ശാസ്ത്ര സാങ്കേതിക വിദ്യകൾ അതിശക്തമായി മുന്നേറുന്ന കാലത്ത് മനുഷ്യത്വം ഇനിയും അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് ഹസ്സൻ സലീമി എന്ന മുസ്ലിം യുവാവ് ഈ പരീക്ഷണത്തിനിറങ്ങിയത്. ഐ ആം ഹോംലെസ് എന്നു ബോർഡെഴുതി ലണ്ടൻ തെരുവിൽ ഇരുന്ന ഹസ്സൻ സലീമിക്ക് പക്ഷേ മികച്ച പ്രതികരണമാണ് വഴിപോക്കരിൽ നിന്നു ലഭിച്ചത് എന്നത്് ഏറെ ആശ്വാസംപകരുന്നു. മിഡ്ഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ബിരുദധാരി കൂടിയായ ഹസ്സൻ സലീമി ഒരു യൂട്യൂബർ കൂടിയാണ്. സ്ഥിരമായി വീഡിയോ ബ്ലോഗുകൾ അപ്ലോഡ് ചെയ്യുന്ന സലീമി തനിക്ക് തെരുവിൽ നിന്ന് ലഭിച്ചത് വളരെ കരുണാമയമായ പ്രതികരണങ്ങളാണെന്നാണ് വെളിപ്പെടുത്തുന്നത്.

ഇസ്ലാമിക വേഷം ധരിച്ചാണ് ഹസ്സൻ തെരുവിൽ ഹോംലെസ് എന്ന ബോർഡുമായി ഇരുന്നത്. ലണ്ടൻ ലീസെസ്റ്റർ സ്‌ക്വയറിൽ ഒരു സോഷ്യൽ എക്‌സ്പിരിമെന്റിന്റെ ഭാഗമായാണ് ഹസൻ ഇതിനു മുതിർന്നതും. ചില വഴിപോക്കർ തന്നെ തീരെ അവഗണിച്ചപ്പോൾ ചിലർ തന്നെ സമീപിച്ച് ആഹാരവും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഹസൻ പറയുന്നു. മറ്റുചിലരാകട്ടെ ഇയാൾക്കു സമീപം വന്നു നിന്ന് എന്താണ് പ്രശ്‌നമെന്ന് ആരായുകയും ചെയ്തുവെന്നാണ് ഹസ്സൻ വെളിപ്പെടുത്തുന്നത്. എന്നാൽ തന്നെ ഞെട്ടിച്ചത് മൂന്നു പെൺകുട്ടികൾ എത്തി 50 പൗണ്ട് നീട്ടിയതാണെന്ന് ഹസ്സൻ ചൂണ്ടിക്കാട്ടി.

ഇതോടെ ഇരുപത്തിമൂന്നുകാരനായ ബ്ലോഗർക്ക് തന്റെ ലക്ഷ്യം വെളിപ്പെടുത്തേണ്ടി വന്നു. താൻ ഒരു സോഷ്യൽ എക്‌സ്പിരിമെന്റ് നടത്താനാണ് തെരുവിൽ വേഷം കെട്ടിയതെന്നും അതുകൊണ്ട് പണം നിഷേധിക്കുന്നുവെന്നും ഹസ്സൻ വ്യക്തമാക്കി. ലണ്ടനിൽ പലയിടത്തും മുസ്ലിമുകൾക്കെതിരേ വിരുദ്ധ വികാരം ഉടലെടുക്കുന്നുവെന്ന ആരോപണങ്ങൾ പരിശോധിക്കുന്നതിനാണ് ഹസ്സൻ പ്രധാനമായും ഈ പരീക്ഷണം നടത്തിയത്. ലണ്ടനിൽ ജനിച്ചു വളർന്ന തനിക്ക് മുസ്ലിമായതിന്റെ പേരിൽ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതു തെളിയിക്കുന്നതിനാണ് ഇസ്ലാമിക വേഷം തന്നെ ധരിച്ച് വീടില്ല എന്ന ബോർഡും തൂക്കി തെരുവിൽ ഇരുന്നതെന്നുമാണ് ഹസ്സൻ പറയുന്നത്.

മതത്തിന്റെ പേരിൽ ഇവിടെ ആരും മനുഷ്യത്വം കൈവിടുന്നില്ലെന്നും തെരുവിൽ സഹായം അഭ്യർത്ഥിച്ചിരുന്ന സമയത്ത് തനിക്ക് ഇതു ബോധ്യപ്പെട്ടുവെന്നും ഹസ്സൻ വെളിപ്പെടുത്തി. മൂന്നു പെൺകുട്ടികൾ തന്നെ സമീപിക്കുകയും അതിലൊരാൾ 50 പൗണ്ട് നോട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തപ്പോൾ തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ലെന്നും ഈ യൂട്യൂബ് ബ്ലോഗർ വ്യക്തമാക്കി. കേവലം ഒരു മണിക്കൂറാണ് ഹസ്സൻ തെരുവിൽ സഹായം യാചിച്ചത്. ഇതിനിടെ ഇരുപതോളം പേർ തനിക്ക് സഹായവാഗ്ദാനങ്ങളുമായി എത്തിയതും ഹസ്സൻ വിസ്മരിക്കുന്നില്ല. ഹസ്സൻ തന്റെ പരീക്ഷണം യൂട്യൂബ് ചാനലായ tsHar Vlosgൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.