തിരുവനന്തപുരം/കോഴിക്കോട്: തെക്കൻ കേരളത്തിലെ പ്രബല മുസ്ലിം പണ്ഡിതസംഘടനയായ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ കലഹം മുറുകുന്നു. സംഘടനയുടെ അടിസ്ഥാന ആദർശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരുവിഭാഗം പണ്ഡിതന്മാർ രംഗത്തുവന്നിരിക്കുന്നത്.

അടുത്ത കാലങ്ങളിലായി ജമാഅത്തേ ഇസ്ലാമിയുമായി തൊടിയൂർ മുഹമ്മദ് മൗലവിക്കുള്ള ബന്ധത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെയും പേരിലാണ് ഇദ്ദേഹത്തിനെതിരെ സ്വന്തം സംഘടന നടപടിക്കൊരുങ്ങുന്നത്. റംസാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വലിയഖാസിയുടെ നിർദ്ദേശ പ്രകാരം ദക്ഷിണകേരളയുടെ പണ്ഡിതന്മാർ ഒന്നടങ്കം മണക്കാട് സെൻട്രൽ ജുമാ മസ്ജിദിൽ യോഗം ചേർന്നപ്പോൾ, പാളയം പള്ളിയിൽ ഏതാനും ജമാഅത്തേ ഇസ്ലാമി നേതാക്കളുമായി ചേർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വിമതയോഗം നടത്തിയതാണ് ദക്ഷിണ കേരളയുടെ പണ്ഡിതന്മാരെ പ്രകോപിപ്പിച്ചതും തൊടിയൂരിനെതിരേ നടപടിക്ക് സന്നാഹമൊരുക്കാൻ സാഹചര്യമുണ്ടായിരിക്കുന്നതും.

മലബാറിലും വടക്കൻ കേരളത്തിലും നിലനിന്നിരുന്ന ഖാസി സംവിധാനം തിരുവനന്തപുരത്തും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരികയുണ്ടായി. നിരവധി പള്ളികളും മഹല്ലുകളും ഒരു ഖാസിയുടെ കീഴിൽ കൊണ്ടുവരുന്ന സംവിധാനത്തിനായിരുന്നു ഇതോടെ തെക്കൻ കേരളത്തിലും തുടക്കം കുറിച്ചത്. ഈ മാസം 13ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വച്ചായിരുന്നു ഖാസി സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ഇതിന് വിവിധ മതനേതാക്കളുടെയും രാഷ്ട്രീയ ഭരണകക്ഷികളുടെയും മലബാറിലെ പ്രമുഖരായ ഖാസിമാരുടെയും പിന്തുണയും ആശീർവാദങ്ങളും ലഭിച്ചിരുന്നു.

ഭൂരിപക്ഷാഭിപ്രായവും ഖാസിയാകുന്നതിനുള്ള യോഗ്യതകളും പരിഗണിച്ച് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റാ മൗലവിയെ തിരുവനന്തപുരം വലിയ ഖാസിയായി സ്ഥാനാരോഹണം നടത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് മഹല്ലുകൾ തിരുവനന്തപുരം വലിയഖാസിയെ അംഗീകരിച്ച് ഇതോടൊപ്പം ബൈഅത്ത് ചെയ്തു.

മാസപ്പിറവി പോലുള്ള ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ നിർണായക തീരുമാനമെടുക്കേണ്ട ചുമതല വലിയ ഖാസിക്കാണുള്ളത്. എന്നാൽ റംസാൻ മാസപ്പിറവി ദൃശ്യമായ ജൂൺ 17ന് മണക്കാട് ജുമാ മസ്ജിദിൽ തിരുവനന്തപുരം വലിയ ഖാസിയുടെ അദ്ധ്യക്ഷതയിൽ നൂറിലധികം മഹല്ല് പ്രതിനിധികൾ പങ്കെടുത്ത യോഗം നടന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാതെ ദക്ഷിണ കേരള പണ്ഡിതസഭയുടെ മൂന്നു സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ തൊടിയൂർ മൗലവി പാളയം പള്ളിയിൽ ജമാഅത്തേ ഇസ്ലാമി ശൂറാ കൗൺസിൽ അംഗം എച്ച്. ഷഹീർ മൗലവി, ജമാഅത്ത് നേതാക്കളായ തമ്പാനൂർ ഇമാം, പരുത്തിക്കുഴി ഇമാം തുടങ്ങി ആറോളം ജമാഅത്തേ ഇസ്‌ലാമി മൗലവിമാരോടൊപ്പം സമാന്തര യോഗം ചേരുകയായിരുന്നു. ഇത് കടുത്ത സംഘടനാ വിരുദ്ധ പ്രവർത്തനമായതോടെയാണ് തൊടിയൂർ മൗലവിക്കെതിരേ കനത്ത നടപടി ആവശ്യപ്പെട്ട് ഭൂരിഭാഗം പണ്ഡിതരും രംഗത്തു വന്നിരിക്കുന്നത്. തൊടിയൂരിനൊപ്പം സമാനമായ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മറ്റൊരു നേതാവായ കടക്കൽ അബ്ദുൽ അസീസ് മൗലവിക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇദ്ദേഹം.

ദക്ഷിണകേരളാ പണ്ഡതസഭയുടെ രൂപീകൃതനയമനുസരിച്ച് വർഗീയ ചിന്താഗതി പുലർത്തുകയോ ബിദ്അത്ത്(നവീന) ആശയം പുലർത്തുകയോ ചെയ്യുന്നവരുമായി കൂട്ടുകൂടാനോ മറ്റു സമ്പർക്കങ്ങൾ ഉണ്ടാക്കാനോ പാടില്ലെന്നാണ്. എന്നാൽ ഇതു ലംഘിക്കുകയും സ്വന്തം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി തിരുവനന്തപുരം വലിയ ഖാസിയുടെ നേതൃത്വത്തിൽ ഒരിടത്തു യോഗം ചേരുമ്പോൾ സെക്രട്ടറി മറ്റൊരിടത്ത് ജമാഅത്തേ ഇസ്ലാമി നേതാക്കളോടൊപ്പം യോഗം ചേരുകയും ഒരുമിച്ചുള്ള പ്രസ്താവന ഇറക്കുകയും ചെയ്തതാണ് കടുത്ത അച്ചടക്ക ലംഘനമായി മറ്റു പണ്ഡിതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഖാസി സംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോയാൽ ജമാഅത്തെ ഇസ്ലാമിയുടെ നിലനിൽപ്പും സ്വാധീനവും ഇല്ലാതാകുമെന്ന ഭീതിയാണ് ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമയിൽ നിന്നും പണ്ഡിതരെ അടർത്തിമാറ്റി സംഘടനയിൽ പിളർപ്പുണ്ടാക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമം നടത്തുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പാളയം ജുമാ മസ്ജിദ് ഹനഫി മദ്ബഹബ് പ്രകാരമുള്ള പൊതു പള്ളിയാണെന്നിരിക്കെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ പാളയം പള്ളിയുടെ മറവിൽ സംഘടനാ പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തനങ്ങളും നടത്തി ജമാഅത്തേ ഇസ്ലാമി കേന്ദ്രമാക്കാനുള്ള നീക്കം നടത്തിവരുന്നതായി വിമർശനം നിലനിൽക്കുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ പാളയം പള്ളിയിൽ ചേർന്ന യോഗത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ സെക്രട്ടറി തൊടിയൂർ മൗലവി പിന്തുണ നൽകിയിരിക്കുന്നത്.

കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ നവീന ആശയങ്ങളിൽ നിന്നും വർഗീയ തീവ്രവാദ ചിന്താഗതികളിൽ നിന്നും സംരക്ഷിച്ച് പ്രവാചക ചര്യയിലും പാരമ്പര്യത്തിലും ഊന്നിയുള്ള മാർഗത്തിലൂടെ നയിക്കുന്നതിനായി രൂപം നൽകിയ പണ്ഡിതസഭയായിരുന്നു 1925 ൽ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ, കെ മുഹമ്മദ് അബ്ദുൽബാരി മുസ്ലിയാർ, പി.കെ മുഹമ്മദ് മീരാൻ മുസ്ലിയാർ തുടങ്ങിയ പ്രഗൽഭരായ പണ്ഡിതരും സൂഫിവര്യന്മാരുമായിരുന്നു സമസ്തക്ക് രൂപം നൽകിയത്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോഴും സമസ്തയുടെ പ്രവർത്തനങ്ങൾ മലയാളക്കരയിൽ വ്യാപിപ്പിക്കുന്നതിന് ദൂരവും യാത്രയുമെല്ലാം തടസ്സമായി വന്നു. ഈ സാഹചര്യത്തിലാണ് തെക്കൻ കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ ഇസ്ലാമിക ആദർശം പ്രചരിപ്പിക്കുന്നതിന് സുന്നി ആശയ സംഹിതകളിൽ ഊന്നി 1955 ജൂൺ 26 ന് തിരുകൊച്ചി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ പണ്ഡിതസഭ രൂപീകൃതമായത്. റഈസുൽ ഉലമ എം ശിഹാബുദ്ദീൻ മൗലവി, പി.കെ യൂനുസ് മുസ്‌ലിയാർ കായംകുളം, ഉമർകുട്ടി മൗലവി തുടങ്ങിയ പ്രമുഖരായിരുന്നു ഈ സംഘടനയുടെ സ്ഥാപക നേതാക്കൾ. കേരളപിറവിക്ക് ശേഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്നത്തെ സമസ്തയുടെ നേതാക്കളായ ഖുതുബി മുഹമ്മദ് മുസ്ലിയാർ, പറവണ്ണ മുഹ്‌യുദ്ധീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ പണ്ഡിതന്മാരുടെ ആശീർവാദവും പിന്തുണയുമുണ്ടായിരുന്നു ദക്ഷിണയുടെ രൂപീകരണത്തിനു പിന്നിൽ.

ഇന്ന് തെക്കൻ കേരളത്തിലെ മുസ്‌ലിങ്ങൾക്കിടയിൽ വേരൂന്നിയ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസംഘടനക്ക് അറുപതുവയസ് പിന്നിടുമ്പോൾ ഉന്നതരായ രണ്ടു നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇവർക്കെതിരെയുള്ള നടപടി വൈകുന്നതിൽ ഒരു വിഭാഗം പണ്ഡിതർക്ക് കടുത്ത അമർഷമുണ്ട്. എന്നാൽ നടപടി ഭയന്ന് യോഗം വിളിക്കാതെ നീട്ടിക്കൊണ്ടു പോകുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അടുത്തു ചേരുന്ന സംസ്ഥാന വർക്കിങ് കമ്മിറ്റിയിൽ രണ്ടുപേർക്കെതിരേയും സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടി ഉണ്ടാകുമെന്നാണ് സൂചന. ആശയപരമായ അന്തരത്തിന്റെ പേരിലും അല്ലാതെയും മുസ്‌ലിം സംഘടനകളുടെയും ഗ്രൂപ്പുകളുടെയും ബാഹുല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അറുപത് വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുന്നത്. ഇത് വരുംദിവസങ്ങളിൽ മുസ്‌ലിം സംഘടനകൾക്കുള്ളിൽ ഏറെ ചർച്ച ചെയ്യപ്പെടും.