കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്‌സ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വൻ തോതിൽ ഹവാല പണം എത്തുന്നതായി വിവരം. ഗൾഫിൽ ഒളിവിൽ കഴിയുന്ന കണ്ണൂർ പാപ്പിനിശ്ശേരിയിലെ കെ.ഒ.പി.തസ്ലീം ഇതിന്റെ ഇടനിലക്കാരനാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

മറ്റ് ലക്ഷ്യങ്ങളോടൊപ്പം എത്തുന്ന ഹവാല ചാനൽ വഴിയാണ് തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയും പണം എത്തുന്നതെന്ന് ഐ.എസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവൻ ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തസ്ലീം, കണ്ണൂർ സ്വദേശികളും ഐ.എസ്. ബന്ധമുള്ളവരുമായ മിത്‌ലജിനും റാഷിദിനും 400 ഡോളർ വീതം നൽകിയത് ഹവാല വഴി എത്തിച്ച പണമാണ്. സിറിയൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച ഷെജിലിനും കൂട്ടാളിയായ മിത്‌ലജിനും നേരത്തെ 4000 ഡോളർ നൽകിയതും തസ്ലീമാണ്. ഇന്ത്യൻ രൂപയിൽ ഇത് മൂന്നര ലക്ഷം വരും.

ഹവാല വഴി പണം എത്തിച്ച തസ്ലീം ഒറ്റ തവണ മാത്രമാണ് ഇന്ത്യൻ രൂപയായി 40,000 രൂപ നൽകിയത്. ഐ.എസിൽ നിന്നും നാട്ടിലെത്തിയ മിത്‌ലജിന് ഒളിവിൽ കഴിയാനുള്ള സഹായ ധനമായിരുന്നു ഇത്. ഇത് ബാങ്ക് വഴിയാണ് അയച്ചത്. മറ്റെല്ലാ ഇടപാടുകളും ഡോളർ ആയാണ് നൽകിയത്. ഐ.എസിൽ നിന്നും തിരിച്ച് വന്ന ചക്കരക്കല്ല് സ്വദേശി ഷാജഹാന് ഡൽഹിയിൽ വെച്ച് നൽകിയതും ഒരു ലക്ഷം രൂപയുടെ ഡോളറാണ്. ഇതെല്ലാം തെളിയിക്കുന്നത് തസ്ലീം ഏതോ അന്താരാഷ്ട്ര ഹവാല ഇടപാടുകാരുടെ കണ്ണിയാണെന്നാണ്. തസ്ലീമിനെ പിടികൂടിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയുള്ളൂ. അതിനുള്ള ശ്രമം അന്വേഷണ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. ഹവാല പണം ഇത്തരം പ്രവർത്തനത്തിന് പുറമേയും എത്തിച്ചേരുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

ബോംബ് സ്‌ഫോടനം നടത്താനും വിധ്വംസക പ്രവർത്തനം നടത്താനുമാണ് ഹവാല പണം എത്തുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ബംഗളൂരുവിൽ പത്തിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങൾക്ക് ചെലവായത് കേവലം നാല് ലക്ഷം രൂപ മാത്രമാണ്. ഹവാല പണത്തിന്റെ എത്തിച്ചേരലെല്ലാം മത പഠനവും മത പ്രരണത്തിന്റേയും പേര് പറഞ്ഞാണ്. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഹവാല പണം എത്തുന്നത്. കേരളത്തിലെ നിരവധി സംഘടനകൾക്ക് ഗൾഫിൽ നിന്നും പണം എത്തുന്നുണ്ട്. ഇതിന്റെ മറവിൽ രാജ്യ ദ്രോഹ പ്രവർത്തനത്തിനും ഉപയോഗിക്കുന്ന ചിലരെങ്കിലുമുണ്ട് എന്നതാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവരം.

വർഷങ്ങൾക്ക് മുമ്പ് ഇന്റലിജൻസ് ഐ.ജി.യായിരുന്ന ജേക്കബ് പൊന്നൂസ് കേരളത്തിൽ 50,000 കോടി രൂപയുടെ ഹവാല പണമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു,. എന്നാൽ അതിൽ ഒരു കോടി രൂപ പോലും പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്ന് തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ബോംബുവെക്കലല്ല പണമാണെന്നായിരുന്നു ഭരണാധികാരികളും പൊലീസും ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ തീവ്രവാദത്തിന് തടയിടാനോ ഹവാലയുടെ ഒഴുക്കിനെ നിയന്ത്രിക്കാനോ കഴിഞ്ഞിരുന്നില്ല. തീവ്രവാദം ശക്തി പ്രാപിക്കുന്നതിന് കാരണമായ സാമ്പത്തിക സ്രോതസ്സുകൾ വിലക്കുവാനുള്ള ഒരു നടപടിയും ഉണ്ടായിരുന്നില്ല.

ഇന്ന് തീവ്രവാദത്തിന്റെ സ്വഭാവം മാറി. ഭരണാധികാരികൾ കാലങ്ങളായി അനുവർത്തിച്ചു വരുന്ന തീവ്രവാദികളുടെ മൃദു സമീപനമാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് എത്തിച്ചത്. അന്ന് കരസേനയുടെ ദക്ഷിണേന്ത്യൻ കമാന്റന്റ് ശിവശങ്കർ കേരളത്തിൽ ഹവാലയുടേയും തീവ്രവാദത്തിന്റേയും സൂചനകൾ ചൂണ്ടിക്കാട്ടിയിരുന്നു., എന്നാൽ ഭരണകൂടം അതൊന്നും ഗൗനിച്ചില്ല. ഇപ്പോൾ ഹവാല വഴി പണം എത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനുള്ള ലക്ഷ്യത്തിലേക്കാണ്.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചവരാണ് തീവ്രവാദം മൂത്ത് ഐ.എസിൽ എത്തിച്ചേർന്നത്. എന്നാൽ മുഖ്യധാരാ മുസ്ലിം സംഘടനയായ മുസ്ലിം ലീഗിൽ നിന്നും ഒരാൾ പോലും തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ചേർന്നില്ലെന്നത് ശുഭകരമായ വസ്തുതയാണ്.