കണ്ണൂർ: തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്നവരുടെ 'ഗുരു' ഇന്റർനെറ്റ്. ഇന്റർനെറ്റ് വഴി ഗ്രൂപ്പ് രൂപീകരിച്ച് അഭിപ്രായപ്രകടനം നടത്തുകയും രണ്ടാം ഘട്ടം പരസ്പരം ആശയ പോരാട്ടം നടത്തുകയും ചെയ്യുന്നവർ ഒടുവിൽ എത്തിച്ചേരുന്നത് ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള തീവ്രവാദ പ്രവർത്തനങ്ങളിലേക്ക്.

സമീപകാലത്ത് ടെലിഗ്രാം എന്ന മെസേജിങ് ആപ്പുവഴിയാണ് ലോകവ്യാപകമായി ഇസ്ലാമിക് സ്റ്റേറ്റ്സിലേകും അൽ ഖായിദയിലേക്കും യുവാക്കളെ ആകർഷിക്കുന്നത്. ഈ ആപ്പു ഡൗൺ ലോഡ് ചെയ്ത് ഒരു കമ്യൂണിക്കേഷൻ വിങ് തന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് വൈബർ എന്ന മെസേജിങ് ആപ്പാണ്. ഈ രണ്ടു ആപ്പുകളും അമേരിക്കയുടേതല്ലെന്ന കാരണം പറഞ്ഞാണ് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ വഴി തേടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസിക്കൾക്ക് ലഭിച്ച വിവരം.

അടുത്ത കാലത്തായി തീവ്രആശയ പ്രചാരണം നടത്തുക വഴിയാണ് ടെലഗ്രാമിന് തീവ്രവാദ സ്വഭാവമുള്ളവരുടെ പിൻതുണ ഏറിവന്നത്. അതുകൊണ്ടു തന്നെ മതതീവ്രവാദ സമീപനത്തിലേക്ക് കൗമാരക്കാരും ടെലഗ്രാമിനെയാണ് ആശ്രയിക്കുന്നത്. മതപരമായ തീവ്ര നിലപാടുകളിൽ അന്യോന്യം തെറി വിളിച്ചു ഭിന്നത രേഖപ്പെടുത്തി തുടങ്ങിയവർ പിന്നെ ഏതോ ഒരു കേന്ദ്രത്തിനു മുന്നിൽ ഒരുമിക്കുന്നതാണ് കാണുന്നത്.

ഫെയ്സ് ബുക്കിലും ട്വിറ്ററിലും നേരത്തെ ഇവർ വെറുപ്പിന്റെ പ്രത്യയശാസ്ത്രം കൊണ്ടു നടക്കുകയും പിന്നീട് ടെലഗ്രാമിലും വൈബറിലും എത്തിച്ചേരുകയും ചെയ്യുകയാണ്. ടെലഗ്രാമും വൈബറും തന്നെ തിരഞ്ഞെടുക്കാൻ കാരണം ഇത്തരം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകളും വാഗ്വാദങ്ങളും അതിലേക്ക് തിരിച്ചു വിട്ടതുമൂലമാണ്. ഏതോ കേന്ദ്രത്തിൽ നിന്നും ബോധപൂർവ്വമായി മത തീവ്രവാദ ചർച്ചകൾക്ക് തുടക്കമിടുന്നതു പിന്നീട് തീവ്രവാദ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെളിവായിട്ടുണ്ട്.

ചേരി തിരിഞ്ഞ് മതപരമായ അഭിപ്രായഭിന്നത പറഞ്ഞ് തെറിവിളി വരെ എത്തിച്ചവർ പിന്നീട് യോജിക്കുന്നു. അതിന് അണിയറയിൽ ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാക്കുന്നവർ ഉണ്ട്. ഇങ്ങനെ ഒന്നിക്കുന്നവരെ റിക്രൂട്ട് ചെയ്ത് ഒരേ കേന്ദ്രത്തിലെത്തിക്കാൻ ഒരു ബുദ്ധികേന്ദ്രം ഉണ്ടെന്നാണ് വിലയിരുത്തൽ. ഈ ബുദ്ധി കേന്ദ്രം സിറിയൻ യുദ്ധത്തിന്റെയും അതിൽ മരിച്ചു വീഴുന്നവരുടെയും ദൃശ്യങ്ങൾ ഇവർക്ക് കൈമാറി പുതിയ ദൈവരാജ്യത്തിനെക്കുറിച്ച് മസേജിങ് ആപ്പുവഴി ബോധവൽക്കരിക്കും.

ഇസ്ലാമല്ലാത്ത എല്ലാം തെറ്റാണെന്നും അതിനാൽ ശരിയുടെ പാത സ്വീകരിക്കാനുള്ള സന്ദേശം ഇവരിൽ കുത്തിവെക്കും. പിന്നീട് ഇവർ ഒന്നിക്കുകയായി. ആരുമറിയാത്ത രീതിയിലുള്ള ഇത്തരം സമാഗമങ്ങളിലൂടെ വിശുദ്ധ യുദ്ധത്തിന്റെ പോരാളിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഇവർ മാനസികമായി എത്തും. ഇങ്ങനെയുള്ളവർക്കു മുന്നിൽ മാതാപിതാക്കളില്ല സഹോദരങ്ങളും ബന്ധുക്കളുമില്ല. അവരെല്ലാം വിഡ്ഢികളുടെ ലോകത്താണെന്നും ശരിയായ പാത തന്റേതാണെന്നും അവർ വിശ്വസിക്കുന്നു.

ഖുറാനിലെ മാനവികതയും പ്രവാചകന്റെ മനുഷ്യസ്നേഹവും തള്ളിപ്പറഞ്ഞ് മതത്തിന്റെ നേരായ പാതയിൽ നിന്നും വഴിതെറ്റി സഞ്ചരിക്കുന്നവർ ഒടുവിൽ എത്തിച്ചേരുന്നത് സിറിയയിലും അഫ്ഗാനിസ്ഥാനിലുമാണ്. മതപണ്ഡിതന്മാരല്ലാത്തവരുടെ പ്രബോധനങ്ങളിൽ കുടുങ്ങിയവർ അങ്ങനെ തീവ്രവാദിയായി മാറുന്നു. 24 ഉം 26 ഉം വയസ്സുള്ള ഈ യുവാക്കളെ കുടുംബബന്ധങ്ങളുടെ ശക്തിയോ സ്നേഹമോ ഒന്നും പിറകോട്ടു വലിക്കുന്നില്ല. മെസേജിങ് ആപ്പുവഴി പക്വമതികളല്ലാത്ത മത പ്രഭാഷകരുടെ ബോധനമാണ് ഇവരുടെ വഴിതെറ്റിയ പ്രയാണത്തിന് പ്രേരകമാവുന്നത്.