ന്യൂഡൽഹി: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിൽ എത്തിപ്പെട്ട നിരവധി സ്ത്രീകളും പെൺകുട്ടികളും തീവ്രവാദികളുടെ ലൈംഗിക അടിമകളാക്കിയിരിക്കയാണെന്നാണ് വിവരം. ഗോത്ര മേഖലയിൽ നിന്നുള്ള കനത്ത ചെറുത്തു നിൽപ്പിനെ തുടർന്ന് അവിടങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും തീവ്രവാദികൾക്ക് കീഴടക്കാനാവുന്നില്ല. അതിനാൽ മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയ ഇന്ത്യക്കാരെ ലൈംഗിക ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാനൊരുങ്ങുന്നുവെന്നാണ് സൂചന.

നേരത്തെ തീവ്രവാദികളുടെ പ്രധാന കേന്ദ്രമായ സിറിയയിലും വടക്കൻ മുസൂളിലെ ടാൽ റോമൻ ജില്ലയിലേയും യുവതികളേയും പെൺകുട്ടികളേയും ലൈംഗിക അടിമകളാക്കി വെക്കുകയായിരുന്നു പതിവ്. തങ്ങളെ നശിപ്പിച്ച തീവ്രവാദികളെ ആയുധമെടുത്തുകൊല ചെയ്ത സംഭവവും ഇവിടെ നടന്നിരുന്നതായി വിവരമുണ്ട്. ശേഷം അവർ ആത്മാഹുതി ചെയ്തതായും അറിയുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെപ്പോലും തങ്ങളുടെ ലൈംഗിക ഇംഗിതത്തിനായി തീവ്രവാദികൾ ഉപയോഗിച്ചു വരുന്നതായി റിപ്പോർട്ടുണ്ട്. ഇത്തരം പെൺകുട്ടികളെ വിൽക്കാനുള്ള ചന്തകളും ഇവിടങ്ങളിൽ നടന്നു വരുന്നു. തീവ്രവാദികളുടെ സംരക്ഷണത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സ്ത്രീ വിൽപ്പന അരങ്ങേറുന്നത്. അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ ജില്ലയിലെ തൊറബോറയിലും സമാന സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കയാണ്.

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കുടുംബ സമേതം ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് ആകർഷിക്കപ്പെട്ടുപോയ സ്ത്രീകളുടേയും കുരുന്നുകളുടേയും നില ഇതു തന്നെ. ആദ്യം പാചകക്കാരായും അനുബന്ധ ജോലികൾക്കും നിയോഗിക്കപ്പെടുന്ന യുവതികളേയും പെൺകുട്ടികളേയും ഐസിസ്. പോരാളികൾ ലൈംഗിക കൃത്യങ്ങൾക്ക് ഇരയാക്കുകയാണെന്നാണ് വിവരം.

ഇത്തരത്തിൽ നേരത്തെ അവിടത്തെ ഗോത്ര വർഗ്ഗത്തിലെ യുവതികളേയും പെൺകുട്ടികളേയുമാണ് ഇരയാക്കിയിരുന്നത്. ആ സാഹചര്യം മാറിയപ്പോഴാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലെത്തുന്നവരെ തന്നേയും ലൈംഗിക അടിമകളാക്കാനുള്ള സമീപനത്തിലേക്ക് അവർ തിരിയുന്നത്. വിൽപ്പനക്കു പുറമേ സ്ത്രീകളെ നഗ്‌നരായി ചങ്ങലക്കിട്ട് പ്രദർശിപ്പിച്ച് ലേലത്തിൽ വൻ തുകക്ക് കൈമാറുന്ന പതിവും ഈ മേഖലയിലുണ്ട്.

എന്നാൽ അടുത്തിടെ ഗോത്ര വർഗ്ഗ പ്രതിഷേധം ശക്തമാവുകയും പരസ്യമായി ഐ.സീസിനെതിരെ ചുവരെഴുത്തും മറ്റും നടത്തുന്ന സംഭവങ്ങളുമുണ്ടായി. ചില മേഖലകളിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ആധിപത്യം കുറഞ്ഞു വരുന്നതോടെ ഗോത്ര വർഗ്ഗ യുവതികളെ പഴയതുപോലെ അടിമകളാക്കി വെക്കാനാവുന്നില്ല.

അതിനിടെ നേരത്തെ തീവ്രവാദികളുടെ അടിമത്വത്തിലായ ഗോത്ര വർഗ്ഗ സ്ത്രീകളിൽ എച്ച്.ഐ.വി. ബാധ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. അവരിലൂടെ ഐ.എസ് പോരാളികൾക്കും ഇത് പടർന്നിരിക്കയാണ്. അതിനാൽ എച്.ഐ.വി. ബാധിച്ച സ്ത്രീകളെ ചാവേർ സ്‌ഫോടനങ്ങൾക്ക് ഉപയോഗിച്ചു വരികയാണെന്നാണ് വിവരം. ഇതോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പലായനം ചെയ്ത സ്ത്രീകളേയും പെൺകുട്ടികളേയും തീവ്രവാദികൾ ലൈംഗിക അടിമകളാക്കാൻ തുനിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏഴ് ഇന്ത്യക്കാർ മാത്രമാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് ആകർഷിക്കപ്പെട്ടു പോയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ പത്തിരട്ടിയിലേറെ പേർ കുടുംബസമേതവും അല്ലാതേയും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.