ഡമാസ്‌കസ്: സിറിയയിൽ റഷ്യൻ സേനയുടെ ബോംബിങ്ങിനുമുന്നിൽ തകർന്നടിഞ്ഞ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അന്തിമ പിടിവള്ളിയെന്നോണം കുട്ടികളെ മുന്നിൽനിർത്തി പോരാട്ടം തുടങ്ങി. റഷ്യയുടെ അത്യന്താധുനിക സൈനികശേഷിയോട് ഏറ്റുമുട്ടിനിൽക്കാനാവില്ലെന്ന് ബോധ്യമായതോടെ, ഖിലാഫത്ത് ഉപേക്ഷിച്ച് സിറിയയിൽനിന്ന് മുങ്ങാനും ഭീകരർ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഭീകരരുടെ ഒരുവിധത്തിലുള്ള ചെറുത്തുനിൽപ്പിനും വഴങ്ങാതെ ആക്രമണം തുടരാൻ റഷ്യ തീരുമാനിച്ചതോടെയാണ് ഐസിസ് പുതിയ യുദ്ധതന്ത്രങ്ങൾ പയറ്റുന്നത്.

മുതിർന്ന ഭീകരരിൽ പലരും താവളങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടതോടെ, തടവിലാക്കിയിരുന്ന കുട്ടികളെ ആയുധവുമായി മുന്നണിയിലേക്ക് വിടുകയാണ് നേതാക്കൾ. കുട്ടികളെ മറയാക്കി രക്ഷപ്പെടാനുള്ള ഭീകരരുടെ തന്ത്രത്തെ വിട്ടുവീഴ്ചയില്ലാതെ തോൽപിക്കാനാണ് റഷ്യൻ തീരുമാനം. പരാജയം ഉറപ്പായതോടെ, ഐസിസ് താവളങ്ങളിൽനിന്ന് ഒട്ടേറെ ഭീകരർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. താടിയൊഴിവാക്കി സ്ത്രീവേഷം കെട്ടി രക്ഷപ്പെടുന്നവരുമുണ്ട്. സിറിയയിൽ വിവിധയിടങ്ങളിലായി കുട്ടികളുടെ ക്യാമ്പുകൾ ഐസിസ് നടത്തുന്നുണ്ട്. ആറുവയസ്സുമുതൽ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ സായുധ പരിശീലനം നൽകുന്നുമുണ്ട്. പരാജയം ഉറപ്പായതിനാൽ ഈ കുട്ടികളെപ്പോലും യുദ്ധമുഖത്തേയ്ക്ക് വിടാൻ ഐസിസ് മടിക്കില്ലെന്ന് കാനഡ സൈന്യത്തിലെ മുൻ ലെഫ്റ്റനന്റ് ജനറൽ റോമിയോ ഡെല്ലയർ പറയുന്നു.

കുട്ടിക്കവചം ഉപയോഗിക്കാൻ തുടങ്ങിയാൽ ആക്രമണങ്ങൾക്ക് അയവുവരും എന്ന ധാരണയിലാണ് ഐസിസ് ഭീകരർ. കുരുന്നുകളുടെ കൈയിൽ കത്തി പിടിപ്പിച്ച് ഫോട്ടോകൾ ഐസിസ് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 12 കുട്ടികൾ മരിക്കുകയും ചെയ്തു. ആയിരക്കണക്കിന് കുട്ടികളെ ഐസിസിൽ ചേർത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ആക്രമിച്ച് കീഴടക്കിയ ഗ്രാമങ്ങളിൽനിന്ന് തട്ടിക്കൊണ്ടുവന്ന കുട്ടികളാണ് ഇതിലേറെയും. സിറിയയിൽ ഐസിസ് നടത്തുന്ന മതപാഠശാലകളിൽനിന്ന് തിരഞ്ഞെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ചാവേറാക്രമണത്തിന് പോലും ഇവർ കുട്ടികളെ ഉപയോഗിക്കാറുണ്ട്. മനോവൈകല്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവരെ ചാവേറാക്രമണത്തിന് നിയോഗിക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്.

സിറിയയിൽ റഷ്യ വ്യോമാക്രമണം തുടരുകയാണ്. ഇദ്‌ലിബ്, ഹമാ, അലെപ്പോ പ്രവിശ്യകളിലെ നഗരങ്ങളിൽ തുടരുന്ന ആക്രമണ പരമ്പരകളിൽ സൈനികരും ഐ.എസ് തീവ്രവാദികളും വിമതരുമടക്കം 90 പേർ കൊല്ലപ്പെട്ടു. ഹമാ പ്രവിശ്യയിലെ രണ്ടു ഗ്രാമങ്ങൾ പിടിച്ചെടുത്ത വിമതർ നിരവധി യുദ്ധടാങ്കുകൾ നശിപ്പിച്ചതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇദ്‌ലിബിൽ റഷ്യൻ പിന്തുണയോടെ സിറിയൻ സർക്കാർ സൈന്യം മുന്നേറുകയാണ്. സെപ്റ്റംബർ 30ന് റഷ്യ വ്യോമാക്രമണം തുടങ്ങിയശേഷം സിറിയയിൽ ഐസിസിന് കനത്ത തിരിച്ചടിയാണ് ഉണ്ടാകുന്നത്. അതിനിടെ സിറിയയിൽ വ്യോമാക്രമണം ഉൾപ്പെടെ സൈനികനീക്കത്തിന് ജോർഡനുമായി ധാരണയായതായി റഷ്യ അറിയിച്ചു. ജോർഡൻ വിദേശകാര്യമന്ത്രി നാസർ ജുദേഹുമായി വിയനയിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എസിനെതിരായ സൈനികനീക്കത്തിൽ യു.എസ് സഖ്യചേരിയിലെ അംഗരാജ്യമാണ് ജോർഡൻ. അതുകൊണ്ട് തന്നെ ഈ നീക്കം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്.

സിറിയയിൽനിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തുരത്തുകയെന്ന ലക്ഷ്യത്തോട് അടുക്കുകയാണെന്ന് റഷ്യ. ഐസിസിന്റെ തന്ത്രപ്രധാനമായ താവളങ്ങൾ പലതും തകർത്തുവെന്ന് റഷ്യ അവകാശപ്പെട്ടു. ഭീകരരുടെ ആയുധ കേന്ദ്രങ്ങളിലും ഫാക്ടറികളും ആയുധശേഖരങ്ങളിലും റഷ്യൻ സേന ബോംബാക്രമണം ശക്തമാക്കിയതോടെ, ഭീകരർ പലായനം തുടങ്ങിയെന്നാണ് റിപ്പോർട്ട്. റഷ്യ ആക്രമണം നടത്തുന്ന മേഖലകളിലേക്ക് പോകാനും പ്രത്യാക്രമണം നടത്താനും ഭീകരർ മടികാണിച്ചുതുടങ്ങി. പുതിയ കേന്ദ്രങ്ങളിലേക്ക് പിൻവലിയാനുള്ള ശ്രമമാണ് ഇപ്പോൾ ഐസിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇഡ്‌ലിബ്, ഹമ, ഡമാസ്‌കസ്, അലെപ്പോ തുടങ്ങിയ കേന്ദ്രങ്ങളിലെ ഐസിസ് താവളങ്ങൾ നശിപ്പിച്ചുവെന്ന് റഷ്യ അവകാശപ്പെട്ടു. ഈ നിലയിൽ ആക്രമണം തുടർന്നാൽ, സിറിയയെ ദിവസങ്ങൾക്കകം ഐസിസ് വിമുക്തമാക്കാനാകുമെന്നാണ് പ്രസിഡൻ്‌റ വൽദിമിർ പുട്ടിൻ കരുതുന്നത്.

റഷ്യ നടത്തുന്ന ആക്രമണങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തുന്ന അമേരിക്കയ്ക്കും നാറ്റോയ്ക്കും വലിയ തിരിച്ചടിയാണ് റഷ്യയുടെഈ മുന്നേറ്റം. ഐസിസിന് തന്ത്രപ്രധാന കേന്ദ്രങ്ങൾ പലതും നഷ്ടപ്പെട്ടുവെന്നതിന് തെളിവാണ് ആക്രമണകേന്ദ്രങ്ങളിൽനിന്ന് ഭീകരരുടെ പിന്മാറ്റം സൂചിപ്പിക്കുന്നതെന്ന് റഷ്യ പറയുന്നു. സിറിയയിൽ ഐസിസിന്റെ തലസ്ഥാന നഗരമായ റഖയിലേക്ക് ഭീകരർ ഏറെക്കുറെ പിൻവലിഞ്ഞു കഴിഞ്ഞു. ഇതോടെ പ്രതിരോധത്തിലാകുന്നത് അമേരിക്കയാണ്. ഐസിസിനെതിരായ റഷ്യൻ നീക്കം ഫലം കണ്ടാൽ തീവ്രവാദ വിരുദ്ധ ചേരിയിലെ രാജ്യങ്ങളെല്ലാം കളം മാറുമെന്ന് അമേരിക്കയ്ക്ക് അറിയാം.

ഇതു മനസ്സിലാക്കിയാണ് സിറിയയിൽ റഷ്യ ഇടപെടൽ നടത്തിയത്. പ്രസിഡന്റ് അസദിന് ഭരണം നടത്താൻ സുഗമമായ സാഹചര്യം ഒരുക്കുകയാണ് റഷ്യ ചെയ്തത്. ഇത് ഫലം കാണുമ്പോൾ അസദിനെതിരെ അമേരിക്ക വിമതരെ കൂട്ടുപിച്ച് നടത്തിയ നീങ്ങളാണ് പൊളിയുന്നത്. സിറിയയിലും ഇറാക്കിലും ഐസിസിനെ ഉന്മൂലനം ചെയ്യുകയാണ് റഷ്യയുടെ ഉദ്ദേശം. ഇതിലൂടെ ആഗോള സമാധാനമുണ്ടാക്കമെന്നാണ് റഷ്യയുടെ പക്ഷം. ഇത് തന്നെയാണ് അമേരിക്കയെ അലട്ടുന്നത്. ഐസിസിനെ സൃഷ്ടിച്ചത് അമേരിക്കയെന്ന വാദത്തിന് ശക്തികൂടിയെന്നതും ശ്രദ്ധേയമാണ്.

അതിനിടെ കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് അബദ്ധത്തിൽ സിറിയയിലേക്ക് അയച്ചുകൊടുത്തതിൽ ഐക്യരാഷ്ട്ര സംഘടനയുടെ ക്ഷമാപണം. ബിസ്‌കറ്റ് പെട്ടികൾ കയറ്റി അയയ്ക്കുന്നതിനിടെ ജീവനക്കാർക്കു സംഭവിച്ച പിഴവാണിതെന്നും വിശദീകരണം. ആഭ്യന്തരയുദ്ധം മൂലം അഭയാർഥി ക്യാംപുകളിലായ ജനങ്ങൾക്കായി ഇക്കഴിഞ്ഞ 18നാണ് യുഎൻ 650 പെട്ടി എനർജി ബിസ്‌കറ്റ് അയച്ചത്. ദമാസ്‌കസിനു സമീപം സബദാനി, മദായ പ്രദേശങ്ങളിലേക്കയച്ച ഇവയിൽ 320 പെട്ടികളും ഒരു മാസം മുൻപേ കാലാവധി കഴിഞ്ഞ ബിസ്‌കറ്റായിരുന്നെന്നാണു പിന്നീടു കണ്ടെത്തിയത്.

സംഭവത്തെ അതീവ ഗൗരവമായി പരിഗണിച്ച് തുടർ നടപടികളെടുത്തതായി സിറിയ ചുമതല വഹിക്കുന്ന യുഎൻ സംഘം മേധാവി യാക്കൂബ് എൽ ഹില്ലോ അറിയിച്ചു. കാലാവധി കഴിഞ്ഞ ഈ ബിസ്‌ക്റ്റ് കഴിക്കുന്നതുമൂലം ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും യുഎ!ൻ ഉറപ്പു നൽകി