ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാൻ പലകുറി ശ്രമിച്ച് പരാജയപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സൈബർ യുദ്ധത്തിന് കളമൊരുക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് വിവരം കൈമാറുന്നവർക്ക് വമ്പൻ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഐസിസ് പുതിയ പോർമുഖം തുറന്നിരിക്കുന്നത്.

സർക്കാരിന്റെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകുന്നതിന് 10,000 ഡോളറാണ് സമ്മാനം. ഓരോ ഹാക്കിങ്ങിനും ഈ തുക പ്രതിഫലമായി ലഭിക്കും. ഹാക്കിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഗ്ദാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഹാക്കിങ്ങിന് മാത്രമല്ല, സോഷ്യൽ മീഡിയവഴി ഐസിസിലേക്ക് ആളെച്ചേർക്കുന്നതിനും പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐസിസിൽ ചേരാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് ഹാക്കർമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ട്വിറ്റർ, ഫേസ്‌ബുക്ക് എന്നിവയിൽനിന്നാണ് ഈ പട്ടിക തയ്യാറാക്കേണ്ടത്.

ഹാക്കർമാർ തമ്മിൽ നടത്തുന്ന ആശയവിനിമയങ്ങളിൽനിന്ന് സൈബർ ക്രൈം വിദഗ്ദ്ധർ ചോർത്തിയെടുത്ത വിവരങ്ങളാണിത്. കഴിഞ്ഞ ആറുമാസമായി ഇത്തരമൊരു വാഗ്ദാനം നിലനിൽക്കുന്നുണ്ട്. ഐസിസ് ഇന്ത്യയിലെ സൈബർരംഗത്ത് എത്രത്തോളം പിടിമുറുക്കിയെന്നതിന്റെ തെളിവാണിതെന്ന് സൈബർ ക്രൈം വിദഗ്ധനായ കിസ്ലെ ചൗധരി പറഞ്ഞു. ഇന്ത്യ വിരുദ്ധ പദ്ധതി തയ്യാറാക്കുന്നതിനാണ് സർക്കാർ രേഖകൾ ചോർത്താൻ ഐസിസ് ശ്രമിക്കുന്നത്. ഫേസ്‌ബുക്കും ട്വിറ്ററും മറ്റും ഉപയോഗിച്ച് തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകൾ നടത്തുകയും അതുവഴി യുവാക്കളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ തുടർച്ചയായി ശ്രദ്ധിക്കുന്നവരെ കണ്ടെത്തി അവരുടെ പട്ടിക തയ്യാറാക്കാനാണ് ഹാക്കർമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ എളുപ്പമാണെന്നും ഭീകരർ കരുതുന്നു.

കുറച്ചു ദിവസം മുമ്പ് ഐസിസിന്റെ ആശയ പ്രചാരണത്തിനുപയോഗിക്കുന്ന 94 വെബ്‌സൈറ്റുകൾ ഇന്ത്യ നിരോധിച്ചിരുന്നു. മുംബൈ തീവ്രവാദ വിരുദ്ധ സംഘം(എ.ടി.എസ്)ആയിരുന്നു ഇതിന് പിന്നിൽ. 'ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ ചെറുക്കാൻ എല്ലാത്തരം വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ സൈറ്റുകളും നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. ഐസിസിന്റെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നെന്ന് തെളിഞ്ഞാൽ ഏത് സൈറ്റും നിരോധിക്കും. ആളുകളുമായി നേരിട്ട് സമ്പർക്കം പുലർത്താൻ വെബ്‌സൈറ്റ് ആരംഭിക്കാനും എ.ടി.എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വെബ് സൈറ്റുകളെ ഐസിസും ലക്ഷ്യം വയ്ക്കുന്നത്.

ഈ സാഹചര്യത്തിലാണ് പൂതിയ പ്രഖ്യാപനവുമായി ഐസിസും എത്തുന്നത്. ഇന്ത്യയാണ് അടുത്ത ലക്ഷ്യമെന്ന് ഐസിസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്നും ഭീഷണിയുണ്ട്. റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടെ ആക്രമണം ലക്ഷ്യമിട്ട 14 ഐസിസ് അനുഭാവികളെ പിടികൂടിയ ശേഷവും സുരക്ഷാ സേനകൾ അന്വേഷണം തുടരുകയാണ്. ഇതിനിടെ അന്വേഷണ സംഘങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഇതെല്ലാം മുഖവിലയ്ക്ക് എടുത്ത് ഐസിസ് ഭീഷണിയെ പ്രതിരോധിക്കാനാണ് ഇന്ത്യയുടെ നീക്കം.