കോഴിക്കോട് : ഐഎസിന്റെ കേരളഘടകം അൻസാറുൽ ഖിലാഫയിയെ കുറിച്ച് എൻഐഎ ശേഖരിച്ചത് വ്യക്തമായ തെളിവകൾ. ഇവരുടെ പ്രചാരണ വിഡിയോയും ഫേസ്‌ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എൻഐഎയ്ക്കു ലഭിച്ചു. 12 പേരടങ്ങുന്ന അൻസാറുൽ ഖിലാഫ, ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് എൻഐഎയും കേന്ദ്ര, കേരള ഇന്റലിജൻസും ഇവരുടെ പദ്ധതികൾ തകർത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. 'അൻസാറുൽ ഖിലാഫ-കെഎൽ' എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്. 'കെഎൽ' കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എൻഐഎ വിലയിരുത്തൽ. സംഘടനയുടെ പേരിൽ എട്ടുമാസം മുൻപാണു ടെലിഗ്രാമിൽ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്. അതിനിടെ ഐസിസ് ബന്ധമാരോപിക്കപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ ആറു പ്രതികളെ കോടതി എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. ഇവരെ 30 ദിവസത്തേക്ക് റിമാൻഡ് ചെയ്താണ് കോടതി 12 ദിവസം കസ്റ്റഡിയിൽ നൽകിയത്. പിടിയിലായ പത്തു പ്രതികളിൽ ആറുപേരെ എൻ.ഐ.എ. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. യു.എ.പി.എ. ഉൾപ്പെടെ എട്ടു വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബിജെപി. ദേശീയ കൗൺസിലിന് മുന്നോടിയായി നടന്ന നിരീക്ഷണത്തിനിടെ ലഭിച്ച രഹസ്യവിവരങ്ങളാണ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവാക്കളുടെ അറസ്റ്റിലേക്ക് നീണ്ടതെന്ന് സൂചന. കോഴിക്കോട് ദേശീയ കൗൺസിലിന് മാസങ്ങൾക്കുമുമ്പുതന്നെ തീവ്രവാദ ആഭിമുഖ്യമുള്ളവരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു. ചില ബിജെപി. നേതാക്കളെ അപായപ്പെടുത്താൻ പദ്ധതിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ്, ആർഎസ്എസ്. നേതാവ് വത്സൻ തില്ലങ്കേരി, ഹിന്ദുമുന്നണി നേതാവ് മാറാട് സുരേഷ് എന്നിവർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. സമ്മേളനത്തിനുശേഷവും സുരക്ഷ തുടരുന്നുണ്ട്. ഭീഷണിയുള്ള വിവരം നേതാക്കളെ നേരിട്ടറിയിച്ചിട്ടുണ്ട്. ഈ അന്വേഷണമാണ് കനക മലയിലേക്ക് ദേശീയ ഏജൻസിയെ എത്തിച്ചത്.

കനകമലയിൽ ഒളിസങ്കേതങ്ങൾ ഒരുക്കുന്നതിനെ കണ്ടെത്തി ഇല്ലാതാക്കുക കൂടിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ 'ഓപ്പറേഷനിൽ' ചെയ്തത്. വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ നാലുപേരെയും മാഹിയിൽവച്ചാണ് നാട്ടുകാരൻ മൻഷിദ് സ്വീകരിച്ചതെന്നാണ് സൂചന. ഇവിടെനിന്ന് ഓട്ടോയിൽ മേക്കുന്നിലെത്തി ഓട്ടോ പറഞ്ഞുവിട്ടു. പിന്നീട് നടന്ന് കനകമലയിലെത്തുകയായിരുന്നു. ഇവരുടെ നീക്കങ്ങളെല്ലാം എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് കനകമലയെ കൂടിച്ചേരാനുള്ള ഒരു സ്ഥലമാക്കി മാറ്റാനുള്ള ശ്രമവും കൂടിയാണ് എല്ലാവരും പിടിയിലായതോടെ ഇല്ലാതായത്. അറസ്റ്റു ചെയ്ത പ്രതികൾ കേരളത്തിൽ 12 ആക്രമണങ്ങൾക്കു പദ്ധതിയിട്ടതായി കണ്ടെത്തി. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്, രണ്ടു ജ!ഡ്ജിമാർ, ഒരു പൊലീസ് ഉന്നതൻ എന്നിവർ ഉൾപ്പെടെ അഞ്ചു പേർ ഇവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു.

ഏഴു സ്ഥാപനങ്ങളെയും ഇവർ ഉന്നമിട്ടെന്നാണു വിവരം. പാരിസ് ആക്രമണത്തിന്റെ മാതൃകയിൽ കൊച്ചിയിലെ പൊതുയോഗത്തിലേക്കു ലോറി ഇടിച്ചുകയറ്റി ആക്രമിക്കാനും ഇവർ പദ്ധതിയിട്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടതോടെ പാളി. ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുകൾ പ്രതികൾ ശേഖരിച്ചിരുന്നതായും സൂചനയുണ്ട്. യെമനിലെ ദമ്മാജിലുള്ള കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ 35 പേർ സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിലുണ്ടെന്ന് പിടിയിലായവർ എൻഐഎ സംഘത്തോടു വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. 35 പേരെയും എൻഐഎ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂരിലെ കനകമലയിലെ കശുമാവിൻതോട്ടത്തിൽ രഹസ്യകൂടിക്കാഴ്ച നടത്തുമ്പോഴാണ് കണ്ണൂർ അണിയാരം സ്വദേശി മൻസീദ്, കോയമ്പത്തൂർ സ്വദേശി അബു ബഷീർ, തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫ്വാൻ, കോഴിക്കോട് സ്വദേശി ജാസിം എന്നിവർ പിടിയിലായത്. കുറ്റ്യാടിയിൽനിന്ന് വളയന്നൂർ സ്വദേശി റംഷാദാണ് പിടിയിലായത്.

കോയമ്പത്തൂരിൽനിന്ന് ഉക്കടം ജി.എം.നഗറിലെ നവാസ്, മുഹമ്മദ് റഹ്മാൻ എന്നിവരും പിടിയിലായി. കൊച്ചിയിലെ യോഗത്തിലേക്കു ലോറിയിടിച്ചു കയറ്റാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഉടൻ രഹസ്യാന്വേഷണവിഭാഗം ഇടപെടുകയും കൊച്ചിയിലെ യോഗസ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ, ഗ്രൂപ്പിൽ ആരോ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇവർക്കു സംശയമുണർന്നു. തുടർന്നു ടെലിഗ്രാം ഗ്രൂപ്പ് മരവിപ്പിച്ചു. പിന്നീട് ഫേസ്‌ബുക് മെസഞ്ചറിലൂടെ ഗ്രൂപ്പിലെ ഒറ്റുകാരനെ തിരിച്ചറിയാനായി ശ്രമം. അതിനായി പരസ്പരം കണ്ടു സംസാരിക്കാനാണു കണ്ണൂർ കനകമല തിരഞ്ഞെടുത്തത്. അതു ചോർത്തിയാണ് എൻഐഎ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. അതിനിടെ ഐസിസ്് ബന്ധമുള്ളവരിൽ നിന്നു വധഭീഷണിയുള്ള കാര്യം 10 ദിവസം മുൻപേ അന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ ഒരുക്കങ്ങൾക്കിടയിലാണു പൊലീസിന്റെ മുന്നറിയിപ്പു ലഭിച്ചത്. ലോക്കൽ പൊലീസ് വീട്ടിൽ വന്ന് സുരക്ഷാ കാര്യങ്ങൾ സംസാരിച്ചിരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

ഐസിസിന്റെ കേരള ഘടകത്തിന്റെ നുഴഞ്ഞു കയറിയതാണ് നിർണ്ണായകമായത്. പൂർണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പിൽ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കയറിപ്പറ്റിയതും വിവരങ്ങൾ ചോർത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവർ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂർ അണിയാരം മദീന മഹലിൽ മൻസീദ് ആണ് സമീർ അലി എന്ന പേരിൽ ഇതിനു നേതൃത്വം നൽകിയതെന്ന് എൻഐഎ കണ്ടെത്തി.