ബന്ധമുള്ള 147 പേരെ പിടികൂടിയിട്ടുണ്ടെന്നാണ് മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന വെളിപ്പെടുത്തുന്നത്. കസ്റ്റഡിയിലായ 25 പേരെ പ്രാഥമിക ഘട്ടത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്താംബുളിലെ വെടിവയ്പിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഐസിസ് ഏറ്റെടുത്തിരുന്നു. ക്രിസ്ത്യാനികൾ അവരുടെ ആഘോഷം നടത്തുന്ന പ്രശസ്തമായ നൈറ്റ് ക്ലബിൽ ധീരനായ തങ്ങളുടെ കലീഫറ്റിന്റെ ധീരനായ പോരാളി നടത്തിയ ആക്രമണമെന്നാണ് ഐസിസുമായി ബന്ധമുള്ള ആമാഖ് ന്യൂസ് ഏജൻസി ഇസ്താംബുൾ ആക്രമണത്തെ വാഴ്‌ത്തിയിരിക്കുന്നത്. ഐസിസ് നേതാവ് അബുബക്കർ ബാഗ്ദാദിയുടെ ഉത്തരവിനെ തുടർന്നാണീ ആക്രമണം നടത്തിയതെന്നും വെളിപ്പെടുത്തലുണ്ട്.