ന്യൂഡൽഹി: കേരളം, തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ അടക്കം എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

സാദിഖ് ബാഷ, ആർ ആഷിഖ്, മുഹമ്മദ് ഇർഫാൻ, റഹ്മത്തുള്ള എന്നിവരാണ് കേസിലെ പ്രതികൾ. തമിഴ്‌നാട്, കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

ഐഎസിന്റെ സഹായികളായി ഭീകരപ്രവർത്തനം നടത്തുന്നവർ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക തിരച്ചിൽ എൻഐഎ നടത്തിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ സാദിഖ് ബാഷയുടെ ഭാര്യയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാൾ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മയിലാടുംതുറൈയിൽ വെച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്കും സംഘവും രക്ഷപ്പെട്ടത്. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും വിഘടനവാദി സംഘടനകൾ രൂപീകരിച്ച് ഐഎസിലേക്ക് റിക്രൂട്ടിങ് നടത്താനും ഇയാൾ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കിയിരുന്നു. ഹാർഡ് ഡിസ്‌കും സിമ്മുകളുമാണ് പിടിച്ചെടുത്തത്

വട്ടിയൂർക്കാവിലെ പാവം സന്ദർശകൻ

വട്ടിയൂർകാവിലെ കല്ലുമല വാഴോട്ടു കോണത്ത് ഐഎസ് ബന്ധമുള്ള കൊടും കുറ്റവാളി സാദ്ദീഖ് ബാഷ കഴിഞ്ഞത് ഒരു പാവത്തിന്റെ റോളിൽ . ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ എത്തും. ചെന്നൈയിൽ നിന്നും സമ്മാനപ്പൊതികളുമായി എത്തിയിരുന്ന സാദ്ദീഖ് ബാഷ വന്നു കഴിഞ്ഞാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തങ്ങിയിട്ടെ മടങ്ങൂ. വാഴോട്ടുകോണത്തെ കുട്ടിക്ക് ചെന്നൈയിൽകാറിന്റെ സെക്കന്റ്സ് വിൽപ്പന നടത്തുന്ന സാദ്ദീഖ് വരനായി എത്തിയപ്പോൾ കുടുംബത്തിലാകെ സന്തോഷമായിരുന്നു.

ചെന്നൈ മൈലാടുംപാറയിലെ ബന്ധുവഴിയാണ് വിവാഹാലോചന എത്തിയത്. വിവാഹ പ്രായമായെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം യുവതിയെ കെട്ടിച്ചയക്കാൻ നന്നേ പാടുപെട്ട കുടുംബത്തെ സഹായിച്ചത് മണക്കാട്ടെ ഒരു പള്ളി കമ്മിറ്റിയാണ്. കുട്ടിയുടെ അച്ഛന് ജോലി ഒരു മീൻ വിൽപ്പന ക്കാരന്റെ സഹായി എന്ന നിലയിലായിരുന്നു'. തുച്ഛമായ വരുമാനം അമ്മ ഒരു കല്ല്യാണ മണ്ഡപത്തിൽ ക്ലീനിങ് ജോലികൾക്ക് പോയി വന്നു . മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് വീട്ടുകാർ കൂടുതൽ അന്വേഷിക്കാനൊന്നും പോയില്ല .ചെന്നൈയിലെ ബന്ധുവിനെ വിശ്വസിച്ച് എല്ലാം മുന്നോട്ടു നീക്കി.

സാദ്ദീഖ് ബാഷ വിവാഹം കഴിച്ചതോടെ കുടുംബം വാഴോട്ടു കോണത്തെ ഇരുനില വീടിന്റെ മുകളിലെത്തെ നില വാടകയ്ക്ക് എടുത്ത് അങ്ങോട്ടു മാറി. ആഴ്ചയിൽ ഒരിക്കൽ വന്നു പോയിരുന്ന സാദ്ദീഖ് ബാഷയുടെ സ്വഭാവവും നീക്കവും നാട്ടുകാർക്കിടയിലും മറ്റ് സംശയങ്ങൾക്ക് ഇടവെച്ചിരുന്നില്ല. ഇതിനിടയിൽ ആദ്യ കുഞ്ഞ് പിറന്നു. തുടർന്ന് കോവിഡ് കാലമായതോടെ സാദ്ദീഖ് ബാഷയുടെ വരവ് കുറഞ്ഞു. അവസാനമായി സാദ്ദീഖ് ബാഷ വട്ടിയൂർകാവിൽ എത്തിയത് ഡിസംബർ - ജനുവരി മാസങ്ങളിലാണന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് സുറുമി വീണ്ടും ഗർഭിണിയായി.

വീടിന്റെ വാടക മുടങ്ങിയതോടെ ഹൗസ് ഓണർ വീടൊഴിയാൻ ആവിശ്യപ്പെട്ടു. ഇതിനിടെ സിദ്ദീഖ് ബാഷ തമിഴ്‌നാട് പൊലീസിന്റെ പിടിയിലുമായി. വീടിന് വാടക നൽകാൻ നിവർത്തിയില്ലാത്ത കുടുംബം പെരുവഴിയിലാവുന്ന അവസ്ഥ വന്നപ്പോൾ നാട്ടിലെ സി പി എം പ്രാദേശിക നേതാവാണ് ഇവർക്ക് മറ്റൊരു ചെറിയ വീട് താമസത്തിനായി വിട്ടു നൽകിയത്. ആ വീട്ടിലാണ് കഴിഞ്ഞ മാസം എൻഐഎ എത്തിയതും റെയ്ഡ് നടത്തിയതും. സംസ്ഥാന ഇന്റലിജൻസും വട്ടിയൂർകാവ് പൊലീസും നാട്ടിൽ എത്തി വിവരം ശേഖരിച്ചിരന്നെങ്കിലും എൻഐഎ എത്തിയതിന് ശേഷമാണ് നാട്ടുകാർ മനസിലാക്കുന്നത് സമീപത്ത് താമസിച്ചിരുന്നതുകൊടും കുറ്റവാളിയാണെന്ന്.

തഞ്ചാവൂരിനടുത്തുള്ള മൈലാടും തുറൈ മുഹമ്മദ് ഹനീഫ മകൻ സാദ്ദീഖ് ബാഷയുൾപ്പെടെ അഞ്ചു പേർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് പൊലീസ് സാദ്ദിഖ് ബാഷയേയും കൂട്ടരേയും തേടി ഇറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി21 ന് മൈലാടുംപാറ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ബാഷയേയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ തന്നെ സാദ്ദിഖ് ബാഷ് പൊലീസിന് നേരെ തോക്ക് ചൂണ്ടി.ബാഷുടെ അപ്രതീക്ഷത നീക്കത്തിൽ പൊലീസ് പിന്നോട്ട് എടുത്തെങ്കിലും

ഒടുവിൽ മൽപിടിത്തത്തലൂടെയാണ് അഞ്ചുപേരെയും പൊലീസ് കീഴടക്കിയത്. ഇവരുടെ കാറിൽ നിന്നും സ്‌ഫോടക വസ്തുക്കൾ, പെൻക്യാമറ,തോക്ക്, ലാപ്ടോപ്പ് , തുടങ്ങിയ സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ആയുധ നിയമ പ്രകാരം കേസെടുത്ത ശേഷം പ്രതികളെ പൊലീസ് തൃച്ചി ജയിലിലടച്ചു. ഇവർ ഐ എസുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ തെളിവുകളും തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് പൊലീസ് കേസ് എൻ ഐ എ യ്ക്ക് കൈമാറി.കേസ് പരിശോധിച്ച എൻ ഐ എ തമിഴനാട്ടിലെ ഒൻപത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈയ്ക്ക്ടുത്ത് സാദ്ദിഖ് ബാഷ താമസിച്ചിരുന്ന പഴയ ലോഡ്ജിൽ നിന്നും ചില ലഘു ലേഘകൾ എൻ ഐ എ കണ്ടെടുത്തു.

ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ സൂചനകൾ നല്കുന്ന കൊടികളും ലോഡ്ജിലെ മുറിയിൽ നിന്നും കിട്ടി. പോപ്പുലർ ഫ്രണ്ടുമായി ചേർന്നും സാദ്ദിഖ് ബാഷ പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈ മണ്ണടി കുറുവം പേട്ടയിൽ സാദ്ദിക് ബാഷയ്ക്ക് ഉണ്ടായിരുന്ന കാറിന്റെ സെക്കന്റ് സെയിൽസ് കേന്ദ്രവും എൻ ഐ എ റെയിഡു ചെയ്തിരുന്നു .കേന്ദ്രത്തിൽ നിന്നും ലഭിച്ച തെളിവുകളാവും കേസിൽ നിർണായകമാവുക. ഈ കേന്ദ്രത്തിൽവെച്ച് യുവാക്കൾക്ക് ആയോധനകലയിൽ സാദ്ദിഖ് ബാഷ പരിശീലനം നല്കിയിരുന്നതായും വ്യക്തമായി. ഇവർക്ക് പരിശീലനം നല്കി ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലടക്കം സാദ്ദിഖ് ബാഷയ്‌ക്കെതിരെ 10ലധികം കേസുകൾ ഉണ്ട്.

2017ൽ വടക്കൻ ചെന്നൈയിൽ വെച്ച് ആയുധ നിയമ പ്രകാരവും ചില നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും സാദ്ദിഖ് ബാഷ പിടയിലായിട്ടുണ്ട്. സാദ്ദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള കല്ലുമല. കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.. സാദ്ദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണ്. കളിയിക്കാവിളയിൽ സ്‌പെഷൽ എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദ്ദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ; ഇൻലക്ച്വൽ സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദ്ദിഖ് ബാച്ചയുടെ ഇടപെടലുകൾ.

ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.