കണ്ണൂർ: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിൽ ചേർന്നു പ്രവർത്തിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവരുടെ ജീവിതം ദുരിതപൂർണമെന്ന് വിവരം. മഹാരാഷ്ട്രയിൽനിന്നും രണ്ടു വർഷം മുമ്പ് സിറിയയിലെത്തി ഐസിസിൽ ചേർന്ന നാല് എഞ്ചിനീയർമാരിൽ ഒരാൾ അവിടെ വെടിയേറ്റു മരിച്ചു. വെടിയേറ്റു പരിക്കേറ്റ മറ്റൊരു യുവ എഞ്ചിനീയർ ഭാഗ്യം കൊണ്ടു മാത്രം തുർക്കി അതിർത്തി കടന്ന് തിരിച്ചെത്തുകയായിരുന്നു.

എന്നാൽ ഇസ്ലാമിക്ക് സ്റ്റേറ്റിനു വേണ്ടി യുദ്ധത്തിൽ പങ്കാളികളായ മറ്റു രണ്ടു പേരെക്കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ല. വീട്ടുകാർക്കും അന്വേഷണ ഏജൻസികൾക്കും ഇവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നു പോലും അറിയില്ല. വിശുദ്ധയുദ്ധത്തിന്റെ പേരിൽ തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നവർ ലക്ഷ്യസ്ഥാനത്തേക്ക് എത്തും മുമ്പ് തന്നെ അപകടത്തിൽപ്പെടാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കയാണ്.

യഥാർത്ഥത്തിൽ ഐസിസ് ഭീകരർ തിമുഖ യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. അൽഖൈദയും ഇസ്ലാമിക് സ്റ്റേറ്റും അവിടെ പരസ്പരം ഏറ്റുമുട്ടുകയാണ്. സിറിയൻ ഗവൺമെന്റിന്റെ സേനയുമായും യുദ്ധത്തിലാണ് ഐസിസ്. അതിനു പുറമേയാണ് ലോകരാജ്യങ്ങളൊട്ടാകെ ഐസിസിനെതിരായി തിരിഞ്ഞിരിക്കുന്നത്. ചുരുക്കത്തിൽ, മൂന്നു തരത്തിൽ അപകട ഭീഷണി ഉയർന്നിരിക്കെയാണ് ഇന്ത്യക്കാരടക്കമുള്ള യുവാക്കൾ 'ദൈവരാജ്യം 'എന്ന മോഹനവലയിൽപ്പെട്ട് അപകടത്തിൽ ചാടുന്നത്.

ബാഗ്ദാദ് ഖിലാഫത്ത് പ്രഖ്യാപനത്തിന്റെ ആവേശത്തിൽ അടിമപ്പെട്ടാണ് യുവാക്കൾ രാജ്യം വിട്ട് വിശുദ്ധയുദ്ധത്തിൽ അണിചേരാൻ പോകുന്നത്. അവിടെ എത്തുന്ന മുറയ്ക്ക് ജിഹാദ് ഉയർത്തുന്ന സന്ദേശം ഓരോ പൗരനിലും അടിച്ചേൽപ്പിക്കും. ഐസിസ് പടയിലേക്ക് പ്രവേശനം ലഭിച്ചാൽ ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും അവസരമുണ്ട്. കർഷകരും ഡോക്ടർമാരും എഞ്ചിനീയർമാരും വിദേശരാജ്യങ്ങളിൽനിന്നും അവിടെ എത്തിച്ചേർന്നിട്ടുണ്ട്. പുതിയ രാജ്യത്തിലേക്ക് ഐസിസ് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

സിറിയയിൽനിന്നും ഇറാഖിൽനിന്നും പിടിച്ചെടുത്ത പെട്രോളിയം ഉത്പ്പന്നങ്ങളുടെ സാമ്പത്തിക അടിത്തറയിൽനിന്നാണ് പുതിയ രാജ്യം വാഗ്ദാനം ചെയ്യുന്നത്. പുതിയ രാഷ്ട്രം നിർമ്മിക്കാൻ കണക്കില്ലാതെ പണം ഒഴുക്കുകയും ചെയ്യുന്നു. ഐസിസിലോ, അൽഖൈദയിലോ ചേർന്നാൽ തിരിച്ചു പോകുന്നതു മരണത്തിലേക്കു മാത്രമാകാനാണ് സാധ്യത. അല്ലാതെ രക്ഷപ്പെട്ടു പുറത്തേക്കു വന്നവർ വിരളമാണ്. ഡൽഹിയിലെ റിട്ടയേഡ് മിലിട്ടറി ഓഫീസറുടെ മകൾ ജേർണലിസത്തിൽ ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലേക്കുപോയി. അവിടെവച്ച് ഐസിസിൽ താത്പര്യം ജനിച്ചു. സഹപാഠികളായ മുസ്ലിം യുവാക്കളിൽനിന്നാണ് ഐ.എസിനെക്കുറിച്ചറിഞ്ഞത്. അവരുടെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ മതം മാറി ഐസിസുമായി ബന്ധമുണ്ടെന്ന വിവരമാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്. അവർതന്നെ പൊലീസിൽ അറിയിച്ചു.

പൊലീസ് സഹായത്തോടെ അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഇപ്പോൾ ഐസിസിൽ നിന്നും മാറ്റിയെടുക്കാൻ കൗൺസിലിങ് നടത്തിവരികയാണ്. ഇന്റർനെറ്റ് മുഖേനയാണ് ഐസിസ് എന്ന സംഘടനയുമായി യുവാക്കൾ ബന്ധപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭീകരസംഘടനയായ ഐസിസ് നേരത്തെ നൂറു കണക്കിന് വെബ്‌സൈറ്റുകൾ വഴിയാണ് യുവാക്കളെ പുതിയ രാജ്യത്തിലേക്ക് ആകർഷിച്ചിരുന്നത്. ഇതിന്റെ അപകടസാധ്യത മണത്തറിഞ്ഞ് യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ ഈ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കയാണ്.

ഡഹേഷ് എന്ന അറബിയിലുള്ള സൈറ്റ് ഇപ്പോഴും പ്രവർത്തന സജ്ജമാണ്. ഡഹേഷ് എന്നാൽ സിറിയയിൽ ഇസ്ലാമിക്ക് സ്റ്റേറ്റിനെ അറബിയിൽ ഉന്നയിക്കുന്ന പദമാണ്. അറബി ഭാഷയിലൂടെ ഐസിസിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തിലൂടെയാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നത്. കണ്ണൂർ വളപട്ടണം സ്വദേശിയായ ദമ്പതികളെക്കുറിച്ച് ഇപ്പോൾ വിവരം വൃക്തമല്ല. തുർക്കി അതിർത്തി വരെ അവർ എത്തിയെങ്കിലും സിറിയയിലേക്ക് കടന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. ഐസിസിലോ അൽഖൈദയിലോ ഇവർ പ്രവേശനം നേടിയതായും അറിയില്ല. ത്രിതല യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സിറിയയിൽനിന്നും ഇവരുടെ തിരിച്ചുവരവും അസാധ്യമായിരിക്കയാണ്.