കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകം അൻസാറുൾ ഖിലാഫയുമായി ബന്ധമുള്ള പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫയാസിനെ എൻ ഐ എ സംഘം പിടികൂടി. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാൾ നെടുമ്പാശേരി വിമാനത്തിലെത്തിയപ്പോഴാണ് എൻ.ഐ.എ. സംഘം പിടികൂടിയത്. കനകമലയിൽ നടന്ന റെയ്ഡിൽ നിന്നാണ് ഫയാസിനെ കുറിച്ച് സൂചന ലഭിച്ചത്. സെപ്റ്റംബർ 22നാണ് ഇയാൾ കേരളത്തിൽനിന്നു ഖത്തറിലേക്ക് പോയത്. ഖത്തറിൽ ചാർട്ടേഡ് അകൗണ്ടന്റ് വിദ്യാർത്ഥിയാണ് പിടിയിലായ മുഹമ്മദ് ഫയാസ്.

പാലക്കാട് സ്വദേശിയായ ഇയാളുടെ കുടുംബം വർഷങ്ങളായി ഖത്തറിൽ സ്ഥിരതാമസമാണ്. സംസ്ഥാനത്ത് ഭീകര പ്രവർത്തനം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ തുടങ്ങിയ ഗ്രൂപ്പുകളിൽ ഇയാളും അംഗമായിരുന്നതായാണ് വിവരം. മുഹമ്മദ് ഫയാസിന്റെ മൊെബെൽ ഫോണും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കനകമല ഐ.എസ്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

കേസുമായി ഇയാൾക്ക് നേരിട്ടു ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങൾ ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂ എന്ന് എൻ.ഐ.എ. വൃത്തങ്ങൾ പറഞ്ഞു. കനകമല സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിടിച്ചെടുത്ത തൊണ്ടി സാധനങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് നേരത്തേ പിടികൂടിയത്. സംഭവത്തിൽ പതിനഞ്ചിലേറെ ആളുകൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

200910ൽ ലൗ ജിഹാദ് എന്ന ഭീകരപ്രവർത്തന റിക്രൂട്ടിങ് പദ്ധതി പുറത്തുവരുന്നതിനു കാരണമയ ജഡ്ജിയേയും ശരീഅത്തിനെ എതിർത്ത് ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച മറ്റൊരു ജഡ്ജിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനേയും രാഷ്ട്രീയ നേതാക്കളെയും വകവരുത്താനാണ് കനകമലയിൽ ഐ.എസ് യോഗം ചേർന്നത്. വാട്‌സ ആപ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് ഇവർ യോഗം ആസൂത്രണം ചെയ്തത്.

ഐസിസിൽ നിന്ന് യുദ്ധ പരിശീലനം നേടിയ സുബഹാനി ഹാജ മൊയ്ദീനെ വിവാദ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു. പിടിയിലായ സുബ്ഹാനി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണ പദ്ധതികൾക്കായി കോയമ്പത്തൂരിൽനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തത്.