ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രചാരക രാജാവ് എന്നറിയപ്പെടുന്ന മഹമൂദ് അൽ ഇസാവി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. സിറിയൻ നഗരമായ റഖയിൽ നടന്ന വ്യോമാക്രമണത്തിൽ ഇസാവി കൊല്ലപ്പെട്ടതായി അമേരിക്കൻ അധികൃതരാണ് സ്ഥിരീകരിച്ചത്.

അമേരിക്കൻ സഖ്യസേനയുടെ ആക്രമണത്തിലാണ് ഐസിസിന്റെ പ്രചാരണത്തിന് ലോകത്താകമാനം കരുക്കൾ നീക്കുന്നതിന്റെ മുഖ്യ ആസൂത്രകനായ ഇസാവി കൊല്ലപ്പെട്ടതെന്ന് അമേരിക്ക വ്യക്തമാക്കി. ഇക്കഴിഞ്ഞ ഡിസംബർ 31നാണ് ഇസാവി കൊല്ലപ്പെട്ടതെങ്കിലും കഴിഞ്ഞദിവസമാണ് ഇതിന്റെ സ്ഥിരീകരണം പ്രദേശത്തെ യുഎസ് മിലിട്ടറി കമാൻഡ് പ്രഖ്യാപിച്ചത്.

ഇസാവി കൊല്ലപ്പെട്ടത് ഐസിസിന് വൻ തിരിച്ചടിയായെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. പല കേന്ദ്രങ്ങളിൽ നിന്നും പ്രവർത്തന ഫണ്ട് നേടുന്നതിനും അതിന്റെ വിനിയോഗത്തിലും പ്രചാരണ ആസൂത്രണങ്ങളിലുമെല്ലാം തലച്ചോറായി പ്രവർത്തിച്ചിരുന്നത് ഇസാവിയായിരുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിൽ ഇസഌമിക് സ്റ്റേറ്റിന്റെ 16 മുൻനിര നേതാക്കൾ കൊല്ലപ്പെട്ടതായാണ് കണക്ക്.

അടുത്തിടെയാണ് ഇസാവി റഖയിൽ എത്തിയത്. ഇതിന് മുൻപ് ഫല്ലുജ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മിഡിൽ ഈസ്റ്റ് അറ്റാക്ക് നെറ്റ് വർക്കിന്റെ നേതൃത്വമുള്ള അബദ് അൽ ബാസിത് അൽ ഇറാഖിയുമായി ചേർന്നായിരുന്നു ഇസാവി ഐസിസ് ശൃംഖല വിപുലപ്പെടുത്തുന്നതിന് നേതൃത്വം നൽകിയിരുന്നത്.