കൊച്ചി: ഐസിസ് ബന്ധം ആരോപിക്കുന്ന മലയാളികളുടെ തിരോധാനക്കേസിൽ അന്വേഷണം പൊലീസിന് തലവേദനയാകുന്നു. ഒന്നാം പ്രതി ആർഷി ഖുറേഷി, മൂന്നാം പ്രതി റിസ്വാൻ ഖാൻ എന്നിവരെ നാലാഴ്ചയോളം ചോദ്യം ചെയ്തിട്ടും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. ഇതോടെ മലയാളികളുടെ ഐസിസ് ബന്ധം തെളിയിക്കാനും കഴിയാത്ത അവസ്ഥ. കൊച്ചി സ്വദേശി മെറിൻ അടക്കം 16 മലയാളികളെ ഇവർ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവരിൽ ആരെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചില മലയാളികളെ ഇവർ മതം മാറ്റിയതിന് തെളിവുണ്ട്. എന്നാൽ അതും നിർബന്ധിത മതം മാറ്റമല്ല. അതിനാൽ ഈ കേസും നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കടുത്ത പ്രതിസന്ധിയിലാണ്. നിയമവിരുദ്ധ പ്രവർത്തന നിരോധന (യുഎപിഎ) നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കാനുള്ള നിയമ സാധ്യത ചൂണ്ടിക്കാട്ടി പൊലീസ് വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇതിനെ ഖുറേഷിയുടേയും റിസ്വാന്റേയും അഭിഭാഷകർ ചോദ്യം ചെയ്യുമെന്ന് ഉറപ്പ്. പൊലീസിന്റേത് ദുർബല വാദവുമായിരിക്കും. അതുകൊണ്ട് തന്നെ സക്കീർ നായിക്കിന്റെ അനുയായികളായ ഇരുവരും ജയിൽ മോചിതരാകാനും സാധ്യതയുണ്ട്.

മലയാളി യുവാക്കളെ മതം മാറാൻ സഹായിച്ചതായി ഖുറേഷി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. എന്നാൽ ഇവരെ വിദേശത്തേക്ക് കടത്തിയെന്ന് സമ്മതിച്ചിട്ടില്ല. മതം മാറുന്നത് കുറ്റമല്ല. നിർബന്ധിതമായി മതപരിവർത്തനം നടത്തിയെന്ന് തെളിയിച്ചാലേ പൊലീസിന് കേസ് മുന്നോട്ട് കൊണ്ടുപോകാനാവൂ. മെറിന്റെ സഹോദരൻ നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. തന്നെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ മെറിന്റെ സഹോദരനെ മതം മാറ്റിയിട്ടുമില്ല. കാണാതായവരെ ഇങ്ങനെ മതം മാറ്റിയതായി സൂചനകളില്ല. കാണാതായ മലയാളി യുവാക്കളെ ടെഹ്‌റാനിലേക്ക് കടത്തിയതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെ അവരുടെ സങ്കേതങ്ങൾ കണ്ടെത്താനായിട്ടില്ല.

കേസ് അന്വേഷണം ആ വഴിക്ക് കൊണ്ടുപോകുന്നതിന് എൻ.ഐ.എ.യെപ്പോലുള്ള അന്വേഷണ സംഘങ്ങൾ വേണ്ടി വരുമെന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. കേരളാ പൊലീസിന്റെ അന്വേഷണത്തിന് പരിമിതികൾ ഏറെയാണ്. പ്രതികളുടെ ഒരു വർഷത്തെ ടെലിഫോൺ സംഭാഷണ വിശദാംശങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ഖുറേഷിയുടെയും റിസ്വാന്റെയും പ്രവർത്തനങ്ങളെപ്പറ്റി അറിയാൻ മുംബൈയിൽ എത്തിച്ച് തെളിവെടുക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

കേരളത്തിൽ നിന്നു കടന്ന കാസർകോട് സ്വദേശി അഷ്ഫാക്ക് ഭീകര സംഘടനയിൽ ചേർന്നതായുള്ള സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. അഷ്ഫാക്കും ഖുറേഷിയും ഫോണിൽ സ്ഥിരമായി സംസാരിച്ചിരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇതിന്റെ തെളിവുകൾ ഖുറേഷിയുടെ മൊഴികളുമായി കൂട്ടിയിണക്കുന്നതിനുള്ള പൊലീസിന്റെ ശ്രമങ്ങളും ഇതുവരെ വിജയം കണ്ടിട്ടില്ല.