കൊച്ചി: മതംമാറി അഫ്ഗാനിസ്ഥാനിലേക്ക് പോയ മകളും കുഞ്ഞും ഐസിസ് തീവ്രവാദികളുടെ തടവിലാണെന്നും ഇവരെ മോചിപ്പിച്ച് ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദു സമ്പത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി.

ഹർജിക്കാരിയുടെ മകൾ നിമിഷ (ഫാത്തിമ), ഭർത്താവ് പാലക്കാട് യാക്കര സ്വദേശി ബെക്‌സൺ (ഇസ), ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ് എന്നിവർ അഫ്ഗാനിസ്ഥാനിൽ ഐസിസ് തീവ്രവാദികളുടെ തടവിലാണെന്ന് ഹർജിയിൽ പറയുന്നു. നിമിഷ വിവാഹശേഷമാണ് മതം മാറിയത്. പിന്നീട് ഇരുവരും രാജ്യം വിട്ടു. ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള നിമിഷയെ തീവ്രവാദികൾ മനുഷ്യബോംബായി ഉപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇവരെ രക്ഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. പിന്നീട് പ്രധാനമന്ത്രിക്ക് നിവേദനവും നൽകി. എന്നാൽ ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഐസിസിൽ ചേർന്നതായി സംശയിക്കുന്ന ആറ്റുകാൽ സ്വദേശി നിമിഷ മതം മാറിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള സലഫി സെന്ററിൽ വച്ചായരുന്നു.

സെക്രട്ടറിയേറ്റിന് പിന്നിൽ പ്രസ്‌ക്ലബിന് സമീപം ഊറ്റുകുഴിയിലുള്ള സലഫി സെന്ററിൽ നിന്നാണ് നിമിഷ മതം മാറിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ ബിന്ദു എട്ട് മാസം മുമ്പ് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത ക്രൈംബ്രാഞ്ചാണ് പിന്നീട് അന്വേഷിച്ചത്. പക്ഷെ പൊലീസിന്റെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് അവഗണിച്ചുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.

കാസർകോട് പെയിനാച്ചി സെഞ്ചുറി ഡെന്റൽ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് നിമിഷ മതപരിവർത്തനം നടത്തിയത്. അവസാന വർഷ വിദ്യാർത്ഥിയായിരുന്ന നിമിഷ വെറും നാലുദിവസം പരിചയമുള്ള ഇസ എന്ന യുവാവിന്റെ പ്രേരണയിലാണ് മതം മാറിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. യുവാവിനൊപ്പം തിരുവനന്തപുരത്തെത്തിയ നിമിഷ മതം മാറി ഫാത്തിമ എന്ന പേര് സ്വീകിരിച്ചു.

കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് കഴിഞ്ഞ നവംബറിൽ വിശദമായ റിപ്പോർട്ട് അന്നത്തെ ഡിജിപി ടിപി സെൻകുമാറിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ നിമിഷയുടെ ജീവിത രീതിയിലും വസ്ത്രധാരണത്തിലുമുണ്ടായ മാറ്റത്തെപറ്റിയും ഇസ്ലാം മതത്തിലെ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്ന് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഈ റിപ്പോർട്ടിലെ വിവരങ്ങൾ അവഗണിച്ചു. അന്ന് ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ നിമിഷ ത്രീവവാദ സംഘത്തിൽ അകപ്പെടില്ലായിരുന്നുവെന്നാണ് അമ്മ ബിന്ദു പറയുന്നത്.