കണ്ണൂർ: കോഴിക്കോട്ടേയും എറണാകുളത്തേയും പീസ് ഇന്റർനേഷണൽ സ്‌ക്കൂൾ തീവ്രവാദത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിച്ചതായി രഹസ്യന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. സി.ബി.എസ്.സി സിലബസ് അംഗീകരിച്ചിട്ടുള്ള ഈ വിദ്യാലയങ്ങളിൽ മത സിലബസ് കൂടി ഏർപ്പെടുത്തിയാണ് തീവ്രവാദ ആശയങ്ങൾ കുത്തി വെക്കുന്നത്.

ഒരു മുസ്ലിം, ശാസ്ത്ര വിഷയങ്ങൾ മാത്രം പഠിച്ചാൽ പോര. ഒപ്പം മത കാര്യങ്ങളും സ്വായത്തമാക്കേണ്ടതുണ്ട് എന്ന് പ്രചരിപ്പിച്ചാണ് ഇവർ തീവ്രവാദ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത്. മികച്ച വിദ്യാലയമെന്ന സൽപ്പേര് നിലനിർത്തി സമ്പന്നരായ രക്ഷിതാക്കളുടെ മക്കളെ ആകർഷിക്കാനും ഇതിന്റെ സഘാടകർ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഇഷ്ടം പോലെ പണവും അതിന്റെ മറവിൽ മത തീവ്രവാദവും വളർത്തിയെന്നാണ് സൂചന. ഐസീസിൽ ചേർന്ന ഡോ. ഇജാസും എഞ്ചിനീയറായ റാഷിദും പീസ് സ്‌ക്കൂളിന്റെ സൃഷ്ടിയാണ്.

ഇസ്ലാമിക് സ്റ്റേറ്റ്‌സിൽ ചേരാൻ പോയ മലയാളികൾ ഒരുമിച്ചാണ് പോയതെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ വ്യത്യസ്ത ദിവസങ്ങളിലാണ് അവർ ഇന്ത്യ വിട്ടത്. എല്ലാവരും വിസയെടുത്തത് ഇറാനിലെ ടഹ്‌റാനിലേക്കാണ്. ഒരു സംഘം മുംബൈയിൽ നിന്നും രണ്ടാമത്തെ സംഘം ഹൈദരാബാദിൽ നിന്നും മൂന്നാം സംഘം ബംഗളൂരുവിൽ നിന്നുമാണ് വിമാന മാർഗ്ഗം യാത്ര തിരിച്ചത്. എല്ലാവരും ഒരുമിച്ച് രാജ്യം വിടുകയാണെങ്കിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ കണ്ണിൽ സംശയമുയരും.

അതിനെ മറികടക്കാനാണ് വിവിധ ദിവസങ്ങളിൽ മൂന്ന് എയർപോർട്ടുകളിൽ നിന്നായി അവർ ഇന്ത്യ വിട്ടത്. കഴിഞ്ഞ മെയ് 24 ന് ആദ്യ സംഘം ബംഗളൂരുവിൽ നിന്ന് കുവൈത്ത് വഴിയാണ് ഇറാനിലേക്ക് കടന്നത്. രണ്ടാമത്തെ സംഘം 31 ന് മുംബൈ മസ്‌ക്കറ്റ് വഴിയും മൂന്നാം സംഘം ഹൈദരാബാദിൽ നിന്ന് ദുബായി വഴിയുമാണ് യാത്ര തിരിച്ചത്. ഇറാനിൽ ബന്ധുക്കളെ കാണാനെന്നാണ് വിവിധ സ്ഥലങ്ങളിലെ എമിഗ്രേഷൻ അധികൃതരെ ഇവർ അറിയിച്ച വിവരം. കുട്ടികളടങ്ങിയ സംഘമായിരുന്നതിനാൽ എമിഗ്രേഷൻ അധികൃതരിൽ സംശയവുമുണ്ടായില്ല.

ഡോ. ഇജാസിന്റെ സംഘമാണ് ആദ്യം ടഹ്‌റാനിലെത്തിയത്. അദ്ദേഹം അവിടെ കാലു കുത്തിയ ഉടൻ തന്നെ പീസ് സ്‌ക്കൂളിലെ സഹപ്രവർത്തകനെ വിവരമറിയിക്കുകയും ചെയ്തു. വരുന്നെങ്കിൽ ഇപ്പോൾ വരണം. അതായിരുന്നു സന്ദേശം. ഇറാനിലെത്തിയാൽ ഐഎസിന്റെ പ്രത്യേക ഗൈഡുണ്ട്. ആ രാജ്യക്കാരുടെ കണ്ണുവെട്ടിച്ച് ടഹ്‌റാനിൽ നിന്നും അഫ്ഗാൻ അതിർത്തി കടക്കും. അവിടുന്ന് നങ്കർഹാറിലെത്താൻ 30 മണിക്കൂറിലേറെ വേണം. ഐസീസ് ഗൈഡ് ഒരുക്കി വെക്കുന്ന ട്ര്ക്കുകളിലാണ് യാത്ര. നങ്കർഹാറിലെ തുറബോറയിലാണ് ഐസീസിന്റെ ആസ്ഥാനം.

ഗോത്ര വർഗ്ഗ മേഖലയായ തുറബോറയിൽ അഫ്ഗാൻ സേനയോടാണ് ഐസീസിലെത്തിയവർ പോരാടേണ്ടത്. അതിനായി ഒരു മാസത്തെ കഠിന പരിശീലനവുമുണ്ട്. യുദ്ധത്തിൽ പരിക്കേൽക്കുന്നവരെ പരിചരിക്കാനും ഡോക്ടർമാരും വിവര സമ്പാദനത്തിനായി സാങ്കേതിക വിദഗ്ധരേയും ഐസീസിന് അടിയന്തിരമായും വേണം. അതിനാണ് ഇപ്പോൾ കേരളത്തിൽ നിന്നും കാണാതായവർ എത്തിച്ചേർന്നതെന്നാണ് നിഗമനം. അഫ്ഗാൻ സേനയുടെ ശക്തമായ പോരാട്ടവും അവിടെ നടന്നു വരികയാണ്. ഈ ഏറ്റുമുട്ടലിനിടയിൽ ജീവഹാനി നേരിടാതെ രക്ഷപ്പെടാനാകുന്നവർ വിരളം.