ജിദ്ദ: ഭൂമിയിൽനിന്ന് അവസാന ഭീകരനെയും തുടച്ചുനീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സൗദിയുടെ കിരീടാവകാശി പ്രഖ്യാപിക്കുമ്പോൾ, അത് ലോകത്തിന് സമാധാനത്തിന്റെ വലിയൊരാശ്വാസം പകർന്നുനൽകുന്നു. ഇസ്ലാമിന്റെ പേരിൽ ലോകത്തെ കാർന്നുതിന്നുന്ന കാൻസറായി മതഭീകരത മാറിയതിന് കാരണം, മുസ്ലിം രാജ്യങ്ങളുടെ അനൈക്യമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറയുന്നു. റിയാദിൽ 40-ഓളം മുസ്ലിം രാജ്യങ്ങളുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഭീകരതയെ ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകത രാജകുനാരൻ എടുത്തുപറഞ്ഞത്.

നമ്മുടെയൊക്കെ രാജ്യങ്ങളിൽ ഭീകരർ പ്രവർത്തിച്ചിരുന്നു. ഇന്ന്, ഈ സഖ്യത്തോടെ അതവസാനിക്കുകയാണ്-സൗദിയുടെ പ്രതിരോധ മന്ത്രികൂടിയായ മുഹമ്മദ് സൽമാൻ രാജകുമാരൻ പറഞ്ഞു. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായി രൂപംകൊണ്ട ഇസ്ലാമിക് മിലിട്ടറി കൗണ്ടർ ടെററിസം കോയലേഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാജകുമാരൻ. ഭീകരതയ്‌ക്കെതിരെ പാൻ-ഇസ്ലാമിക് പ്രസ്ഥാനത്തിന് രൂപംകൊടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

2015-ൽ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പ്രസ്ഥാനം ഇപ്പോഴാണ് കാര്യമായി പ്രവർത്തിച്ചുതുടങ്ങുന്നത്. സൗദിയുടെ ഭരണത്തിൽ തനിക്ക് കൈവന്ന പ്രാധാന്യമാണ് ഇത്തരമൊരു യോഗം വിളിക്കാൻ അദ്ദേഹത്തെ സജ്ജനാക്കിയതും. സൗദിയടക്കം 41 രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധ മന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് റിയാദിൽ നടന്നത്.

ഭീകരതയ്‌ക്കെതിരായ സഖ്യമാണെങ്കിലും, ഇതിൽ ഭൂരിപക്ഷവും സുന്നി ഭൂരിപക്ഷ രാജ്യങ്ങളാണെന്ന പോരായ്മ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. സൗദിയുടെ എതിരാളികളും ഷിയ ഭൂരിപക്ഷ രാജ്യവുമായ ഇറാൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സിറിയയിലെയും യെമനിലെയും ഇടപെടലുകളെച്ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ചിക്കുന്നതിനിടെയാണ് ഞായറാഴ്ച ഇത്തരമൊരു യോഗം സൗദി വിളിച്ചുചേർത്തത്. ലെബനനിലെ ഷിയ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതി വിമതർക്കും ആയുധവും സഹായവും നൽകുന്നത് ഇറാനാണെന്നാണ് സൗദിയുടെ ആരോപണം.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈൻ, അഫ്ഗാനിസ്താൻ, ഉഗാണ്ട, സോമാലിയ, മൗറിത്താന, ലെബനൻ, ലിബിയ, യെമൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിന്ധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാന്റെ മുൻ സൈനിക മേധാവി റഹീൽ ഷരീഫിനെ സഖ്യത്തിന്റെ കമാൻഡർ-ഇൻ-ചീഫായും നിശ്ചയിച്ചു.

ഭീകരതയ്‌ക്കെതിരെ രാജ്യങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പരസ്പരം സഹകരിക്കുകയുമാണ് സഖ്യത്തിന്റെ ലക്ഷ്യം.